പന്തളം: വീടുവെക്കാൻ രണ്ട് ആനുകൂല്യം നൽകിയ സംഭവത്തിൽ വിജിലൻസ് സംഘം പന്തളം നഗരസഭ ഓഫിസിൽ നടത്തിയ പരിശോധനയിൽ കണ്ടെത്താതിരുന്ന വിവാദ ഫയൽ തിങ്കളാഴ്ച രാവിലെ വിജിലൻസ് അന്വേഷണസംഘത്തിന് നഗരസഭ സൂപ്രണ്ട് ആർ. രേഖ കൈമാറി.
ശനിയാഴ്ച ഫയൽ കണ്ടെത്താനായി അഞ്ച് മണിക്കൂറോളം നഗരസഭ ഓഫിസിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാതിരുന്ന ഫയൽ അന്വേഷണസംഘം മടങ്ങിയശേഷം മിനിറ്റുകൾക്കകം നഗരസഭ സൂപ്രണ്ടിന്റെ മേശപ്പുറത്ത് പ്രത്യക്ഷപ്പെടുകയായിരുന്നു.
പിന്നീട് സൂപ്രണ്ട് വിജിലൻസ് സംഘത്തിന് അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ നഗരസഭ ഓഫിസിൽ എത്തിയ വിജലൻസ് സി.ഐ എ. അനിൽകുമാറിന്റെ നേതൃത്വത്തിനുള്ള സംഘത്തിന് സൂപ്രണ്ട് ഫയൽ കൈമാറി. പന്തളം പൂഴിയക്കാട് ഉണ്ണി ഭവനിൽ തുളസി വീടുവെക്കുന്നതിനായാണ് രണ്ട് ആനുകൂല്യം കൈപ്പറ്റിയത്. സംസ്ഥാന സർക്കാറിന്റെ കെയർ ഹോം പദ്ധതിയാൽ വീടുലഭിച്ച തുളിസിക്ക് പി.എം.എ.വൈ പ്രധാനമന്ത്രി ഭവനപദ്ധതി -ലൈഫ് പദ്ധതിയിലും വീടുനൽകിയത് അന്വേഷിക്കാൻ കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയാണ് വിജലൻസിനെ സമീപിച്ചത്.
പണം അനുവദിച്ച കുരമ്പാല സർവിസ് സഹകരണ ബാങ്കിലും വിജലൻസ് പരിശോധന നടത്തി. പണം അനുവദിച്ചതിൽ വീഴ്ച ഉണ്ടായെന്നാണ് പ്രഥമിക വിലയിരുത്തലെന്ന് വിജിലൻസ് സി.ഐ എ. അനിൽകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
ഒരു വ്യക്തിക്ക് രണ്ട് ആനുകൂല്യം നൽകിയതിന് റവന്യൂ വകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്നും പരിശോധിക്കും. താലൂക്ക് ഓഫിസിലും കോഓപറേറ്റിവ് സൊസൈറ്റിയിലും പരിശോധന നടത്തുമെന്നും വിജിലൻസ് സി.ഐ അറിയിച്ചു. നാളുകളായി നഗരസഭ സെക്രട്ടറി അവധിയിൽ പ്രവേശിച്ചതിനാൽ നഗരസഭ സൂപ്രണ്ട് ആർ. രേഖക്കാണ് അധിക ചുമതല. ഒരു വർഷത്തിനിടെ സെക്രട്ടറി സേവനം വിരലിലെണ്ണാവുന്ന ദിവസം മാത്രമേ നഗരസഭക്ക് ലഭിച്ചിട്ടുള്ളൂ. മിക്ക ദിവസങ്ങളും സുപ്രണ്ടിനാണ് ചുമതല. ഇടതു സംഘടന പ്രതിനിധിയായ സൂപ്രണ്ട് നഗരസഭയുടെ പ്രവർത്തനങ്ങളിൽ ഗുരുതര അലംഭാവം കാട്ടുന്നതായി ആരോപണമുണ്ട്.
ശനിയാഴ്ച വിജിലൻസ് നടത്തിയ പരിശോധനയിൽ ഒപ്പംകൂടിയ സൂപ്രണ്ട് വിജിലൻസ് സംഘം മടങ്ങിയശേഷം ഫയൽ കണ്ടെത്തിയതായി പറയുന്നതിലും ദുരൂഹതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.