പത്തനംതിട്ട: പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലെ കടമുറികൾ ലേലത്തിൽ പിടിച്ച വ്യാപാരികൾ ഏഴുവർഷമായി നട്ടം തിരിയുന്നു. മൂന്ന് നില കെട്ടിടത്തിൽ ഇതുവരെ കടമുറികളിൽ കച്ചവടം ആരംഭിക്കാൻ വ്യാപാരികൾക്ക് കഴിഞ്ഞിട്ടില്ല. സ്വരുക്കൂട്ടിയ സമ്പാദ്യം ഉപയോഗിച്ചും പലിശക്ക് പണമെടുത്തുമാണ് എല്ലാവരും കടമുറി ലേലത്തിൽ പിടിച്ചത്.
മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ സർട്ടിഫിക്കറ്റിന്റെ മൂന്നുവർഷ കാലാവധിയും പൂർത്തിയായി. 2017 ലാണ് താഴത്തെ നിലയിലുള്ള 18 കടമുറികൾ 13 പേർക്കായി ലേലത്തിൽ നൽകിയത്. അന്ന് കെട്ടിടം പണികൾ നടക്കുന്നതേയുള്ളായിരുന്നു.
ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി നൽകുമെന്നായിരുന്നു അന്ന് പറഞ്ഞത്. കച്ചവടക്കാരിൽനിന്ന് 2.63 കോടി രൂപയോളം കെ.എസ്.ആർ.ടി.സി ലേലത്തുകയായി വാങ്ങി. ലേലത്തുകയിൽ നല്ലൊരുശതമാനവും ഇവരെല്ലാവരും ഒന്നാമത്തെ ഗഡുവിൽ നൽകി.
എന്നാൽ കെട്ടിട പണികൾ നീണ്ടുപോയി. 2021 ൽ കെ.എസ്.ആർ.ടി.സി പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ചെങ്കിലും നിർമാണത്തിലെ വീഴ്ചകാരണം കടമുറികൾ തുറക്കാൻ സാധിച്ചില്ല. മൊത്തം 47 ഓളം കടമുറികളാണ് നിർമിച്ചത്. ഒഴിഞ്ഞുകിടക്കുന്ന കടമുറി ലേല നടപടികളും ഇതോടെ തടസ്സപ്പെട്ടു. ലേലത്തിൽപോകാത്ത എല്ലാ കടമുറികളും ഒരുമിച്ച് നൽകാൻ പിന്നീട് തീരുമാനിച്ചിരുന്നു.
എന്നാൽ, ഇവിടെ ഭക്ഷണശാല അടക്കം ചില കടകൾ അനധിക്യതമായി പ്രവർത്തിക്കുകയും പരസ്യ ബോർഡുകളും മറ്റും സ്ഥാപിക്കയും ചെയ്തിട്ടുണ്ട്.
കടമുറി ലേലത്തിനെടുത്തവർ വർഷങ്ങളായി പല ഓഫീസുകളും കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ല. മന്ത്രി വീണ ജോർജ്, ഗതാഗതമന്ത്രി, എം. ഡി, കലക്ടർ എന്നിവർക്ക് നിവേദനങ്ങൾ നൽകിയിരുന്നു. ലേലത്തിനെടുത്ത കടമുറികൾ തുറക്കാൻ അനുമതി കിട്ടിയില്ലെങ്കിൽ, മുടക്കിയ പണം തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനും മറുപടിയില്ല.
കടമുറി വേണ്ടെന്നു വെക്കുമ്പോഴും കൊടുത്ത തുകയിൽനിന്ന് 25 ശതമാനം പിടിച്ചശേഷമാണ് കെ.എസ്.ആർ.ടി.സി. പണം തിരിച്ചുനൽകുക. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കെ.എസ്.ആർ.ടി.സി എങ്ങനെ പണം തിരികെ നൽകുമെന്നും അറിയില്ല.
ഒരുവർഷത്തിനുള്ളിൽ കട നൽകാംഎന്നായിരുന്നു വാഗ്ദാനം. 11 കോടി രൂപ ചെലവിലാണ് ഡിപ്പോയുടെ നിർമാണം വർഷങ്ങൾക്ക് ശേഷം പൂർത്തിയാക്കിയത്. ഉടമകളിൽ പലരും ഇനി കടമുറികൾ വേണ്ട എന്ന തീരുമാനത്തിലാണ്. പരാതിയുമായി ഉടമകൾ കോഴഞ്ചേരി താലൂക്ക് അദാലത്തിൽ മന്ത്രി വീണ ജോർജിനെ കണ്ടിരുന്നു. ഒരുനടപടിയും ഉണ്ടായിട്ടില്ല. പിന്നീട് പലപ്രാവശ്യം ഉടമകൾ അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഒന്നിനും പരിഹാരമുണ്ടായില്ല.
സുരക്ഷാ മാനദണ്ഡങ്ങളടക്കം പാലിക്കാതെയാണ് പത്തനംതിട്ട കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമിച്ചിരിക്കുന്നത്. തുടക്കത്തിൽ നിർമാണത്തിനാവശ്യമായ സൈറ്റ് എൻ.ഒ.സി വാങ്ങിയെങ്കിലും പണികഴിഞ്ഞ ശേഷം പ്രവർത്തിക്കാനാവശ്യമായ നിരാക്ഷേപ പത്രം (എൻ.ഒ.സി) ഇതുവരെ ലഭിച്ചിട്ടില്ല. എല്ലാ മാനദണ്ഡങ്ങളും കെട്ടിടത്തിൽ പാലിച്ചിട്ടുണ്ടെന്ന് അഗ്നിരക്ഷാ സേന, പത്തനംതിട്ട നഗരസഭക്ക് റിപ്പോർട്ട് നൽകണം. എങ്കിൽ മാത്രമേ നഗരസഭക്ക് ഓക്യുപ്പെൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ സാധിക്കു.
