ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ പ്രധാന ആശുപത്രിയാണ് ജില്ല ആസ്ഥാനത്തെ ജനറൽ ആശുപത്രി. എന്നാൽ, അസുഖം വന്നാൽ ഒന്നുകിൽ കോട്ടയത്തുള്ള മെഡിക്കൽ കോളജിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ രോഗികൾ പോകണം. ആശുപത്രി മികച്ച നിലവാരത്തിൽ എത്തിയെന്ന് ഇടക്കിടെ നാട്ടുകാരെ ആരോഗ്യ വകുപ്പ് അധികൃതർ ഓർമിപ്പിക്കാറുണ്ട്. എല്ലാം ഉണ്ടെങ്കിലും ഒന്നിനും കൃത്യതയില്ല. സർക്കാർ കാര്യം മുറപോലെ എന്ന നിലയിലാണ്. ആശുപത്രി നടത്തിപ്പിൽ മികച്ച മാനേജ്മെന്‍റ് സംവിധാനം ഇല്ലാത്തതാണ് കുഴപ്പിക്കുന്നത്. മാനേജ്മെന്‍റ് കമ്മിറ്റി യോഗങ്ങൾ കൃത്യമായി കൂടാറില്ലെന്ന് അംഗങ്ങൾ പറയുന്നു. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഉപകരണങ്ങൾ ഉണ്ടെങ്കിലും പ്രയോജനമില്ല.
ശബരിമല യാത്രക്കിടയിൽ അസുഖം ബാധിക്കുന്നവരും ജില്ലയുടെ കിഴക്കൻ മേഖലകളിൽനിന്ന് എത്തുന്ന ആദിവാസികൾ ഉൾപ്പെടെയുള്ളവരും ചികിത്സക്കായി ഇപ്പോഴും ജില്ലവിട്ട് പോകേണ്ടി വരുന്നു. ആശുപത്രി വികസന മാസ്റ്റർ പ്ലാനും മറ്റും തയാറായിട്ട് വർഷങ്ങളായെങ്കിലും നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടില്ല. പുതിയ കാഷ്വാലിറ്റിയും ഒ.പി ബ്ലോക്കും നടപ്പായിട്ടില്ല.
ഇതിനായി അഞ്ച് നിലകളുള്ള കെട്ടിടത്തിന് 22.38 കോടി അനുവദിച്ചതായി പ്രാഖ്യാപനമുണ്ടായിരുന്നു. ജില്ലയിലെ ഹൃദ്രോഗികൾക്ക് ആശ്വാസമായി 2019ൽ ആരംഭിച്ചതാണ് കാത്ത്‌ലാബ്. വളരെയേറെ രോഗികളാണ് ഇവിടെ ചികിത്സക്ക് എത്തുന്നത്. പക്ഷേ, കിടക്കകൾ ഇല്ലാത്തതും ഡോക്ടർമാരുടെ കുറവും കാരണം വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു. സി.ടി സ്കാൻ മെഷീൻ ഇടക്കിടെ പണിമുടക്കും. സ്വകാര്യ ലോബി ഇടപെട്ട് പണിമുടക്കിക്കുന്നതാണെന്ന് ആരോപണമുണ്ട്. ഈ വിഭാഗത്തിൽ ഡോക്ടർമാർ അവധിയെടുത്താലും സ്കാനിങ് മുടങ്ങും. കാര്യം നടക്കണമെങ്കിൽ സ്വകാര്യ സി.ടി സ്കാനിങ് സെന്‍റിൽ എത്തണം.
350 ബെഡാണുള്ളത്. അവയെല്ലാം മിക്ക ദിവസവും നിറഞ്ഞുകവിഞ്ഞ നിലയിലാണ്. ബെഡുകളുടെ എണ്ണത്തിനനുസരിച്ച് നഴ്സുമാരടക്കം ജീവനക്കാരില്ല. ക്ലീനിങ്ങിന് അത്യാവശ്യത്തിനുപോലും ആളില്ല. എച്ച്.എം.സിയുടെ നിയന്ത്രണത്തിൽ നാല് ആംബുലൻസാണ് സേവനം നൽകിവരുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കാൻ സേവനം നൽകുന്ന ആംബുലൻസുകൾ 1600 മുതൽ 2200 രൂപ വരെ ഈടാക്കുമ്പോൾ സ്വകാര്യ ആംബുലൻസുകൾ 4000 രൂപക്ക് മുകളിലാണ് ഈടാക്കുന്നത്. ആശുപത്രിയിൽ ഇടക്കിടെ നടക്കുന്ന അറ്റകുറ്റപ്പണിയെ സംബന്ധിച്ചും വലിയ പരാതികൾ ഉയരുന്നുണ്ട്.
