പത്തനംതിട്ട: കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽനിന്ന് ഒരാഴ്ച മുമ്പ് ആരംഭിച്ച ബംഗളൂരുവിലേക്കുള്ള എ.സി സെമി സ്ലീപ്പർ സ്വിഫ്റ്റ് ബസിന് റെക്കോഡ് കലക്ഷൻ. എട്ട് ദിവസത്തിനിടെ 4,80,000 രൂപയാണ് വരുമാനം. പൂർണമായും ഓൺലൈൻ ബുക്കിങ്ങിലൂടെയാണ് ടിക്കറ്റ് എടുക്കേണ്ടത്. വിഷു അവധിക്ക് ശേഷം 16ന് ബംഗളൂരുവിലേക്കുള്ള ട്രിപ് മുഴുവൻ സീറ്റും നിറഞ്ഞാണ് സർവിസ് നടത്തിയത്. എട്ട് ദിവസത്തിനിടെ മൂന്നുദിവസം ഇത്തരത്തിൽ മുഴുവൻ സീറ്റും നിറഞ്ഞാണ് ബസ് പത്തനംതിട്ട ഡിപ്പോയിൽനിന്ന് യാത്ര തുടങ്ങിയത്. ഇനിയുള്ള ദിവസങ്ങളിൽ എല്ലാദിവസവും സീറ്റ് നിറയുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്‍റ്.
ബംഗളൂരുവിലേക്കുള്ള സൂപ്പർ ഡീലക്സ് ബസിലും യാത്രക്കാർ ഏറെയാണ്. കോവിഡ്കാലത്തിന് പത്തനംതിട്ടയിൽനിന്ന് സർവിസ് നടത്തിയിരുന്ന എല്ലാ അന്തർ സംസ്ഥാന ബസുകളും പുനരാരംഭിച്ചു. തെങ്കാശി, കോയമ്പത്തൂർ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കാണ് മറ്റ് അന്തർ സംസ്ഥാന സർവിസുകൾ.
രാവിലെ 7.30ന് തെങ്കാശി, 8.30ന് കോയമ്പത്തൂർ, വൈകീട്ട് അഞ്ചിന് മംഗളൂരുവിലേക്ക് സൂപ്പർ ഡീലക്സ്, 5.32ന് ബംഗളൂരുവിലേക്ക് സൂപ്പർ ഡീലക്സ് 5.33ന് ബംഗളൂരുവിലേക്ക് എ.സി സെമിസ്ലീപ്പർ, ആറിന് മൈസൂരുവിലേക്കുള്ള സൂപ്പർഡീലക്സുമാണ് പത്തനംതിട്ടയിൽനിന്ന് അന്തർ സംസ്ഥാന റൂട്ടിൽ സർവിസ് നടത്തുന്നത്. ശരാശരി 46 ഷെഡ്യൂളാണ് ദിവസവും പത്തനംതിട്ട ഡിപ്പോയിൽനിന്ന് നിലവിൽ സർവിസ് നടത്തുന്നത്. വരുമാനവും ദിനംപ്രതി കൂടിവരുന്നു. കഴിഞ്ഞ 18ന് റെക്കോഡ് കലക്ഷനാണ് ഡിപ്പോ നേടിയത്. 11 ലക്ഷം രൂപ. നേരത്തേ ഒമ്പത് ലക്ഷം രൂപവരെയാണ് ദിവസ കലക്ഷൻ ലഭിച്ചിട്ടുള്ളത്. അടുത്ത ആഴ്ച മുതൽ പുതിയ കെട്ടിട സമുച്ചയത്തിലേക്ക് ഡിപ്പോയുടെ പ്രവർത്തനം മാറുന്നതോടെ കൂടുതൽ സർവിസുകൾ ആരംഭിക്കാനും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ സംവിധാനമൊരുക്കാനുമുള്ള തയാറെടുപ്പിലാണ് കെ.എസ്.ആർ.ടി.സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.