പന്തളം: കടവരാന്തയിൽ അവശനിലയിൽ കണ്ടെത്തിയ വയോധികനെ പൊലീസ് അഭയ കേന്ദ്രത്തിലെത്തിച്ചു. പന്തളം എൻ.എസ്.എസ് കോളജിന് സമീപത്തെ ഇടവഴിയിലെ കടവരാന്തയിൽ അവശനിലയിൽ കണ്ടെത്തിയ കുളനട സ്വദേശി സുരേന്ദ്രൻ പിള്ളയെയാണ് (86) പന്തളം പൊലീസ് കിടങ്ങന്നൂർ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റിൽ എത്തിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് ഇദ്ദേഹത്തെ പൊലീസെത്തി അഭയ കേന്ദ്രത്തിലേക്ക് മാറ്റിയത്. രണ്ട് ആൺമക്കളും ഭാര്യയും വീട്ടിലുണ്ടെന്നും മദ്യപിച്ചെത്തിയ മക്കളുടെ ഉപദ്രവം സഹിക്കാനാകാതെയാണ് വീടുവിട്ടിറങ്ങിയതെന്നും സുരേന്ദ്രൻ പിള്ള പൊലീസിനോട് പറഞ്ഞു. മാസങ്ങളായി വീടുവിട്ടിറങ്ങിയ വയോധികൻ കടവരാന്തയിൽ താമസിച്ചുവരുകയായിരുന്നു. നാട്ടുകാരുടെ സഹായംകൊണ്ടാണ് പലപ്പോഴും ജീവിതം മുന്നോട്ടുപോയത്.
തിങ്കളാഴ്ച ഉച്ചയോടെ ശാരീരിക അവശത രൂക്ഷമായതിനെ തുടർന്നാണ് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചത്. വർഷങ്ങളായി പന്തളം ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു സുരേന്ദ്രൻ പിള്ള. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ജേതാവ് കൂടിയായ പന്തളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എസ്. അൻവർഷാ മുൻകൈയെടുത്താണ് വയോധികനെ ചാരിറ്റബിൾ ട്രസ്റ്റിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.