പത്തനംതിട്ട: തെരഞ്ഞെടുപ്പു ഗോദയിൽ തോറ്റുതുടങ്ങിയതാണ് ആന്റോയുടെ ചരിത്രം. ആദ്യ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് സുരേഷ് കുറുപ്പിനോട് അടിയറവു പറഞ്ഞിടത്തുനിന്നാണ് വിജയത്തിന്റെ പടികയറാൻ പഠിച്ചത്. ആദ്യമായി ലോക്സഭ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത് 2004ല്‍ കോട്ടയം മണ്ഡലത്തിലാണ്. എന്നാല്‍, സി.പി.എമ്മിലെ കെ. സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു.
കോട്ടയം കൈവിട്ടെങ്കിലും അടുത്ത തവണ പത്തനംതിട്ട ആന്റോ ആന്റണിയെ കൈവിട്ടില്ല. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന കെ. അനന്തഗോപനെ പരാജയപ്പെടുത്തി പത്തനംതിട്ടയില്‍നിന്ന് ആദ്യമായി ലോക്സഭ അംഗമായി.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായ കോണ്‍ഗ്രസ് വിമതന് പീലിപ്പോസ് തോമസിനെയും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.പി.എം എം.എല്‍എ.യായ വീണ ജോര്‍ജിനെയും പരാജയപ്പെടുത്തി തുടര്‍ച്ചയായി മൂന്നാം തവണയും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ആന്റോ ആന്റണിക്കെതിരെ തോമസ് ഐസക്കിനെ ഇറക്കേണ്ടി വന്നു എൽ.ഡി.എഫിന്.
യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമായ പത്തനംതിട്ടയിൽ അനായാസ മത്സരമായിരുന്നു എന്നും കോൺഗ്രസിന്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്നു ആന്റോ.
2009ൽ ആന്റോ ആൻറണിയുടെ ഭൂരിപക്ഷം 1,11,206 ആയിരുന്നു. 4,08,232 വോട്ടാണ് ആന്റോ ആന്റണി 2009ൽ നേടിയത്. സി.പി.എമ്മിന്റെ അനന്തഗോപന്‍ ലഭിച്ചതാകട്ടെ 2,97,026 വോട്ടും. 51.21 ശതമാനം വോട്ട് അന്ന് ആന്റോക്ക് ലഭിച്ചു. എൽ.ഡി.എഫിന് 37.26 ശതമാനം വോട്ടും ബി.ജെ.പിക്ക് 7.06 ശതമാനം വോട്ടുമാണ് ലഭിച്ചത്.
തുടർ തെരഞ്ഞെടുപ്പുകളിൽ ആന്റോയുടെ ഭൂരിപക്ഷം കുറഞ്ഞുവരുന്നതാണ് കണ്ടത്. 2014ൽ ആന്റോയുടെ ഭൂരിപക്ഷം 56,191 വോട്ടായി കുറഞ്ഞു. കോൺഗ്രസ് വിട്ടെത്തിയ പീലിപ്പോസ് തോമസായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. കോൺഗ്രസിന് 41.19 ശതമാനം വോട്ടാണ് അന്നു ലഭിച്ചത്. എൽ.ഡി.എഫിന് 34.74 ശതമാനം വോട്ടും ബി.ജെ.പിക്ക് 15.95 ശതമാനം വോട്ടും ലഭിച്ചു.
ശബരിമല യുവതി പ്രവേശന വിഷയം ഏറ്റവും അധികം പ്രചാരണ വിഷയമാക്കിയ പത്തനംതിട്ട മണ്ഡലത്തിൽ 2019ലെ തെരഞ്ഞെടുപ്പിൽ ആന്റോ വിജയിച്ചത് 44,243 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. കെ. സുരേന്ദ്രൻ ബി.ജെ.പി സ്ഥാനാർഥിയുമായെത്തി. യു.ഡി.എഫിന് 37.11 ശതമാനവും എൽ.ഡി.എഫിന് 32.80 ശതമാനവും വോട്ടു ലഭിച്ചപ്പോൾ ബി.ജെ.പി വോട്ട് ശതമാനം 28.97 ശതമാനമായി ഉയർത്തി.
ഭൂരിപക്ഷം കുറയുകയും കേരള കോൺഗ്രസ് എമ്മിന്റെ വരവോടെ മണ്ഡലത്തിലെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും ഇടതുപക്ഷത്തായതോടെയാണ് യു.ഡി.എഫിന്റെ വിജയം വ്യത്യസ്തമാകുന്നത്.
