പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ ഒ.പി ബ്ലോക്കും കാഷ്വൽറ്റിയും അടങ്ങുന്ന ഭാഗം പൊളിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നവംബർ 11ന് നടക്കും. 49.91 കോടിയുടെ നിര്‍മാണത്തിന് പുറമെ നാല് കോടിയുടെ ബി ആൻഡ് സി ബ്ലോക്ക് നവീകരണവും നടക്കുമെന്നും ആശുപത്രി മാനേജിങ് കമ്മിറ്റി (എച്ച്.എം.സി) യോഗത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ.
നിർമാണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എത്രയും വേഗം ആരംഭിച്ച് സമയബന്ധിതമായി പൂർത്തീകരിക്കാൻ മന്ത്രി നിര്‍ദേശം നല്കി. അത്യാഹിത വിഭാഗത്തിൽ ട്രയാജ് സംവിധാനം, നഴ്സിങ് സ്റ്റേഷന്, പരിശോധന മുറി, ഐ.സി.യു, ട്രോമകെയര്‍ ഓപറേഷന് തിയറ്റര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളുണ്ടാകും. വിവിധ ഒ.പി വിഭാഗങ്ങള്‍, വെയിറ്റിങ് ഏരിയ, ഫാര്‍മസി, നഴ്സിങ് സ്റ്റേഷന്, ലാബുകള്‍, ഇ-ഹെല്‍ത്ത് എന്നിവയാണ് ഒ.പി ബ്ലോക്കില്‍ ഉണ്ടാകുക. നിലവിലെ അത്യാഹിത വിഭാഗം കെട്ടിടം പൊളിച്ചാണ് ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ് നിര്‍മിക്കുന്നത്. കാഷ്വല്‍റ്റി മാറ്റി ക്രമീകരിക്കും. സ്ഥലപരിമിതി കാരണം കാഷ്വലിറ്റി, കാര്‍ഡിയോളജി, കാത്ത് ലാബ് തുടങ്ങിയ അത്യാഹിത സേവനങ്ങളായിരിക്കും ജനറല്‍ ആശുപത്രിയില്‍ മറ്റൊരു സ്ഥലത്ത് പ്രവര്‍ത്തിക്കുക. മറ്റുള്ള ചികിത്സക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തും. ശബരിമല സീസണില്‍ കാര്‍ഡിയോളജി, കാത്ത് ലാബ് സേവനം ലഭ്യമാക്കും. ശബരിമല വാര്‍ഡ് കോന്നി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ബി ആൻഡ് സി ബ്ലോക്ക് നവീകരിച്ച് പരമാവധി സൗകര്യം ഒരുക്കുമെന്നും വീണ ജോർജ് പറഞ്ഞു. യോഗത്തിൽ പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈനും പങ്കെടുത്തു.
ജനറൽ ആശുപത്രിയിൽ പുതിയ കെട്ടിടം പണിയാൻ നവംബർ 11ന് തറക്കല്ലിടാമെന്ന് ആരോഗ്യമന്ത്രി നിർദേശം നൽകിയെങ്കിലും താൽക്കാലിക ക്രമീകരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി മാനേജിങ് കമ്മിറ്റി (എച്ച്.എം.സി) യോഗത്തിൽ തീരുമാനമായില്ല.
ജനറല്‍ ആശുപത്രിയിലെ ഒപി ബ്ലോക്കും കാഷ്വൽറ്റിയും അടങ്ങുന്ന ഭാഗം പൊളിച്ചുനീക്കാന്‍ 5.80 ലക്ഷം രൂപയുടെ കരാര്‍ ഉറപ്പിച്ചിരുന്നു. കരാര്‍ തുക അടച്ച് ഒരു മാസത്തിനുള്ളില്‍ കെട്ടിടം പൊളിച്ചു നീക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, നടപടിയെങ്ങും എത്തിയിട്ടില്ല.
അത്യാഹിത വിഭാഗം ബി ആൻഡ് സി ബ്ലോക്കിലേക്ക് മാറ്റാനായിരുന്നു നേരത്തേ ധാരണ. എന്നാൽ, കെട്ടിടം ബലക്ഷയമുള്ളതാണെന്ന് നഗരസഭ പൊതുമരാമത്ത് വിഭാഗം അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വിശദപഠനം നടത്തിയ ശേഷമാകും കാഷ്വൽറ്റി മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്. ബി ആൻഡ് സി ബ്ലോക്കിലെ ഭിത്തികൾക്കും ബീമുകൾക്കും വിള്ളലുണ്ട്. കെട്ടിടത്തിന് കാലപ്പഴക്കമില്ലെങ്കിലും നിർമാണത്തിലെ അപാകതയാണ് ബലക്ഷയത്തിന് കാരണം. ഇതുബലപ്പെടുത്താനും ആലോചനയുണ്ട്. പൊളിക്കുന്ന കെട്ടിടത്തിലെ ബ്ലഡ് ബാങ്കും ചില വാർഡുകളും ബി ആൻഡ് സിയിലേക്ക് മാറ്റാനാണ് ആലോചന.
