പന്തളം : അത്യാസന്ന നിലയിൽ രോഗികളുമായി പോകുന്ന ആംബുലൻസുകളുടെ പോലും വഴി മുടക്കി റോഡുകളിൽ ഗതാഗതതടസ്സം. ഗതാഗതനിയന്ത്രണം പാലിക്കാതെ സർക്കാർ വാഹനങ്ങളും അമിത വേഗത്തിൽ പായുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് പന്തളം ജങ്ഷനിൽ രോഗിയുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ ആംബുലൻസ് ഗതാഗതക്കുരുക്ക് മറികടക്കാൻ ഏറെ ബുദ്ധിമുട്ടി. എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഒരു നടപടിയും 10 വർഷമായി ഉണ്ടായിട്ടില്ല. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കൊണ്ടുവന്ന എം.സി റോഡ് മേൽപാലം പദ്ധതി വിവിധ കാരണങ്ങളാൽ അട്ടിമറിക്കപ്പെട്ടു. നാലുകോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി കരാർ നടപടികൾ ആരംഭിച്ച പദ്ധതിയാണ് പിന്നീട് വേണ്ടെന്ന് വെച്ചത്.
പകരം പ്രഖ്യാപിച്ച സമാന്തര പാതയും എങ്ങും എത്തിയിട്ടില്ല. ഓണക്കാലം അടുത്തതോടെ തിരക്ക് വീണ്ടും വർധിച്ചിരിക്കുകയാണ്. അടുത്തിടെ എം.സി റോഡിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ കെ.എസ്.ടി.പി അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
പന്തളം ജങ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന സിഗ്നലിന് ദൈർഘ്യം വർധിപ്പിച്ചെങ്കിലും കുരുക്കിന് മാത്രം ഒരു കുറവും വന്നിട്ടില്ല. എം.സി റോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സിഗ്നലിന്റെ ദൈർഘ്യത്തിൽ ചീറിപ്പാഞ്ഞുപോകുമ്പോൾ പന്തളം -മാവേലിക്കര, പന്തളം -പത്തനംതിട്ട റോഡിലേക്ക് തിരിയുന്ന വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. സിഗ്നൽ സംവിധാനം പുനരാവിഷ്കരിച്ചതോടെ എം.സി റോഡ് നേരെയുള്ള ഭാഗങ്ങളിലേക്ക് മാത്രം വാഹനങ്ങൾ കടന്നുപോകുന്നതും മറ്റുദിശയിലേക്കുള്ള സിഗ്നൽ ലഭിക്കാത്തതിനാൽ പലപ്പോഴും വാഹനങ്ങൾ വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും തിരിയുമ്പോഴാണ് അപകടങ്ങൾ സംഭവിക്കുന്നത്.
അത്യാസന്ന നിലയിലുള്ള രോഗിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ടൗണിന് ചുറ്റുമുള്ള സമാന്തര പാതകളും തകർന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.