പത്തനംതിട്ട: പി.എസ്.സിയുടെ എല്‍.ഡി ക്ലര്‍ക്ക് നിയമന ഉത്തരവ് കലക്ടറേറ്റിലെ രഹസ്യവിഭാഗത്തിൽനിന്ന് ചോര്‍ത്തി ഉദ്യോഗാര്‍ഥികള്‍ക്ക് വാട്സ്ആപ് വഴിനല്കി, ജോലിയില്‍ പ്രവേശിച്ച സംഭവത്തില്‍ കുറ്റക്കാരായ നാല് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി അട്ടിമറിച്ചു. കഴിഞ്ഞ വർഷമാണ് വിവാദസംഭവം. തിരുവല്ല സബ് കലക്ടറായിരുന്ന ശ്വേത നാഗര്‍കോട്ടി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുൻ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യർ നടപടിക്ക് ശിപാര്‍ശ ചെയ്ത് റവന്യൂ സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു.
ഉദ്യോഗസ്ഥരെ നടപടിയില്‍നിന്ന് രക്ഷപ്പെടുത്താൻ റിപ്പോർട്ട് റവന്യൂ മന്ത്രിയുടെ ഓഫിസില്‍ പൂഴ്ത്തിയതായാണ് അറിയുന്നത്. കലക്ടറേറ്റിലെ പ്രധാന ഉദ്യോഗസ്ഥ, സീക്രട്ട് സെക്ഷനിലെ രണ്ടു ക്ലര്‍ക്കുമാര്‍, ഭരണാനുകൂല സംഘടനയുടെ ജില്ല നേതാവ് എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
അടൂര്‍ താലൂക്ക് ഓഫിസിലേക്കുള്ള നിയമന ഉത്തരവ് കലക്ടര്‍ ഒപ്പിട്ടയുടന്‍ രണ്ട് ഉദ്യോഗാർഥികള്‍ക്ക് വാട്സ്ആപ് വഴി അയക്കുകയും അവര്‍ പ്രിന്റൗട്ടുമായി താലൂക്ക് ഓഫിസില്‍ ജോലിയില്‍ പ്രവേശിക്കുകയുമായിരുന്നു. രജിസ്ട്രേഡ് തപാലില്‍ അയക്കേണ്ടതും അതിരഹസ്യ സ്വഭാവത്തോടെ നടത്തേണ്ടതുമായ നടപടിയാണ് വാട്സ്ആപ് വഴിയാക്കിയത്.
25 പേര്‍ക്ക് നിയമനം നല്കാന് തീരുമാനിച്ചതിന് പിന്നാലെ രണ്ടുപേര്‍ക്ക് മാത്രം ഉത്തരവ് കൈമാറുകയായിരുന്നു. എല്ലാവര്ക്കും ഒന്നിച്ച് ഉത്തരവ് തപാലില്‍ അയക്കുകയാണ് വേണ്ടത്. അത് കിട്ടുന്ന മുറക്ക് ജോലിയില്‍ പ്രവേശിക്കണം.
ഇവിടെ മറ്റുള്ളവര്‍ക്ക് നിയമന ഉത്തരവ് അയക്കാതെയാണ് രണ്ടുപേര്‍ക്ക് മാത്രം കൈമാറിയത്. കൊല്ലം ജില്ലയില്‍നിന്നുള്ള ഈ ഉദ്യോഗാര്‍ഥികള്‍ അടൂര്‍ താലൂക്ക് ഓഫിസില്‍ ജോലിയില്‍ പ്രവേശിച്ചു. വിവരമറിഞ്ഞ് മറ്റുള്ളവർ കലക്ടറേറ്റില്‍ അന്വേഷിച്ചപ്പോഴാണ് തങ്ങള്‍ക്കുള്ള നിയമന ഉത്തരവ് അയച്ചിട്ടില്ലെന്ന് അറിയുന്നത്.
വിസ്മൃതിയിലേക്ക് മാധ്യമങ്ങള്‍ വാര്‍ത്തയുമായി സജീവമാകുകയും സമരങ്ങള്‍ തുടരുകയും ചെയ്തതോടെ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകുകയായിരുന്നു. എന്നാല്‍, പിന്നീട് ഇത് വിസ്മൃതയിലായി. ഈ തക്കം നോക്കിയാണ് ഇവര്‍ക്കെതിരായ നടപടിക്കുള്ള നിര്‍ദേശം പൂഴ്ത്തിയത്.
കലക്ടര്‍ ഒപ്പിട്ട് രജിസ്ട്രേഡ് തപാലില്‍ ലഭിക്കുന്ന നിയമന ഉത്തരവുമായാണ് ഉദ്യോഗാർഥികള്‍ ജോലിയില്‍ പ്രവേശിക്കേണ്ടതെന്നാണ് ചട്ടം. കലക്ടറേറ്റില്‍നിന്ന് തപാല്‍ മുഖാന്തരം വേണം നിയമന ഉത്തരവ് അയക്കാന്‍. അത് തപാല്‍ രേഖപ്പെടുത്തുന്ന ബുക്കില്‍ എഴുതുകയും വേണം. ഇവിടെ ഈ നടപടിയൊന്നും പാലിച്ചിട്ടില്ല.