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്‍ട്ടിഫിഷ്യല്‍ ലിംഫ് സെന്‍റര്‍, ന്യൂറോ ഫിസിയോളജി ലാബ്, ആധുനീകരിച്ച ഒ.പി കൗണ്ടര്‍, പ്രൈമറി വെയിറ്റിങ് ഏരിയ, സെക്കന്‍ഡറി വെയിറ്റിങ് ഏരിയ, റൂഫിങ് തുടങ്ങിയ വിവിധ വികസന പ്രവര്‍ത്തനങ്ങൾ അടുത്ത സമയങ്ങളിൽ ആരംഭിച്ചതാണ്.
ഇ.ഇ.ജി മെഷീന്‍, യൂറിൻ അനലൈസര്‍, സെന്‍ട്രിഫ്യൂജ് ഇന്‍ക്യുബേറ്റര്‍ എന്നീ ഉപകരണങ്ങളും ആശുപത്രിക്ക് ലഭ്യമായി. ഒപ്പം കാര്‍ഡിയോളജി വിഭാഗം, ആധുനിക സ്ട്രോക്ക് ചികിത്സ കേന്ദ്രം, സി.സി.യു, സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ സിസ്റ്റം, കാരുണ്യ ഫാര്‍മസി, ന്യൂറോ ഫിസിയോളജി ലാബ്, പ്രൈമറി വെയിറ്റിങ് ഏരിയ, സെക്കൻഡറി വെയ്റ്റിങ് ഏരിയ, ആധുനിക ലാബ് സൗകര്യം, ആധുനിക റേഡിയോളജി വിഭാഗം എന്നിവയെല്ലാം അടുത്ത സമയങ്ങളിൽ ആരംഭിച്ചതാണ്.
എന്നാൽ, രോഗികൾക്ക് ഗുണം ലഭിക്കുന്നില്ല. സർക്കാറും നഗരസഭയും ചെന്നൈ പെട്രോളിയം കോര്‍പറേഷനും ചേര്‍ന്ന് ഓക്സിജൻ പ്ലാന്റ് നിർമിച്ചിരുന്നു. രണ്ട് പ്ലാന്റിൽനിന്നായി മിനിറ്റില്‍ 1500 ലിറ്റർ ഓക്സിജൻ ഉല്‍പാദിപ്പിക്കാനാകും.കുട്ടികളുടെ ഐ.സി.യു, കേൾവി പരിശോധന കേന്ദ്രം, ടോക്കൺ സംവിധാനം ഇവയെല്ലാം അടുത്ത സമയത്ത് തുടങ്ങി. സർക്കാർ ആശുപത്രികളിൽ ജില്ലയിലെ ആദ്യ പീഡിയാട്രിക് വിഭാഗവും ഇവിടെയുണ്ട്.ഐ.പി വാർഡ് നവീകരണത്തിനായി കഴിഞ്ഞ ദിവസം മൂന്നുകോടി രൂപഅനുവദിച്ചിട്ടുണ്ട്.
അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രം
അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും എത്തുന്ന രോഗികൾ നിരവധിയാണ്. പനിയും മറ്റ് അസുഖങ്ങളും ബാധിച്ച് വരുന്ന രോഗികൾക്ക് പുറമെ അടിപിടിയും കത്തിക്കുത്തും അപകടവും ഒക്കെയായി വരുന്നയാളുകളെ നോക്കാൻ എപ്പോഴും ഒരു ഡോക്ടർ മാത്രമേ കാണുകയുള്ളൂ.
രോഗിക്ക് മരുന്ന് കുറിക്കുന്നതും മുറിവേറ്റയാൾക്ക് തുന്നലിടുന്നതും അത്യാസന്ന നിലയിൽ എത്തുന്ന ഹൃദ്രോഗിയെ പരിപാലിക്കേണ്ടതും ഇടക്കിടക്ക് പൊലീസ് റിപ്പോർട്ട് തയാറാക്കേണ്ടതും എല്ലാം ഈ ഒരേയൊരു ഡോക്ടറാണ്. ഇത്തരം നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോഴും ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കേണ്ട സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാകുകയാണ്.
