പത്തനംതിട്ട: പത്തനംതിട്ട കാർഷിക വികസന സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് വിതരണം ചെയ്തത് 2000 തിരിച്ചറിയല്‍ കാര്‍ഡുകൾ. എന്നാല്‍, രേഖപ്പെടുത്തിയ വോട്ടാകട്ടെ 5800ല്‍പരം. വന്‍ ഭൂരിപക്ഷത്തില്‍ എൽ.ഡി.എഫ് വിജയിച്ച തെരഞ്ഞെടുപ്പിൽ അട്ടിമറിയും കള്ളവോട്ടും ആരോപിച്ച് കോടതിയിലേക്ക് നീങ്ങുകയാണ് യു.ഡി.എഫ്. 30 വര്‍ഷത്തിനുശേഷം ബാങ്ക് ഭരണം യു.ഡി.എഫിന് നഷ്ടമായി.
ബാങ്കില്‍ ആകെ 8450 അംഗങ്ങളുണ്ട്. ബാങ്ക് തുടങ്ങിയ കാലം മുതലുള്ള അംഗസംഖ്യയാണിത്. ഇതില്‍ ഒരുപാടുപേര് മരിച്ചുപോയിട്ടുണ്ട്. നാട്ടിലില്ലാത്തവരും അനവധി. എന്നാല്‍, ഇവരുടെയൊന്നും പേര് അംഗത്വത്തിലും വോട്ടര്‍പട്ടികയിലും നിന്ന് നീക്കിയിരുന്നില്ല. ഇതാണ് വ്യാപക കള്ളവോട്ടിന് വഴിയൊരുക്കിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള 2000പേര്‍ക്കാണ് തിരിച്ചറിയില്‍ കാര്‍ഡ് കൊടുത്ത്. രണ്ട് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡാണ് നൽകുന്നത്. ബാലറ്റ് പേപ്പറിലും കൗണ്ടര്‍ ഫോയിലിലും നമ്പറുകള്‍ രേഖപ്പെടുത്തിയിരുന്നില്ല.
ബാലറ്റ് പേപ്പറുകളുടെ പിന്നില്‍ റിട്ടേണിങ് ഓഫിസര്‍ ഒപ്പിടുന്നതിനുപകരം സീല്‍ മാത്രമാണ് പതിച്ചിരുന്നത്. ഇക്കാര്യങ്ങള്‍ എല്ലാം യു.ഡി.എഫ് സ്ഥാനാർഥികള്‍ വരണാധികാരിയോട് ചൂണ്ടിക്കാട്ടിയിട്ടും തെരഞ്ഞെടുപ്പ് നിയന്ത്രിച്ച ഉദ്യോഗസ്ഥരാരും നടപടി സ്വീകരിച്ചില്ല. ഇതിനിടെയാണ് വോട്ട് ചെയ്യാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി 5800പേർ വന്നത്.
പാർട്ടി ബന്ധമുള്ള ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് നടപടിക്കായി നിയോഗിച്ചതെന്ന് കോൺഗ്രസും യു.ഡി.എഫും ആരോപിക്കുന്നു. സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ മേല്‍ക്കൈ നേടാന്‍ പത്തനംതിട്ടയിലെ ബാങ്ക് പിടിക്കേണ്ടത് എൽ.ഡി.എഫിന് ആവശ്യമായിരുന്നു.
തൊട്ടുമുമ്പ് നടന്ന പത്തനംതിട്ട സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഒന്നൊഴികെ എല്ലാ സീറ്റിലും എൽ.ഡി.എഫ് പരാജയപ്പെട്ടത് നേതാക്കളെ ഞെട്ടിച്ചിരുന്നു. ഇക്കുറി അതുണ്ടാകാതിരിക്കാന്‍ സകല മുന്‍കരുതലും എടുത്തിരുന്നു എന്നുമാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്.
എൽ.ഡി.എഫ് സ്ഥാനാര്ഥികളായിരുന്ന ചിലര്‍ക്ക് സഹകരണ ചട്ടംപ്രകാരം മത്സരിക്കാനുള്ള യോഗ്യത ഇല്ലായിരുന്നെന്നും ഇവര്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചെന്നും ആരോപണമുണ്ട്. ഇതിനിടെ രണ്ട് യു.ഡി.എഫ് സ്ഥാനാർഥികളുടെ നാമനിർദേശം ഹൈകോടതിയുടെ ഇടപെടലിലൂടെയാണ് പുനഃസ്ഥാപിച്ചത്.
എൽ.ഡി.എഫിനൊപ്പം യു.ഡി.എഫും വ്യാപകമായി കള്ളവോട്ട് ചെയ്തെന്നും ആരോപണമുണ്ട്. കള്ളവോട്ട് തർക്കത്തിനിടെയാണ് മുന്‍ ആറന്മുള എം.എൽ.എ കെ.സി. രാജഗോപാല്‍ അടക്കമുള്ളവർക്ക് മർദനം ഏൽക്കേണ്ടിവന്നു. പത്തനംതിട്ട ജില്ലയാണ് ബാങ്കിന്റെ പ്രവർത്തന പരിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.