പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ക്രമീകരണങ്ങൾ താളം തെറ്റിയതിനാൽ രോഗികൾ വലയുന്നതായി വ്യാപക പരാതി. പുതിയ കെട്ടിട നിർമാണത്തിനായി ഒ.പി സൗകര്യങ്ങൾ മാറ്റി സ്ഥാപിച്ചപ്പോൾ സാധാരണക്കാരായ രോഗികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. മുൻ ഭാഗം പൂർണമായും അടച്ചിരിക്കുന്നതിനാൽ ഒ.പിയിലേക്കും ഫാർമസിയിലേക്കും ഏറെ ദൂരം നടക്കേണ്ടതായി വരുന്നു. മഴക്കാലമായതോടെ നടപ്പാതയും ലാബിന് മുൻ വശവും ചെളിക്കുണ്ടായി മാറി. ചെളിയിൽ ചവിട്ടിയാണ് നടക്കേണ്ടത്. ചെറിയ രോഗവുമായി എത്തുന്നവരെപ്പോലും മറ്റാശുപത്രിയിലേക്ക് റഫർ ചെയ്യുന്നതായും വ്യാപക പരാതിയുണ്ട്. പുതിയ ഒ.പി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്.
വളരെ കുറച്ച് പണിക്കാരെ വെച്ചാണ് നിർമാണം നടത്തുന്നത്. എച്ച്.എം.സി ചുമതല നഗരസഭക്ക് നഷ്ടമായതിനാൽ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. നാഥനില്ലാ കളരിയായി മാറിയ ആശുപത്രിയുടെ കാര്യത്തിൽ കലക്ടർ ഉൾപ്പെടെ ഭരണകൂടം ഇടപെടണമെന്ന് നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിം കുട്ടി ആവശ്യപ്പെട്ടു. നിസംഗത തുടർന്നാൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.