പന്തളം: പ്ലാസ്റ്റിക് നിരോധനം വീണ്ടും ശക്തമാക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെ തദ്ദേശ സ്ഥാപനങ്ങൾ നടപടി തുടങ്ങി. ചിലയിടങ്ങളിൽ ഇതിനായി നിലവിലുള്ള സ്ക്വാഡിനെ വീണ്ടും സജീവമാക്കി. അതേസമയം, സ്ക്വാഡ് രൂപവത്കരിക്കാത്ത തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. സർക്കാറിൽനിന്നു നിർദേശം ലഭിച്ചിട്ടില്ലെന്ന നിലപാടുള്ള സ്ഥാപനങ്ങളുമുണ്ട്. കുളനട, തുമ്പമൺ, പന്തളം തെക്കേക്കര എന്നീ പഞ്ചായത്തിൽ സജീവമായി പിഴയിട്ടുതുടങ്ങി. കൂടാതെ ജില്ല എൻഫോഴ്സ്മെന്റ് ടീമും രംഗത്തുണ്ട്.
അജൈവമാലിന്യം അലക്ഷ്യമായി കൈകാര്യം ചെയതാൽ 10,000 രൂപ പിഴ ചുമത്തും. ജലസ്രോതസ്സുകൾ മലിനമാക്കിയതിനും ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്തതിനും നടപടികൾ ഉണ്ടാകും. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് സാധനങ്ങൾ പിടിച്ചെടുക്കും. ജില്ല സ്ക്വാഡുമായി ചേർന്ന് അടുത്ത ദിവസങ്ങളിൽ പരിശോധന തുടരും.
പന്തളം നഗരസഭയിൽ നടപടിക്കായി സ്ക്വാഡ് രൂപീരത്കരിച്ചു. ഹരിതകർമസേനയുടെ ഹരിത ഷോപ്പ് വഴി സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും വാടകക്ക് നൽകുന്ന സംരംഭം തുടങ്ങാൻ തീരുമാനിച്ചു. നിലവിലുള്ള സ്ക്വാഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കും. നിരോധിത ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്നു മൈക്കിലൂടെ അറിയിപ്പു നൽകും. ആരോഗ്യ വകുപ്പ് ജീവനക്കാർ ഹോട്ടലുകളിൽ ഉൾപ്പെടെ പരിശോധന നടത്തി നടപടിയെടുക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. പഞ്ചായത്തംഗങ്ങളോട് തങ്ങളുടെ പ്രദേശത്തെ മാലിന്യമുള്ള തോടുകളുടെ പട്ടിക തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുമരാമത്ത് അസി.എൻജിനീയർ പരിശോധിച്ച് അടിത്തട്ടിലെ മാലിന്യം നീക്കാനും വൃത്തിയാക്കാനും എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ ചെയ്യും. ബോധവത്കരണവും താക്കീതും കഴിഞ്ഞാവും പിഴ ചുമത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.