പത്തനംതിട്ട: ജില്ല സ്റ്റേഡിയം നിർമാണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ പവിലിയൻ വിപുലീകരണത്തിന് പരിശോധന പൈലിങ് നടത്തി. പവിലിയന്റെ രണ്ടു ഭാഗങ്ങളിലും പുതിയ കെട്ടിടങ്ങൾ നിർമിക്കും. ഇതിനായി 20 മീറ്ററോളം താഴ്ചയിലാണ് പൈലിങ് നടത്തിയത്. ഇതിന് ശേഷം ഇവിടങ്ങളിൽ ഭാരപരിശോധനയും നടത്തും. നിലവിൽ പവിലിയൻ വിപുലീകണം കൂടാതെ സ്റ്റേഡിയത്തിലെ പുതിയ ഓട നിർമാണവും സ്റ്റേഡിയം മണ്ണിട്ടുയർത്തലും തുടങ്ങി.
ഇവിടെയുണ്ടായിരുന്ന പഴയ ഓട പൂർണ്ണമായും പൊളിച്ചുമാറ്റി. നിരന്തരമായി സ്റ്റേഡിയത്തിലുണ്ടാകുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കാനാണ് സാങ്കേതിക പഠനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ഓടകൾ നിർമിക്കുന്നത്. സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ഭാഗം ഒന്നരമീറ്ററും താഴ്ന്നതും ചതുപ്പുപോലുള്ള ഭാഗങ്ങൾ മൂന്ന് മീറ്ററും ബാക്കി ഭാഗങ്ങൾ അരമീറ്ററും ആണ് ഉയർത്തുന്നത്. ഇങ്ങനെ മണ്ണിട്ട് സ്റ്റേഡിയം മുഴുവനും ഉയർത്തിയതിന് ശേഷം മാത്രമേ നീന്തൽ കുളങ്ങളുടെ നിർമാണവും മറ്റും തുടങ്ങുകയുള്ളൂ. എന്നാൽ, ഇടവിട്ട് പെയ്യുന്ന മഴയിൽ ഓട നിർമാണവും മണ്ണിട്ടുയർത്തലും പ്രതിസന്ധിയാകുന്നു. എന്നാൽ, പൈലിങ് ജോലികൾ വളരെ വേഗത്തിൽ നടക്കുന്നുണ്ട്.
ഒമ്പത് ലൈനുള്ള സിന്തറ്റിക്ക് ട്രാക്ക്, സ്റ്റേഡിയത്തിനുള്ളിൽ തന്നെ ക്രിക്കറ്റ്, ഫുട്ബാൾ മത്സരങ്ങൾ നടത്താനുള്ള ഗ്രൗണ്ട്, മൂന്നു നീന്തൽ കുളങ്ങൾ, ഫെൻസിങ്, റോളർ സ്കേറ്റിങ് പരിശീലനത്തിനും മത്സരത്തിനുമുള്ള സംവിധാനങ്ങൾ, ഓഫീസ്, സ്പോർട്സ് കൗൺസിലിലെ വിദ്യാർഥികൾക്ക് താമസിക്കാൻ ഹോസ്റ്റൽ എന്നിവയാണ് പദ്ധതിയിലുള്ളത്. 48 കോടി രൂപയുടെ നിർമാണ പ്രവൃത്തിയാണ് നടക്കുന്നത്. എന്നാൽ, ആദ്യം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച തുകയിൽനിന്ന് കിഫ്ബി വെട്ടിച്ചുരുക്കൽ നടത്തിയിരുന്നു.
ഇതോടെ വിശദ പദ്ധതിരേഖ വീണ്ടും പുതുക്കേണ്ടി വന്നു. 50 കോടി രൂപയാണ് സർക്കാർ സ്റ്റേഡിയത്തിനായി ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് കിഫ്ബി ഇത് 48 കോടിയാക്കി ചുരുക്കുകയായിരുന്നു. ഇപ്പോഴുള്ള പവിലിയൻ ഉൾപ്പെടയുള്ള കെട്ടിടങ്ങൾക്ക് കാര്യമായ പ്രശ്നമില്ലാത്തതിനാൽ പൊളിച്ചുപണിയുന്നത് അധികച്ചെലവ് സൃഷ്ടിക്കുമെന്ന ന്യായം പറഞ്ഞാണ് രണ്ട് കോടി രൂപ കുറച്ചത്. അങ്ങനെയാണ് ഇവ വിപുലീകരിക്കുവാൻ തീരുമാനമായത്. നിലവിൽ സ്റ്റേഡിയത്തിലെ ട്രാക്കുകളുണ്ടായിരുന്ന സ്ഥലത്ത് തന്നെയാണ് സിന്തറ്റിക്ക് ട്രാക്കുകളും വരുന്നത്. കൂടാതെ സ്റ്റേഡിയത്തിനോട് ചേർന്നുള്ള ചതുപ്പ് ഭാഗത്തി ഇൻഡോർ സ്റ്റേഡിയവും നീന്തൽ കുളവും നിർമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.