ചിറക്കപ്പാറക്കടവിൽ ഇരുകരക്കാരുടെയും ഏക ആശ്രയം കടത്തുവള്ളമാണ്. എന്നാൽ കടത്തുവള്ളം മുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു. പൊതുമരാമത്തുവകുപ്പിന്റെ കടത്തുവള്ളം 2019ൽ നിലച്ചതാണെന്ന് നാട്ടുകാർ പറയുന്നു. അതിനുശേഷം മേഖലയിലെ ജനങ്ങൾ കിലോമീറ്റർ ചുറ്റിക്കറങ്ങിയാണ് മറുകരയെത്തുന്നത്
ചുങ്കപ്പാറ: പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് മണിമലയാറിന് കുറുകെ ചിറക്കൽപാറയിൽ പുതിയ പാലത്തിനായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പ് നീളുന്നു. പാലം നിർമിക്കാൻ ഭരണാനുമതി ലഭിച്ചിട്ടും നിർമാണപ്രവൃത്തികൾ ആരംഭിക്കാൻ വൈകുകയാണ്. 76 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമുള്ള പാലത്തിൽ 7.5 മീറ്റർ വീതിയിലാണ് ടാറിങ്. ഇരുവശങ്ങളിലും 1.5 മീറ്റർ വീതം വീതിയിൽ നടപ്പാതയുമടക്കം 20.22 കോടി രൂപയുടെ നിർമാണത്തിനാണ് അനുമതി ലഭിച്ചത്.
2022 ൽ പാലം നിർമാണത്തിന് സംസ്ഥാന ബജറ്റിൽ 13 കോടി രൂപ അനുവദിച്ചിരുന്നു. ആ വർഷം ജൂണിൽ ആറ്റിലും ഇരുകരകളിലുമായി മണ്ണുപരിശോധനയും പൂർത്തിയായിരുന്നു.പുതിയപാലം യാഥാർഥ്യമായാൽ മേഖലയിലെ വിദ്യാർഥികളുടെയും തൊഴിലാളികളുടെയും യാത്രാക്ലേശത്തിന് പരിഹാരമാകും. കോട്ടാങ്ങൽ, ചുങ്കപ്പാറ, പൊന്തൻപുഴ പ്രദേശങ്ങളിലെ ജനങ്ങൾക്ക് താഴത്തുവടകര, വെള്ളാവൂർ, പത്തനാട്, കങ്ങഴ എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയ ദൂരത്തിൽ ഈ പാലം പൂർത്തിയായാൽ എത്താനാകും. പ്രദേശവാസികളുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണ് പാലത്തിന് ഫണ്ടും ഭരണാനുമതിയും ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.