പന്തളം: പന്തളം നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതിൽ പ്രതിഷേധം. ശുചീകരണത്തൊഴിലാളികൾ നഗരസഭ കവാടത്തിൽ കുത്തിയിരുന്നു. 16 വർഷമായി ശുചീകരണ ജോലിയിൽ ഏർപ്പെട്ടിരുന്ന സംഘത്തിലെ രണ്ടുപേരെയാണ് കഴിഞ്ഞ ദിവസം ജോലിയിൽനിന്ന് ഒഴിവാക്കിയത്.
കുടുംബശ്രീ മുഖേന 16 വർഷംമുമ്പ് ജോലിയിൽ പ്രവേശിച്ച ഷൈലജ അമാനുല്ല, രുക്മണി എന്നിവരെയാണ് ഒഴിവാക്കിയത്. ഇനി ജോലിക്ക് വരേണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ ഫോണിലൂടെ വിവരം അറിയിക്കുകയായിരുന്നു. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി അഞ്ചുപേരെ പുതുതായി നിയമിച്ചതാണ് ഇവരെ ഒഴിവാക്കാൻ കാരണം. മറ്റുള്ളവരെ ഘട്ടമായി ഒഴിവാക്കുമെന്നും ശുചീകരണത്തൊഴിലാളികൾ പറയുന്നു. ആദ്യഘട്ടത്തിൽ കരാറടിസ്ഥാനത്തിൽ ആയിരുന്നു ഇവരെ നിയമിച്ചിരുന്നത്. സർക്കാർ ആനുകൂല്യങ്ങളും മറ്റും ലഭിക്കുകയും ചെയ്തു. മുന്നറിയിപ്പ് കൂടാതെ ഇവരെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് കവാടത്തിനുമുന്നിൽ തിങ്കളാഴ്ച രാവിലെ കുത്തിയിരുന്നത്. സി.പി.ഐ അനുകൂല സംഘടനയിൽപെട്ടവരാണ് ശുചീകരണ തൊഴിലാളികൾ. ഉച്ചയോടെ നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള സൂപ്രണ്ട് ആർ. രേഖയുമായി സമരാനുകൂലികൾ ചർച്ച നടത്തി. നഗരസഭ കൗൺസിലിൽ സംഭവം ഉന്നയിച്ച് മറുപടി നൽകാമെന്ന സൂപ്രണ്ടിന്റെ ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
തൊഴിലാളികളെ തിരിച്ചെടുക്കാത്തപക്ഷം ചൊവ്വാഴ്ച മുതൽ നഗരസഭയിൽ സമരം ആരംഭിക്കുമെന്ന് സി.പി.ഐ പടിഞ്ഞാറെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. അജയകുമാർ, സി.പി.ഐ അടൂർ മണ്ഡലം കമ്മിറ്റി അംഗം കെ.സി. സരസൻ, കുരമ്പാല ബ്രാഞ്ച് കമ്മിറ്റി അംഗം ആർ. ശ്രീരാജ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.