എന്നാൽ കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഇതുവരെ അപേക്ഷകൾ ഒന്നും അഗ്നിരക്ഷാ സേനയിൽ എത്തിയിട്ടില്ല. സേനക്ക് അപേക്ഷ നൽകി പരിശോധന നടത്തിയാലേ നഗരസഭക്ക് റിപ്പോർട്ട് നൽകാൻ കഴിയു. കെട്ടിട നിർമാണത്തിന് മുമ്പ് ആദ്യഘട്ടത്തിൽ സ്ഥലം കെട്ടിടത്തിന് അനുയോജ്യമാണെന്ന് അഗ്നിരക്ഷാ സേന പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
ശേഷം നിർമാണത്തിന്റെ ഒരു ഘട്ടത്തിലും അഗ്നിരക്ഷ സേനയുടെ അനുമതിയോ റിപ്പോർട്ടോ കെ.എസ്.ആർ.ടി.സി തേടിയിട്ടില്ല. കെ.എസ്.ആർ.ടി.സി അപേക്ഷ നൽകാതെ പരിശോധന നടത്താൻ കഴിയില്ലെന്നാണ് അഗ്നിരക്ഷാ സേന അധികൃതരുടെ വാദം.
കെട്ടിടം എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന അനുമതി ലഭിച്ചാൽ മാത്രമേ കെട്ടിട നമ്പർ, പ്രവർത്തന ലൈസൻസ് എന്നിവ ലഭിക്കു. നഗരസഭയുടെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റും അഗ്നിരക്ഷാസേനയുടെ നിരാക്ഷേപപത്രവും ലഭിക്കാത്തതിനാലാണ് ലേലം കൊണ്ടവർക്ക് കടമുറികൾ കൈമാറാത്തത്.
പുതിയ കെട്ടിടത്തിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ നിർമാണത്തിൽ നിരവധി പോരായ്മകളുണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. എല്ലാം പരിശോധിക്കുമ്പോൾ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ടെർമിനൽ അനധികൃത കെട്ടിടമായി നിലകൊള്ളുകയാണെന്നാണ് ആക്ഷേപം.
കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. 2015 സെപ്റ്റംബറിലാണ് നിർമാണം ആരംഭിച്ചത്. പണികൾ പല തവണ മുടങ്ങിയിരുന്നു. ഒമ്പത് കോടി രൂപ ചെലവഴിച്ചാണ് ബസ് ടെർമിനൽ നിർമിച്ചത്. ഇതിൽ രണ്ടരക്കോടി രൂപ അന്ന് എം.എൽ.എയായിരുന്ന കെ ശിവദാസൻ നായരുടെ ആസ്തി വികസനഫണ്ടിൽ നിന്ന് ബാക്കി 6.54 കോടി കോർപറേഷൻ വകയുമാണ്.
കെട്ടിടം പണി പൂർത്തിയാകുന്നതിന് മുമ്പേ പമ്പാ സർവീസിനായി യാർഡ് ഉദ്ഘാടനം നടത്തിയിരുന്നു. ശേഷം കഴിഞ്ഞ വർഷം ജൂണിൽ മന്ത്രി ഉദ്ഘാടനം നടത്തി ആണ് ബസ് സർവീസ് ആരംഭിക്കുന്നത്.
അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു
പത്തനംതിട്ട കെ.എസ്.ആര്.ടി.സി ടെര്‍മിനല്‍ കെട്ടിടത്തില്‍ വിള്ളല്‍ കണ്ടെത്തിയതോടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. ഒന്ന്, രണ്ട് നിലകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ ഈ ഭാഗത്ത് അറ്റകുറ്റപ്പണികള്‍ തുടങ്ങുകയായിരുന്നു. ബസ് കാത്തിരിക്കുന്ന ഭാഗത്തെ മേല്‍ത്തട്ടിന്റെ സിമന്റിന്റെ പ്ലാസ്റ്റര്‍ ഇളകി വീഴാന്‍ തുടങ്ങിയതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍ വിള്ളല്‍ കണ്ടെത്തിയത്.
പിന്നീട് നടത്തിയ പരിശോധനയിലാണ് മുകള്‍ നിലയിലും വിള്ളല്‍ കണ്ടെത്തിയത്. നിർമാണത്തിലെ അപാകതയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കോണ്‍ക്രീറ്റ് ബീം നല്കാത്തതുമൂലം ഭാരം താങ്ങാന്‍ കഴിയാത്തതാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിയെന്ന് കെ.എസ്.ആര്.ടി.സി എൻജിനീയറിങ് വിഭാഗം കണ്ടെത്തി. അറ്റകുറ്റപ്പണികള്‍ക്കായി സ്വകാര്യ എഞ്ചിനീയറിങ് കമ്പനിക്ക് ഇപ്പോള്‍ കരാര്‍ നല്‍കിയിരിക്കുകയാണ്.
വിള്ളല്‍ ഉണ്ടായ ഭാഗത്തെ സിമിന്റ് പ്ലാസ്റ്ററിങ് നീക്കം ചെയ്യുന്ന പണികളാണ് നടക്കുന്നത്. പ്രത്യേക രീതിയിലുള്ള കോണ്‍ക്രീറ്റ് ബോണ്ടിങ് മിശ്രീതം ഉപയോഗിച്ച് പ്ലാസ്റ്റര്‍ ചെയ്ത് ബലപ്പെടുത്താമെന്നാണ് അധികൃതര്‍ പറയുന്നത്. കോടികൾ മുതല്‍ മുടക്കി നിർമിച്ച കെട്ടിടത്തിലാണ് ഈ അപകടകരമായ സാഹചര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.