റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന മേഖലകൾ റോഡ് സുരക്ഷാ വിഭാഗം പരിശോധന നടത്തി. സംസ്ഥാനപാതയിലെ ചിലപ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിരന്തരം അപകടങ്ങൾ നടക്കുന്ന കാര്യം കഴിഞ്ഞ ദിവസം ശബരിമല അവലോകന യോഗത്തിനെത്തിയ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനോട് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. റോഡിന്റെ ചെത്തോക്കരയിൽ അത്തിക്കയം റോഡിലേക്ക് തിരിയുന്ന ഭാഗം, മാമുക്ക് ജങ്ഷൻ, ബ്ലോക്ക് പടി, ഉതിമൂട് , മണ്ണാറക്കുളഞ്ഞി ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്.
ചെത്തോം കരയിലും ഉതിമൂട്ടിലും വാഹനങ്ങളുടെ വേഗം കുറക്കുന്നതിനും ജങ്ഷൻ സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കുന്നതിനും അപകടസൂചന ലൈറ്റ് സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും. ബ്ലോക്കുപടിയിൽ കോഴഞ്ചേരി റോഡിൽനിന്ന് വാഹനം തിരിഞ്ഞു കയറുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കും. റാന്നി ഗവ. എൽ.പി.ജി സ്കൂൾ, തോട്ടമൺകാവ് ദേവി ക്ഷേത്രം എന്നിവയുടെ മുമ്പിൽ സീബ്രാലൈറ്റുകൾ സ്ഥാപിക്കുന്നതിന് വേണ്ട പരിശോധന നടത്തും. മാമുക്ക് ജങ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കും. മണ്ണാറക്കുളഞ്ഞി ഭാഗത്ത് ശബരിമലയിലേക്ക് തിരിയുന്നിടത്ത് കൂടുതൽ സൂചന ബോർഡുകൾ സ്ഥാപിക്കും.
പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആർ. പ്രകാശ്, റൂബി കോശി, റാന്നി ഡിവൈ.എസ്.പി ആർ. ജയരാജ്, ജോ ആർ.ടി.ഒ ബി. അജികുമാർ, കെ.എസ്.ഇ.ബി അസി. എൻജിനീയർ കാവ്യ, രഘുനാഥ്, റോഡ് സുരക്ഷ അതോറിറ്റി സാങ്കേതിക വിദഗ്ധ സംഘാംഗങ്ങളായ നിജു അഴകേശൻ, കല എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.