പത്തനംതിട്ട: നഗരസഭ ആയുർവേദ ഡിസ്പെൻസറിയെ എൻ.എ.ബി.എച്ച് അംഗീകാരം നൽകി ദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ദേശീയതലത്തിലുള്ള പരിശോധന ടീം സന്ദർശനം നടത്തി. നഗരസഭ 26ാം വാർഡിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയുടെ ശിലാസ്ഥാപനം 1999 ഒക്ടോബർ 26ന് അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ് നിർവഹിച്ചത്. പുതിയ ഭരണസമിതി അധികാരത്തിൽ വന്ന ശേഷം 33 ലക്ഷം രൂപ ചെലവിൽ നിർമിച്ച പുതിയ ഒ.പി ബ്ലോക്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു.
ഇപ്പോൾ രണ്ട് ബ്ലോക്കിലാണ് ആശുപത്രിയുടെ പ്രവർത്തനം. ഗ്രാമീണാന്തരീക്ഷത്തിൽനിന്ന് പത്തനംതിട്ടയെ നഗരവത്കരണത്തിലേക്ക് ആനയിച്ച ഡോ. കെ.ആർ. ബാലകൃഷ്ണപിള്ളയുടെ സ്മരണ നിലനിർത്താൻ അദ്ദേഹത്തിന്റെ പേരാണ് പുതിയ ബ്ലോക്കിന് നൽകിയിട്ടുള്ളത്. ആശുപത്രിയിൽ കിടത്തിച്ചികിത്സ ഉറപ്പാക്കാൻ 20 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാവുന്നു.
ആശുപത്രിയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി രണ്ട് ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് ബ്ലോക്കിന്റെ നിർമാണവും ഇക്കാലയളവിൽ പൂർത്തിയായി. പഴയ ബ്ലോക്കിന്റെ മുകൾ നിലയിൽ 18 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന യോഗഹാളിന്റെ നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടക്കുകയാണ്. കൂടാതെ വന്ധ്യത ചികിത്സ രംഗത്ത് മികവ് തെളിയിച്ച ഡോ. വഹീദ റഹ്മാന്റെ നേതൃത്വത്തിൽ വന്ധ്യത ചികിത്സ ക്ലിനിക്കും ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്നു. ജീവിതശൈലി രോഗ നിയന്ത്രണത്തിനായുള്ള ചികിത്സ, യോഗ, കൗമാരക്കാർക്കും വയോജനങ്ങൾക്കുമുള്ള മാനസിക ആരോഗ്യ പരിചരണം, ശിശുക്ഷേമ ആരോഗ്യ സംരക്ഷണം തുടങ്ങിയ പദ്ധതികളും ആശുപത്രിയിലുണ്ട്.
ആശുപത്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ദേശീയ സൂചികയായ എൻ.എ.ബി.എച്ച് അംഗീകാരംകൂടി ലഭിക്കുന്നതോടെ ആശുപത്രി ദേശീയ നിലവാരത്തിലേക്ക് ഉയരുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. എൻ.എ.ബി.എച്ച് നാഷനൽ അസസർ ഡോ. കെ.എസ്. ദിലീപിന്റെ നേതൃത്വത്തിൽ എൻ.എ.ബി.എച്ച് ഫെസിലിറ്റേറ്റർ ഡോ. കെ. ഗീത, ഡോ. ദീപക് പി. നാഥ്, ഡോ. എ.ആർ. റെസ്നി എന്നിവരടങ്ങിയ പരിശോധന സംഘമാണ് സന്ദർശനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.