പ്രചാരണഘട്ടത്തില്‍ ഏറെ മുന്നിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥിയും ധനമന്ത്രിയുമായ ടി.എം. തോമസ് ഐസക്കിനെയും ബി.ജെ.പി സ്ഥാനാർഥിയും എ.കെ. ആന്റണിയുടെ മകനുമായ അനിൽ ആന്റണിയെയും പരാജയപ്പെടുത്തിയാണ് ആന്റോ ആന്റണിയുടെ വിജയം. 2019ലേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്താന്‍ ആന്റോ ആന്റണിക്ക് ഇത്തവണ കഴിഞ്ഞു.
കോട്ടയം മീനച്ചില്‍ താലൂക്കിലെ മൂന്നിലവിൽ കുരുവിള ആന്റണിയുടെയും ചിന്നമ്മയുടെയും മകനാണ് ആന്റോ ആന്റണി. പാലാ സെന്റ് തോമസ് കോളജില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി. കെ.എസ്.യു യൂനിറ്റ് പ്രസിഡന്റായാണ് ആന്റോ രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെച്ചത്. കെ.എസ്.യു താലൂക്ക്, ജില്ല ജനറല്‍ സെക്രട്ടറി, ജില്ല പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാലജനസഖ്യത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ നിര്‍വാഹക സമിതി അംഗം, കോട്ടയം ഡി.സി.സി പ്രസിഡന്റ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പത്തനംതിട്ട: നാലാം തവണയും ആധിപത്യം നിലനിർത്തി ആന്റോ ആന്റണി. തെരഞ്ഞെടുപ്പ് വഴികളിൽ ആന്റോ ആന്റണിക്ക് കാര്യങ്ങൾ അത്ര സുഗമമായിരുന്നില്ല. എന്തിനും ഏതിനും തടസ്സം ഉണ്ടാകും. സ്ഥാനാർഥിത്വംപോലും തുലാസിലായ ഘട്ടമുണ്ടായിരുന്നു.
എന്നാൽ, ഓരോ തെരഞ്ഞെടുപ്പുകളിലും വോട്ടർമാരെ അദ്ദേഹത്തിനു വിശ്വാസമായിരുന്നു. എൽ.ഡി.എഫുമായി നേരിട്ടുള്ള മത്സരമായിരുന്നു 2009ലും 2014ലും. എന്നാൽ, 2019ലും 2024ലും കൈക്കരുത്ത് കാട്ടാൻ ബി.ജെ.പി ഇറങ്ങിയപ്പോൾ മണ്ഡലം മുമ്പെങ്ങും ഇല്ലാത്ത വിധം അൽപമൊന്ന് ആടിയുലഞ്ഞു. പാർട്ടി ഫണ്ട് ഇല്ലാത്തതിനാൽ പ്രചാരണത്തിന് സ്ഥാനാർഥി പണം കണ്ടെത്തേണ്ട അവസ്ഥയായിരുന്നു.
ഇത്തവണ പ്രതിസന്ധികൾ നിരവധിയുണ്ടായിരുന്നു. ബി.ജെ.പി ഉയർത്തിയ വിവിധ ഭീഷണികൾ, കോൺഗ്രസിലെ പ്രശ്നങ്ങൾ, നേരത്തേ പ്രചാരണം തുടങ്ങിയ എൽ.ഡി.എഫ് സ്ഥാനാർഥി അങ്ങനെ പല പ്രതിസന്ധികളും മറികടക്കേണ്ടിയിരുന്നു. ഒടുവിൽ മണ്ഡലം യു.ഡി.എഫിന്റേതെന്നു പത്തനംതിട്ട് ഒരിക്കൽക്കൂടി തെളിയിച്ചു. ആന്റോ തുടരെ മത്സരിക്കുന്നത് പാർട്ടി അണികളിലും വിമർശനത്തിന് ഇടയാക്കിയിരുന്നു.
പാർട്ടിവിട്ട മുൻ ഡി.സി.സി പ്രസിഡന്റ് ബാബുജോർജ് അടക്കമുള്ള ചില നേതാക്കൾപോലും ആന്റോക്കെതിരെ രൂക്ഷ വിമർശനവുമായി മുന്നിട്ടിറങ്ങി. മണ്ഡലത്തിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്ന പരാതി. ഇതെല്ലാം നിഷ്പ്രയാസം അതിജീവിച്ച ആന്റോ ആന്റണിക്ക് ഇനി നെഞ്ചുവിരിച്ചു നിൽക്കാം. കടമ്പകൾ കടന്ന് നാലംവട്ടവും വിജയം രുചിച്ചപ്പോൾ കേന്ദ്രത്തിൽ ഭരണം കിട്ടാത്തത്തിന്റെ മ്ലാനത യു.ഡി.എഫ് ക്യാമ്പിൽ പ്രകടമാണ്.