മരുന്ന് ക്ഷാമം രോഗികളെ വല്ലാതെ വലക്കുന്നു. മിക്ക മരുന്നുകളും പുറത്തുനിന്ന് വാങ്ങുകയാണ്. മണിക്കൂറോളം ഒ.പി ടിക്കറ്റ് കൗണ്ടറുകളുടെ മുന്നിൽ ക്യൂ നിന്നാണ് ടിക്കറ്റ് എടുക്കുന്നത്. തിങ്കളാഴ്ചയാണ് ഏറ്റവും കൂടുതൽ തിരക്കുള്ളത്. 12.30 വരെയെങ്കിലും നീണ്ട ക്യൂ കാണും. മൂന്നു നിരകളിലായി രോഗികൾ ഉണ്ടാകും.
വരി നിൽക്കുന്നവരിൽ പലരും അവശതയുള്ള രോഗികളായിരിക്കും. ഇത്രയും നേരം നിന്ന ശേഷം ഓടിച്ചെന്നാൽ ഡോക്ടറെ കാണാമെന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ല. ഒരുമണിയാകുമ്പോഴേക്കും ഡോക്ടർ പണിനിർത്തി മടങ്ങിപ്പോകും. രോഗി പറയുന്നതുപോലും കേൾക്കാനുള്ള ക്ഷമ ഡോക്ടർമാർ കാണിക്കാറില്ല. വിശദമായി പരിശോധന നടത്തണമെങ്കിൽ കാശുമായി നേരെ വീട്ടിൽ ചെല്ലണം. സർജറി, മികച്ച ചികിത്സ ഇതിനെല്ലാം വീട്ടിലെത്തി കാശ് കൊടുത്താലേ കാര്യം നടക്കൂ.
ചില ഡോക്ടർമാരുടെ വീടുകളിൽ ഉച്ചകഴിഞ്ഞാൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദീർഘനേരം വീണ്ടും ക്യൂവിൽനിന്ന് ഫാർമസിയിലെത്തി മരുന്നിനു കൈനീട്ടുമ്പോൾ, ഇതൊന്നും ഇവിടെയില്ല വെളിയിൽനിന്ന് വാങ്ങിച്ചോളൂ എന്നൊരു നിർദേശം കിട്ടും. ഇതേ തിരക്കാണ് ലാബിന് മുന്നിലും. ഏറെ നേരം കാത്തുനിന്നാലേ പരിശോധനക്കുള്ള രക്തവും മറ്റും രോഗിക്ക് നൽകാൻ കഴിയൂ.
ജില്ല ആസ്ഥാനത്ത് 30ലധികം മെഡിക്കൽ സ്റ്റോറുകളാണ് പ്രവർത്തിക്കുന്നത്. ഈ ചെറിയ പട്ടണത്തിൽ ഇത്രയും മെഡിക്കൽ സ്റ്റോറുകളോ എന്ന് പലരും അത്ഭുതപ്പെടും. ജനറൽ ആശുപത്രി ഡോക്ടർമാരുടെ നല്ല പിന്തുണയാണ് ഈ വളർച്ച് പിന്നിലെന്നും ആരോപണമുണ്ട്.
ഓരോ വിഭാഗങ്ങളും എവിടെ പ്രവർത്തിക്കുന്നു എന്നത് സംബന്ധിച്ച് ആർക്കും ഒരു വ്യക്തതയും ഇല്ല. അക്ഷരങ്ങൾ മാഞ്ഞ പഴയ കുറെ ബോർഡുകൾ മാത്രം ഇവിടെ കാണാം. അസ്ഥിരോഗം, ന്യൂറോളജി, ഇ.എൻ.ടി, ജനറൽ സർജറി, ജനറൽ മെഡിസിൻ, ത്വഗ്രോഗം, ഡെന്‍റൽ, മനോരോഗം തുടങ്ങിയ ഒ.പി വിഭാഗങ്ങളാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. യൂറോളജി വിഭാഗം ഡോക്ടറെ നിയമിക്കണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.