പന്തളം: എല്ലാ മാസവും മഴ ലഭിക്കുന്ന ജില്ലയായ പത്തനംതിട്ടയിൽ ജൂണിൽ ഇതുവരെ 44ശതമാനം മഴക്കുറവ്. സാധാരണ നിലയിൽ 447.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഈമാസം ഞായറാഴ്ച രാവിലെ വരെ ലഭിച്ചത് 251.6 മില്ലിമീറ്റർ മാത്രം. ഇതിൽ 60.4 മില്ലിമീറ്റർ മഴയും ശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിലാണ് ലഭിച്ചത്. ജൂൺ മാസത്തിൽ സംസ്ഥാനത്താകെ 57ശതമാനം മഴക്കുറവാണ് ഉണ്ടായത്. വരുംദിവസങ്ങളിൽ ജില്ലയിൽ മഴ കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥ ഗവേഷകർ പറയുന്നു. ജൂലൈ ആദ്യത്തോടെ കാലവർഷം ശക്തിപ്രാപിക്കും. ആഗസ്റ്റിലും ശക്തമായ മഴയുണ്ടാകും. കഴിഞ്ഞവർഷം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മുൻ വർഷത്തെ അപേക്ഷിച്ച് 13ശതമാനം മഴ കുറവായിരുന്നു.
മുമ്പ് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന മാസമാണ് ജൂൺ. ഇപ്പോൾ ജൂലൈയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. അതു കഴിഞ്ഞാൽ ആഗസ്റ്റിൽ. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും മഴ കൂടുന്നു. ഏപ്രിൽ-മേയ് മാസങ്ങളിലും മഴ കൂടുതലായി ലഭിക്കുന്നുണ്ട്. ജനുവരിയാണ് മഴ ഏറ്റവും കുറഞ്ഞ മാസം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് കാർഷിക കലണ്ടറും മാറ്റണമെന്ന് കർഷകർ പറയുന്നു. ജൂണിൽ മഴ കുറഞ്ഞതോടെ പലയിടത്തും കൃഷി വൈകുകയാണ്.
മേയ് മാസത്തിലേക്ക് കൊയ്ത്ത് നീട്ടിയാൽ മഴ കാരണം കൃഷിനാശത്തിനുള്ള സാധ്യതയുമുണ്ട്. വർഷത്തിൽ രണ്ടുതവണ നെൽകൃഷി ഇറക്കണമെങ്കിൽ ദൈർഘ്യമേറിയ നെല്ലിനം ഉപയോഗിക്കുന്നതു കുറക്കണം. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ മൂപ്പെത്തുന്ന നെല്ലിനങ്ങൾ വേണം കൃഷിചെയ്യാൻ. കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട് കൃഷിരീതി മെച്ചപ്പെടുത്തുന്നതിനുള്ള പഠനങ്ങൾ നടക്കുന്നുണ്ടെന്നാണ് കൃഷിവകുപ്പിന്‍റെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.