പന്തളം: കഴിഞ്ഞ രാത്രിയിലെ ശക്തമായ മഴയിൽ മെഡിക്കൽ മിഷൻ പന്തളം നഗരസഭ ഓഫിസിന് സമീപത്തും മുട്ടാർ തുടങ്ങിയ പ്രദേശങ്ങളിലും കടകളിലും വീടുകളിലും വെള്ളംകയറി. അടുത്തിടെ നിർമിച്ച അശാസ്ത്രീയ ഓടയാണ് വെള്ളം കയറാനിടയാക്കിയതെന്ന് ആക്ഷേപമുണ്ട്. പന്തളം നഗരസഭക്ക് സമീപത്തെ തുണിക്കടയിൽ ഉൾപ്പെടെ വെള്ളംകയറി.
പന്തളം-തട്ടാരമ്പലം റോഡ് നിർമാണഭാഗമായി മുട്ടാർ ജങ്ഷനിൽനിന്ന് തേവാലപ്പടി ഭാഗത്തേക്കുള്ള റോഡ് വശങ്ങളിലെ കടയിൽനിന്ന് ഏകദേശം രണ്ടടിയിൽ കൂടുതൽ ഉയരമുള്ളതിനാലും ഈ ഭാഗങ്ങളിൽ ഓട പുനർനിർമിക്കാത്തതും മൂലം ചെറിയ മഴപെയ്താൽ പോലും വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറുന്ന സ്ഥിതിയാണ്. ഈ ഭാഗങ്ങളിൽ റോഡ് നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച മട്ടാണ്. റോഡിന്റെ വശങ്ങളിലൂടെയുള്ള യാത്ര അപകടകരമായതിനാൽ തടഞ്ഞിരിക്കുകയുമാണ്. ഇതിനെതിരെ കെ.എസ്.ടി.പി, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ. അശാസ്ത്രീയ ഓടനിർമാണം നിർത്തിവെച്ച് മഴവെള്ളം ഒഴുകിപ്പോകുന്നതിന് ക്രമീകരണമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എം.സി റോഡിൽ മെഡിക്കൽ മിഷൻ ജങ്ഷനിൽ ചെറിയ മഴയിൽപോലും കടകളിൽ വെള്ളംകയറുന്ന സ്ഥിതിയാണ്.
ഇവിടങ്ങളിലെ ഓട മാലിന്യവും മണ്ണും നിറഞ്ഞിരിക്കുന്നതിനാൽ ഒഴുക്ക് നിലച്ചതാണ് കടകളിൽ വെള്ളംകയറാൻ കാരണം. പന്തളം നഗരസഭക്ക് സമീപം നിരവധി കടകളിൽ വെള്ളം കയറിയതോടെ വ്യാപാരസ്ഥാപനങ്ങൾക്ക് വ്യാപക നാശനഷ്ടമാണുണ്ടായത്. ബേക്കറി ഉൽപന്നങ്ങൾ പലതും വെള്ളത്തിൽ നശിച്ചു.
വ്യാഴാഴ്ച രാത്രി രണ്ടുമണിക്കൂറോളം തോരാത്ത മഴയായിരുന്നു. അശാസ്ത്രീയ ഓട നിർമാണത്തിനെതിരെ മുട്ടാർ റെസി. അസോ. പ്രതിഷേധിച്ചു. പ്രസിഡന്റ് ഷാഹുൽ ഹമീദ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി വൈ. റഹീം റാവുത്തർ, വൈസ് പ്രസിഡന്റ് ഇ.എസ്. നുജുമുദ്ദീൻ, മുഹമ്മദ് ഷാ, തോമസ് കുഞ്ഞുകുട്ടി, അബ്ദുസ്സലാം, നജീർ, ജനാർദനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.