പന്തളം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കാമറകൾ പ്രവർത്തനം ആരംഭിച്ച് ഒരു വർഷമായപ്പോൾ നിയമലംഘനങ്ങൾക്ക് പിടിയിലായത് നിരവധി പേർ. കാമറ കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് അധികൃതർ നോട്ടിസ് അയച്ചതിൽ 20 ശതമാനം മാത്രമേ പിഴ അടച്ചിട്ടുള്ളൂ. കാമറകൾക്കു പുറമേ എ.ഐ കാമറ ഘടിപ്പിച്ച വാഹനവും ഇടക്കിടെ റോഡുകളിൽ പരിശോധന നടത്തുന്നുണ്ട്. അങ്ങനെ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്കുള്ള പിഴയും ഇതേ വിഭാഗത്തിലാണു കൂട്ടുന്നത്. തിരുവല്ലയിൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫിസിലാണു ദൃശ്യങ്ങളിൽ തുടർനടപടി സ്വീകരിക്കുന്നത്.
നിശ്ചിത കാലാവധി കഴിഞ്ഞിട്ടും പിഴ അടച്ചില്ലെങ്കിൽ നോട്ടിസ് കോടതിക്കു കൈമാറും. അവിടെ നിന്നു വാഹന ഉടമക്ക് സന്ദേശം അയയ്ക്കും. പിഴ അടച്ചില്ലെങ്കിൽ ആ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനോ രജിസ്ട്രേഷൻ പുതുക്കാനോ സാധിക്കില്ല. മോട്ടോർ വാഹന വകുപ്പിൽ നിന്നു തുടർസേവനങ്ങളൊന്നും ലഭിക്കില്ല. കൂടുതൽ നിയമലംഘനം കണ്ടെത്തിയത് ഹെൽമറ്റ് ഇല്ലാതെയുള്ള ഇരുചക്ര വാഹനയാത്രയാണ്. സീറ്റ് ബെൽറ്റ് ഇല്ലാതിരിക്കുക, ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗം, ഇരുചക്ര വാഹനത്തിൽ രണ്ടിലേറെ പേരുടെ യാത്ര എന്നിവയാണ് എ.ഐ കാമറകൾ പ്രധാനമായും നിരീക്ഷിക്കുന്നത്. കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് പന്തളം പത്തനംതിട്ട റോഡിൽ കടക്കാട് ഭാഗത്തും കോഴഞ്ചേരി, പത്തനംതിട്ട റോഡിലും ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.