കോന്നി: പ്രമാടം- ളാക്കൂർ- മല്ലശ്ശേരി റോഡിൽ വിജിലൻസ് പരിശോധന ബുധനാഴ്ചയും തുടരും. നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി രണ്ടാം ഘട്ട പരിശോധന ചൊവ്വാഴ്ചയും പൂർത്തിയായില്ല. റോഡിൽ സ്ഥാപിച്ചിരിക്കുന്ന സൂചന ബോർഡുകളുടെ എണ്ണം, റോഡിന്റെ വീതിയും നീളവും ടാറിങ്ങിന്റെ കനം, ഓട നിർമാണം, ഓടക്ക് മൂടി സ്ഥാപിക്കൽ, ഐറിഷ് ഓടയുടെ നിർമാണം തുടങ്ങിയവ കൃത്യമായാണോ എന്നത് സംബന്ധിച്ചാണ് പരിശോധന നടത്തുന്നത്.
റോഡിന്റെ 8.5 കിലോമീറ്ററാണ് പരിശോധനകൾക്ക് വിധേയമാക്കുന്നത്. എട്ട് ഇഞ്ച് കനത്തിലാണ് ബി.എം ബി.സി റോഡ് നിർമിക്കേണ്ടത്. ഇത് അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം എസ്റ്റിമേറ്റ് പ്രകാരമുള്ള ജോലികളാണോ നടന്നതെന്ന് പരിശോധിക്കും. റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാക്കി മൂന്നാഴ്ച മുമ്പ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കേസിൽ പ്രതി ചേർക്കപ്പെട്ട അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ബി. ബിനു, അസിസ്റ്റന്റ് എൻജിനീയർ എസ്. അഞ്ജു, കരാറുകാരനായ രാജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ക്രാഷ് ബാരിയർ സ്ഥാപിച്ചു എന്ന് കാണിച്ച് പണം തട്ടിയതിൽ 4.5 ലക്ഷം രൂപയുടെ നഷ്ടമാണ് സർക്കാറിന് ഉണ്ടായത്.
റോഡ് പണി ചെയ്ത കരാറുകാരന്റെ സൈറ്റ് മാനേജർ പത്തനംതിട്ട പേഴുംപാറ പുത്തൻപറമ്പിൽ പി.വി. മാത്യു മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തുന്നത്. ബിനുവിന്റെ ഏജന്റാണ് റോഡിന്റെ അളവ് എടുത്തത്. അളവെടുത്തയാൾ അളവിൽ വത്യാസം കാണിച്ച് കരാറുകാരനോട് 20 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പത്ത് ലക്ഷം രൂപ കൊടുത്തിട്ടും വീണ്ടും പണം ആവശ്യപ്പെട്ടു എന്നും പരാതിയിൽ പറയുന്നു. എന്നാൽ, ബാക്കി തുക കരാറുകാരൻ കൊടുത്തില്ല.
ഈ നിർമാണത്തിൽ റിവേഴ്സ് എസ്റ്റിമേറ്റിൽ ബിൽ പാസാക്കി നിർമാണം നടത്താതെ എം ബുക്കിൽ എഴുതി ബില്ല് മാറി സർക്കാറിന് ലക്ഷങ്ങൾ നഷ്ടമുണ്ടാക്കിയതായും പരാതിയിൽ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.