പന്തളം: ബി.ജെ.പി ഭരിച്ചിരുന്ന പന്തളം നഗരസഭയിൽ ഭരണസമിതി തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. കേവല ഭൂരിപക്ഷത്തിൽ ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ ബി.ജെ.പി വിമതന്റെ പിന്തുണയോടെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ചക്കെടുക്കുന്നതിന് തലേന്നാൾ നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷും ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യയും രാജിവെച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച ഭരണസമിതി തെരഞ്ഞെടുപ്പ് നടക്കുന്നത്.
രാവിലെ 11ന് അധ്യക്ഷ തെരഞ്ഞെടുപ്പും ഉച്ചക്ക് രണ്ടിന് ഉപാധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും. ജില്ല പട്ടികജാതി വികസന ഓഫിസർ വരണാധികാരിയാകും.
ബി.ജെ.പി ചെയർമാൻ സ്ഥാനാർഥിയായി അച്ചൻകുഞ്ഞ് ജോണിനെയാണ് പരിഗണിക്കുന്നത്. ബി.ജെ.പിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ.വി. പ്രഭയെയാണ് വിശാലമുന്നണി ചെയർമാൻ സ്ഥാനത്തേക്കാണ് പരിഗണിക്കുന്നത്.
എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി വിമതർ എന്നിവരുടെയും പിന്തുണ ഉറപ്പിക്കുന്നുണ്ട്. ബി.ജെ.പിയെ അധികാരത്തിൽ എത്തിക്കാതിരിക്കാൻ എൽ.ഡി.എഫ്, യു.ഡി.എഫ്, സ്വതന്ത്ര, ബി.ജെ.പി വിമതർ തുടങ്ങിയവർ ഒരേ പാനിലിലാണ് അണിനിരക്കുന്നത്. അവിശ്വാസപ്രമേയം നൽകിയ ദിവസം മുതൽ വിമതരെ ഒപ്പം നിർത്താൻ ബി.ജെ.പി ജില്ല നേതൃത്വം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
വിമതസ്വരം ഉയർത്തിയ ബി.ജെ.പി മുൻ പാർലമെന്ററി പാർട്ടി ലീഡറും ബി.ജെ.പിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ.വി. പ്രഭ, കൗൺസിലർമാരായ കിഷോർ, കോമളവല്ലി എന്നിവർ ഇപ്പോഴും ഇടഞ്ഞു നിൽക്കുകയാണ്. ബി.ജെ.പിയുടെ 18 കൗൺസിലർമാരിൽ 14 പേരും വനിതകളാണ്. 33 അംഗ നഗരസഭയിലെ കക്ഷിനില: ബി.ജെ.പി- 18 , എൽ.ഡി.എഫ്- ഒമ്പത്, യു.ഡി.എഫ്- അഞ്ച്, സ്വതന്ത്രൻ- ഒന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.