പത്തനംതിട്ട: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. അനിതകുമാരി അറിയിച്ചു. ലെപ്റ്റോസ്പൈറ വിഭാഗത്തിൽപെട്ട ബാക്ടീരിയയാണ് എലിപ്പനി പരത്തുന്നത്. കാർന്നുതിന്നുന്ന ജീവികളായ എലി, അണ്ണാൻ എന്നിവയും കന്നുകാലികളും മറ്റ് മൃഗങ്ങളും ഇതിന്റെ രോഗവാഹകരാണ്. ഈ ജീവികളുടെ മൂത്രമോ അത് കലർന്ന മണ്ണോ വെള്ളമോ വഴിയുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്.
ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, കന്നുകാലി പരിചരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ, കർഷകർ, മലിനജല സമ്പർക്കത്തിൽ ഏർപ്പെടുന്നവർ, മലിനമായ തോടുകളിലും ജലാശയങ്ങളിലും മീൻപിടിക്കാൻ ഇറങ്ങുന്നവർ തുടങ്ങിയവരിൽ രോഗസാധ്യത കൂടുതലാണ്. മലിനജലത്തിൽനിന്നും ശരീരത്തിലെ ചെറിയ മുറിവുകളിൽ കൂടിയോ, കണ്ണ്, മൂക്ക്, വായ എന്നിവ വഴിയോ രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർ വ്യക്തിഗത സുരക്ഷാമാർഗങ്ങളായ കൈയുറ, കാലുറകൾ എന്നിവ ഉപയോഗിക്കണം. കൂടാതെ ശരീരഭാഗങ്ങളിൽ മുറിവുകളുണ്ടെങ്കിൽ മലിനമായ വെള്ളവുമായോ മണ്ണുമായോ സമ്പർക്കമുണ്ടാകാതെ നോക്കണം. പനി, പേശിവേദന, തലവേദന, വയറുവേദന, ഛർദി, ഓക്കാനം, കണ്ണിന് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭലക്ഷണങ്ങൾ.
തുടക്കത്തിലേ രോഗനിർണയം നടത്താതിരുന്നാൽ രോഗം മൂർച്ഛിച്ച് കരൾ, വൃക്ക, ശ്വാസകോശം, ഹൃദയം തുടങ്ങി എല്ലാ അവയവങ്ങളെയും ബാധിക്കും. ഇവയെല്ലാം മരണകാരണമായേക്കാം. എലിപ്പനിക്കെതിരെയുള്ള മുൻകരുതൽ മരുന്നും ചികിത്സയും എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. പനി, പേശിവേദന തുടങ്ങിയ ലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തുന്നവര്‍ തങ്ങളുടെ തൊഴിൽ പശ്ചാത്തലം ഡോക്ടറോട് പറയുന്നത് രോഗനിർണയം എളുപ്പമാക്കും. രോഗം വരാൻ സാധ്യതയുള്ള വ്യക്തികൾ ആഴ്ചയിലൊരിക്കൽ 200 മില്ലീഗ്രാം ഡോക്സിസൈക്ലിൻ ഗുളിക (100 മില്ലീഗ്രാമിന്റെ രണ്ടെണ്ണം) ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കുക. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഗുളിക സൗജന്യമായി ലഭ്യമാണെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
പ്രതിരോധമാർഗങ്ങൾ: പനി, തലവേദന, ശരീരവേദന എന്നിവ ഉണ്ടായാൽ സ്വയംചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടുക. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുക. ശരീരത്തിൽ മുറിവുള്ളപ്പോൾ മലിനജലത്തിൽ ഇറങ്ങാതിരിക്കുക. ആഹാരവും കുടിവെള്ളവും എലിമൂത്രം വഴി മലിനമാകാതെ മൂടിവെക്കുക. ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ശരിയായ രീതിയിൽ സംസ്കരിക്കുക. കാലിത്തൊഴുത്തിലെ മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കുക. വീടും പരിസരവും വെള്ളം കെട്ടിനിൽക്കാതെ വൃത്തിയായി സൂക്ഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.