ഭരണ വിരുദ്ധ വികാരം, അഴിമതി, സി.പി.എമ്മിലെ ചേരിപ്പോരുകൾ ഇവയൊക്കെ ജില്ലയിൽ ഇടതിന്റെ കനത്ത പരാജയത്തിന് ഇടയാക്കി. തോമസ് ഐസക്കിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾതന്നെ ചില അസ്വാരസ്യങ്ങൾ രൂപപ്പെട്ടിരുന്നു. പ്രചാരണങ്ങളിൽ പല മണ്ഡലങ്ങളിലും പ്രവർത്തകർ നിർജീവമായിരുന്നു. റാന്നിയിൽനിന്നുള്ള മുൻ എം.എൽ.എ രാജു എബ്രഹാമിന് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഒരുവിഭാഗം. എന്നാൽ, അദ്ദേഹത്തെ തഴഞ്ഞാണ് തോമസ് ഐസക്കിന് സീറ്റ് നൽകിയത്.
ആദ്യമായാണ് ഐസക് ലോക്സഭയിലേക്ക് മത്സരിക്കുന്നതെങ്കിലും കേന്ദ്രത്തോടു കേരളത്തിന്റെ അവകാശങ്ങൾ ചോദിച്ച് വാങ്ങാൻ കെൽപുള്ള ഒരു എം.പിയെയാണ് എൽ.ഡി.എഫ് മുന്നോട്ടുവെച്ചത്. തോമസ് ഐസക്കിന്റെ ധനകാര്യ മാനേജ്മെന്റിനേറ്റ പിഴവാണ് കേരളത്തിന്റെ സാമ്പത്തിക തകർച്ചക്ക് കാരണമെന്ന് യു.ഡി.എഫ് പ്രധാന പ്രചാരണ വിഷയമാക്കിയിരുന്നു. കിഫ്ബിയെയും മസാല ബോണ്ടിനെയുമൊക്കെ യു.ഡി.എഫും ബി.ജെ.പിയും വിടാതെ പിന്തുടർന്നു.
എന്നാൽ, സംസ്ഥാനത്തെ ഭരണം പൊതുതെരഞ്ഞെടുപ്പിൽ തീർച്ചയായും വിലയിരുത്തപ്പെടുമെന്ന് തോമസ് ഐസക് വോട്ടെടുപ്പിന് മുമ്പ് വ്യക്തമാക്കിയത് ഈ ഫലം പാർട്ടി നേതൃത്വത്തിനുകൂടി പങ്കുചേർത്താണ്.
പോളിങ് ശതമാനം കുറഞ്ഞത് യു.ഡി.എഫിനെ ബാധിക്കുമെന്നാണ് എല്ലാവരും കരുതിയത്. യു.ഡി.എഫിലും ഇത് ആശങ്കയുണ്ടാക്കിയിരുന്നു. ചെയ്യാതിരുന്ന വോട്ടുകളിൽ നല്ലൊരു ശതമാനം കോൺഗ്രസിന്റേതായിരുന്നുവെന്ന് നേതാക്കൾ തന്നെ സൂചിപ്പിച്ചിരുന്നു. എന്നാൽ, ആന്റോയുടെ ഭൂരിപക്ഷം വർധിച്ചത് അമ്പരപ്പോടെയാണ് എല്ലാവരും കാണുന്നത്.
ഇത്തവണ ചിട്ടയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായത് വിജയത്തിന്റെ തിളക്കം വർധിപ്പിച്ചിട്ടുണ്ട്. മുൻ തെരഞ്ഞെടുപ്പകളെ അപേക്ഷിച്ച് ഇത്തവണ ഭവന സന്ദർശനം ഉൾപ്പെടെ നടത്താൻ താഴേതട്ടിലേക്ക് പ്രവർത്തകർ എത്തി എന്നതും എടുത്തു പറയേണ്ടതാണ്. മുൻ ജില്ല പഞ്ചായത്ത് അധ്യക്ഷരും മുൻ ഡി.സി.സി പ്രസിഡൻറ് ബാബു ജോർജും ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന ഡോ. സജി ചാക്കോയുമൊക്കെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാർട്ടി വിട്ടിട്ടും യു.ഡി.എഫിനെ അത് തെല്ലും ബാധിച്ചതേയില്ല.
മുൻ രാജ്യസഭ ഉപാധ്യക്ഷന്റെ ചട്ടുകമാണ് ആന്റോയെന്ന പാർട്ടി നേതാക്കളുടെ വിമർശനവും അണികൾ തള്ളിക്കളഞ്ഞു. 2009, 2014, 2019 ഇപ്പോഴിതാ 2024ലും താൻ തന്നെ പത്തനംതിട്ടയുടെ എം.പിയെന്ന് തെളിയിച്ചിരിക്കുകയാണ് ആന്റോ ആന്റണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.