പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ വിദഗ്ധ ചികിത്സ ലഭിക്കണമെങ്കിൽ ഡോക്ടർമാരെ വീടുകളിൽച്ചെന്ന് കാണ്ടേണ്ട ഗതികേടിൽ രോഗികൾ. ആശുപത്രിയിൽ എത്തിയാൽ കാര്യമായ പരിശോധന നടത്താറില്ലെന്നാണ് ആരോപണം. വീടുകളിൽച്ചെന്നാൽ മാത്രം നല്ല ചികിത്സ ലഭിക്കുമെന്ന അവസ്ഥയാണെന്ന് രോഗികൾ പറയുന്നു. വീടുകളിൽ ഡോക്ടറെ കാണാൻ മുറിക്ക് പുറത്തേക്ക് നീണ്ട ക്യൂവാണ് പലപ്പോഴും.
വരാന്തയിൽ ഒരു ഉത്സവത്തിനുള്ള ആളും കാണും. ഒരു തവണ കാണുന്നതിന് 200 രൂപ മുതൽ മുകളിലോട്ട് നൽകണം. രോഗി വീണ്ടും അടുത്ത ആഴ്ച കാണാൻ വന്നാൽ പിന്നെയും പണം നൽകണം. ഇല്ലെങ്കിൽ ചോദിച്ച് വാങ്ങും. പാവപ്പെട്ട രോഗികളോടുപോലും ഇക്കാര്യത്തിൽ ദയ കാണിക്കാറില്ല.
വിവിധ പരിശോധനകൾക്ക് പുറത്തെ സ്വകാര്യ ലാബുകളിലേക്ക് എഴുതി നൽകുകയാണ്. ലാബുകളിൽനിന്നുള്ള കമീഷനും ഡോക്ടർമാർക്ക് കിട്ടുന്നുണ്ട്. ലാബുകളിലെ പരിശോധനക്കായി വലിയ തുക വേണ്ടിവരുന്നു. പാവപ്പെട്ട രോഗികൾ ഇതുമൂലം ഏറെ ദുരിതം അനുഭവിക്കുന്നു.
ശസ്ത്രക്രിയ വേണമെങ്കിൽ ഓരോ ഇനത്തിനും നിശ്ചിത ഫീസ് ഡോക്ടർമാർ തീരുമാനിച്ചിട്ടുണ്ട്. ആ തുക വീട്ടിൽ എത്തിച്ചെങ്കിൽ മാത്രമേ ശസ്ത്രക്രിയ നടക്കൂ. അല്ലാതെ നടത്തിയാലും വിജയകരമാകില്ലെന്നാണ് രോഗികൾ പറയുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് നിരവധി പരാതികളാണ് നിത്യവും ഉയരുന്നത്.
ആവശ്യത്തിന് പരിശോധന ഉപകരണങ്ങൾ ഉണ്ടെങ്കിലും രോഗികൾക്ക് പ്രയോജനമില്ല. എല്ലാം പുറത്ത് സ്വകാര്യ ലാബുകളിൽ ചെയ്യുകയാണ്. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ പ്രധാന ആശുപത്രിയായിട്ടും രോഗികൾ കഷ്ടപ്പെടുകയാണ്. മരുന്നിന്‍റെ അഭാവം, സ്കാനിങ്, എക്സ് റേ വിഭാഗങ്ങളിൽ ജീവനക്കാർ ഇല്ലാത്തത്, ഉച്ചകഴിഞ്ഞ് അത്യാഹിത വിഭാഗ
ത്തിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് ഇതൊക്കെ രോഗികളെ നിരന്തരം ബുദ്ധിമുട്ടിക്കുന്നു. ഒ.പി ടിക്കറ്റ് എടുക്കാൻ മണിക്കൂറോളമാണ് കാത്തുനിൽക്കേണ്ടത്. അൾട്രാ സൗണ്ട് സ്കാനിങ്ങിന് പോയാൽ ഒരു മാസം കഴിഞ്ഞു മാത്രമേ ഫലം കിട്ടൂ. 160 രൂപ അടച്ച് ആശുപത്രിയിൽ ചെയ്യേണ്ട സ്കാൻ പുറത്ത് 850 രൂപ മുടക്കി ചെയ്യേണ്ട അവസ്ഥയിലാണ് രോഗികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.