ബി ആൻഡ് സി ബ്ലോക്കിലെ ബലക്ഷയവും പാർക്കിങ് സ്ഥല പരിമിതിയും കണക്കിലെടുത്ത് ആശുപത്രിക്ക് പുറത്ത് വാടക ക്കെട്ടിടത്തിലേക്ക് അടിയന്തര വിഭാഗം (കാഷ്വൽറ്റി) മാറ്റണമെന്ന നിർദേശത്തെ എച്ച്.എം.സി അംഗങ്ങൾ ഭൂരിഭാഗവും എതിർത്തു. നിലവിലെ സൗകര്യം ഉപയോഗപ്പെടുത്തി ഒ.പിയും അത്യാഹിത വിഭാഗവും കോമ്പൗണ്ടിൽ തന്നെ നിലനിർത്തണമെന്ന ആവശ്യമാണ് ഡോക്ടർമാരും ജീവനക്കാരും മുന്നോട്ടുവെച്ചത്.
നേരത്തേ കടമ്മനിട്ട റോഡിലെ ജിയോ ആശുപത്രി വാടകക്കെടുത്ത് ഒ.പി അവിടേക്കു മാറ്റണമെന്ന നിർദേശമുണ്ടായിരുന്നു. ലാബ്, സ്കാനിങ്, എക്സ്റേ സംവിധാനങ്ങൾ ആശുപത്രിയിൽ തുടർന്ന് ഒ.പി മാത്രമായി പുറത്തേക്കു മാറ്റുന്നതിനോട് ഡോക്ടർമാർ വിയോജിച്ചു. അവശരായ രോഗികൾക്ക് യാത്ര പ്രയാസമുണ്ടാക്കും.
ഒ.പി നിലവിലെ കെ.എച്ച്.ആർ.ഡബ്ല്യു കെട്ടിടത്തിലേക്കു മാറ്റും. ഇതിനൊപ്പം കാരുണ്യ ഫാർമസി പൊളിച്ചുനീക്കും.
ആംബുലൻസ് അടക്കം ആശുപത്രി മുറ്റത്തേക്ക് ഇനി ഡോക്ടേഴ്സ് ലെയ്ൻ വഴിയാകും വരുക. ഡോക്ടേഴ്സ് ലെയ്ൻ റോഡ് വൺവേയായി തുടരണമെന്ന നിർദേശം യോഗത്തിലുണ്ടായി.
ഇത്തവണത്തെ തീർഥാടനകാലത്ത് ശബരിമല വാർഡ് ജനറൽ ആശുപത്രിയിൽ ഉണ്ടാകില്ല. ഹൃദ്രോഗ സംബന്ധമായ യൂനിറ്റ് മാത്രം ശബരിമല പ്രത്യേക ചികിത്സ വിഭാഗത്തിൽ മതിയെന്ന നിർദേശമാണുള്ളത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് ശബരിമല തീർഥാടകരുമായി ബന്ധപ്പെട്ട ചികിത്സാസൗകര്യം നൽകും. കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീർഥാടനകാലത്ത് കൂടുതൽ സൗകര്യമൊരുക്കും.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ നടപടിവേണമെന്ന് ആന്റോ ആന്റണി എ.പിയുടെ പ്രതിനിധി ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗം നഹാസ് പത്തനംതിട്ട യോഗത്തിൽ ആവശ്യപ്പെട്ടു.
പുതിയ കെട്ടിട നിർമാണത്തിന്റെ പേരിൽ അടിസ്ഥാന സൗകര്യം നിലവിലില്ലാത്ത കോന്നി മെഡിക്കൽ കോളജിലേക്ക് ശബരിമല തീർഥാടകരെ അയക്കാനുള്ള മന്ത്രിയുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ല.
അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽനിന്ന് സൗജന്യമായി നൽകിയിരുന്ന രക്തത്തിന് പണം ഈടാക്കുന്നത് പ്രതിഷേധാർഹമാണ്. ജില്ലയിലെ ഏക മാതൃ ബ്ലഡ്ബാങ്കാണ് പത്തനംതിട്ടയിലുള്ളതെന്ന് നഹാസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.