പന്തളം: കഴിഞ്ഞവർഷം പന്തളം നഗരസഭയിൽ 12 കോടിയുടെ പദ്ധതികൾ പാഴായി. ഭരണസമിതിയുടെ പിടുപ്പുകേടും ഉദ്യോഗസ്ഥരുടെ വീഴ്ചകാരണവുമാണ് കോടിക്കണക്കിന് രൂപ നഗരസഭക്ക് പാഴായത്. ഇതിനിടെ നഗരസഭ കൗൺസിലർമാരുടെ 10 ലക്ഷം രൂപ വീതം പിൻവലിച്ച നഗരസഭ ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധവുമായി യു.ഡി.എഫ് രംഗത്തെത്തിയിട്ടുണ്ട്. പന്തളം നഗരസഭയിലെ 2023-24 പദ്ധതി സ്പിൽ ഓവർ ആകണമെങ്കിൽ ഓരോ വാർഡിൽനിന്നും 10 ലക്ഷം രൂപയുടെ വീതം പദ്ധതി ഉപേക്ഷിക്കണമെന്ന് നഗരസഭ ഭരണസമിതി നിർദേശിച്ചിരിക്കുകയാണ്.
2023-24ലെ പദ്ധതി നടത്തിപ്പിലുണ്ടായ പാളിച്ചയാണ് ഇതിനു കാരണം. പന്തളം നഗരസഭക്ക് സർക്കാർ നൽകിയ പദ്ധതി വിഹിതം 25 കോടിയിൽ ഒമ്പതു കോടിയാണ് ചെലവഴിച്ചത്. അതായത് 33.39 ശതമാനം മാത്രമാണ്. പൊതുമരാമത്ത് പ്രവൃത്തികളിൽ ചെലവാക്കിയത് 19 ശതമാനം മാത്രം. മെയിന്റനൻസ് ഗ്രാന്റ് ചെല വഴിച്ചത് ഒമ്പതു ശതമാനം.
ഇതുമൂലം പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഉൾപ്പെടെയും പാവപ്പെട്ടവർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ ഉൾപ്പെടെ പന്തളത്തിന്റെ വികസനത്തിന് വാർഡ് കൗൺസിലർമാർ തയാറാക്കി ഫണ്ടുവെച്ച നടപടിക്രമങ്ങൾ പൂർത്തീകരിച്ച പ്രവൃത്തികളാണിപ്പോൾ ഉപേക്ഷിക്കേണ്ടി വന്നത്. പന്തളം നഗരസഭയിൽ അധികാരത്തിലിരിക്കുന്ന ബി.ജെ.പി ഭരണസമിതിയുടെ കെടുകാര്യസ്ഥതയും നടക്കാത്ത പദ്ധതികൾക്ക് ബേസിക് ഫണ്ടിൽനിന്ന് വൻതുക വകയിരുത്തിയും പന്തളത്തിന്റെ വികസനത്തിനു സർക്കാർ നൽകിയ ഫണ്ടാണ് ഭരണ സമിതി നഷ്ടപ്പെടുത്തിയിരിക്കുന്നത്.
മുൻ വർഷങ്ങളിലും ഈ ഭരണ സമിതി പദ്ധതി വിഹിതത്തിൽനിന്ന് കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. സർക്കാർ നൽകുന്ന പദ്ധതി വിഹിതംപോലും യഥാവിധി നടപ്പാക്കാൻ കഴിയാത്ത ഭരണ സമിതി പന്തളത്തിനു ശാപമാണെന്നും ജനനന്മയെ കരുതി രാജിവെക്കണമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു. പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ. വിജയകുമാർ, സെക്രട്ടറി കെ.ആർ. രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ തുടങ്ങിയവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.