ജോയന്റ് കൗണ്‍സിലിന്റെ ജില്ല നേതാവ് ഇടപെട്ടാണ് രണ്ടുപേര്‍ക്ക് മാത്രമായി നിയമനം നല്‍കിയത്. ഇത് കൗണ്‍സിലില്‍ തന്നെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
ചട്ടം മറികടന്ന് നിയമന ഉത്തരവ് നല്കിയ വിവരം കലക്ടര്‍ അറിഞ്ഞിരുന്നില്ല. അടിയന്തര പ്രാധാന്യത്തോടെ രണ്ടുപേരെ നിയമിക്കേണ്ടതുകൊണ്ട് അവര്‍ക്ക് ഉത്തരവ് വാട്സ്ആപ്പില്‍ കൈമാറിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഇങ്ങനെ ചെയ്യാന്‍ ചട്ടം അനുവദിക്കുന്നില്ല. സര്‍ക്കാര്‍ നടപടി മുറപോലെയാണ് നടക്കേണ്ടത്.
ജില്ല പി.എസ്.സി ഓഫിസറുടെ നിയമന ശിപാര്‍ശ പ്രകാരം 25 ഉദ്യോഗാര്‍ഥികളെ എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ ജില്ല റവന്യൂ ഭരണ വിഭാഗത്തില്‍ നിയമനം നല്കി കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത് കഴിഞ്ഞ വര്‍ഷം നവംബര്‍ 18നാണ്. ഓരോരുത്തര്‍ക്കും നിയമന ഉത്തരവ് അയച്ച് അവര്‍ ജോലിയിൽ പ്രവേശിക്കാൻ ഒരാഴ്ച സമയമെടുക്കും.
അന്ന് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം രണ്ടുപേര്‍ മാത്രം തിങ്കളാഴ്ച അടൂര്‍ താലൂക്ക് ഓഫിസില്‍ വന്ന് ജോലിയില്‍ പ്രവേശിച്ചു. 10, 14 സീരിയല്‍ നമ്പറുകളിലുള്ളവരാണ് ജോലിയില്‍ കയറിയത്. ജോയന്റ് കൗണ്‍സില്‍ നേതാവിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് വീടുകളില്‍ കൊണ്ടുപോയി നിയമന ഉത്തരവ് കൈമാറിയെന്നും പറയുന്നു.
കൊല്ലത്തുനിന്ന് ഇവര്‍ക്ക് വരാന്‍ ഏറ്റവും അടുത്തുള്ള അടൂര്‍ താലൂക്ക് ഓഫിസില്‍ തന്നെ നിയമനവും നല്കി. കോന്നിയിലും മല്ലപ്പള്ളിയിലും ഇതേ രീതിയില്‍ നിയമന ഉത്തരവ് ചോര്‍ന്നു കിട്ടിയവര്‍ ജോലിക്ക് ചേര്‍ന്നിരുന്നു.
രണ്ടു ദിവസം അവധിയായ രഹസ്യവിഭാഗത്തിലെ സൂപ്രണ്ടിന്റെ ഐ.ഡിയും പാസ്വേഡും ദുരുപയോഗം ചെയ്താണ് ഉത്തരവ് കൈക്കലാക്കിയതെന്ന് പറയുന്നു. ഉത്തരവിന്റെ പ്രിന്റൗട്ടുമായെത്തിയ ഉദ്യോഗാർഥികള്‍ തഹസില്‍ദാറുടെ അനുമതിയോടെയാണ് ജോലിയില്‍ പ്രവേശിച്ചത്.
ഇതിനു ശേഷമാണ് തഹസില്‍ദാര്‍ക്ക് കലക്ടറേറ്റില്‍നിന്ന് നിയമന ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചത്. കലക്ടറുടെ ശിരസ്തദാറുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗാർഥികളെ ജോലിയില്‍ പ്രവേശിപ്പിച്ചതെന്ന് തഹസില്‍ദാര്‍ വിശദീകരിച്ചിരുന്നു. വാട്സ്ആപ് പ്രിന്റൗട്ടുമായി ഉദ്യോഗാർഥികള്‍ എത്തിയപ്പോള്‍ തഹസില്‍ദാര്‍ ശിരസ്തദാറെ ഫോണില്‍ വിളിച്ചു. നിയമനം നല്‍കാമെന്ന് ശിരസ്തദാര്‍ പറഞ്ഞു. പിന്നാലെ നിയമന ഉത്തരവ് ഇ-മെയിലായി തഹസില്‍ദാര്‍ക്ക് കലക്ടറേറ്റില്‍നിന്ന് അയച്ചുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.