പത്തനംതിട്ട: വിദ്യാലയ മുറ്റങ്ങളിൽ ഒരിക്കൽ കൂടി കളിചിരികൾ ഉയരുന്നു. പൊതുവിദ്യാലയങ്ങളും അണ്‍എയ്ഡഡ് മേഖലയും പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. പുത്തന്‍ അനുഭവങ്ങള്‍ തേടിയുള്ള കുരുന്നുകളുടെ വരവില്‍ പുതുമകളേറെ സൃഷ്ടിക്കാനുള്ള തയാറെടുപ്പാണ് പ്രവേശനോത്സവം. സ്കൂള്‍ അന്തരീക്ഷം സന്തോഷദായകമാണെന്ന തിരിച്ചറിവിലേക്ക് നവാഗതരെ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. ചിത്രങ്ങളും വര്‍ണബലൂണുകളും കിരീടവും തൊപ്പിയും അലങ്കാരങ്ങളും മധുരവിതരണവും എല്ലാം സ്കൂള്‍ അന്തരീക്ഷത്തെ ഇന്ന് ആഹ്ലാദഭരിതമാക്കും.ജില്ലയിലെ 730 പൊതുവിദ്യാലങ്ങളും അണ്‍എയ്ഡഡ് മേഖലയിലെ നൂറുകണക്കിനു വിദ്യാലയങ്ങളുമാണ് മധ്യവേനല്‍ അവധിക്കുശേഷം ഇന്ന് തുറക്കുന്നത്.
കുട്ടികളെ വരവേല്‍ക്കാനായി സര്‍ക്കാര്‍തലത്തില്‍ പ്രവേശനോത്സവ പരിപാടികള്‍ ക്രമീകരിച്ചിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തിലാണ് പ്രവേശനോത്സവ പരിപാടികള്‍. പരിമിതികളും ബുദ്ധിമുട്ടുകളും പൊതുവിദ്യാഭ്യാസ മേഖലയില്‍ നിന്നു വിട്ടുമാറിയിട്ടില്ലെങ്കിലും പരമാവധി സൗകര്യങ്ങളോടെ സ്കൂളുകളില്‍ അധ്യയനം പുനരാരംഭിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഉച്ചഭക്ഷണം ആദ്യദിനം മുതല്ക്കേ നല്‍കണമെന്നാണ് നിര്‍ദേശം. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ കീഴിലുള്ളത്. സര്‍ക്കാര്‍ പ്രീ പ്രൈമറി കുട്ടികള്‍ക്കും ഇതു ലഭ്യമാകും. കുട്ടികള്‍ക്ക് ഭക്ഷണത്തിനാവശ്യമായ അരി ശനിയാഴ്ചയോടെ എത്തിച്ചിട്ടുണ്ട്. എന്നാല്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷനിലെ ചില മാവേലി സ്റ്റോറുകളില്‍ സ്റ്റോക്കുകളിലുണ്ടായ കുറവുകാരണം അരി വിതരണം പൂര്‍ണമായിട്ടില്ലെന്ന് പറയുന്നു. ഉച്ചഭക്ഷണം തയാറാക്കുന്ന പാചക തൊഴിലാളികളുടെ രണ്ടുമാസത്തെ വേതനം കുടിശികയാണ്. ഇതിന്റെ പേരില്‍ ഒരുവിഭാഗം ജീവനക്കാർ ഇന്ന് ജോലി ബഹിഷ്കരിക്കും.
പൊതുവിദ്യാലയങ്ങളെന്ന പരിഗണന ഉള്ളപ്പോള്‍ത്തന്നെ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ എയ്ഡഡ് വിദ്യാലയങ്ങളെ മാറ്റിനിര്‍ത്തുകയാണ്. പ്രവേശനോത്സവത്തിനുള്ള ഗ്രാന്റു പോലും എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് ലഭിക്കാറില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് 1000 രൂപയാണ് നല്‍കുന്നത്. അധ്യയനവര്‍ഷം അവസാനമായിരിക്കും ഇതുനല്കുക. എയ്ഡഡ് മേഖലയില്‍ ഇതു നല്‍കാറേ ഇല്ല. പ്രവേശനോത്സവം അവർ സ്വന്തംനിലയില്‍ വേണം ക്രമീകരിക്കാന്‍. ബാനറുകള്‍ പോലും നല്‍കാറില്ല. പ്രീ- പ്രൈമറി കുട്ടികള്‍ക്കുള്ള ആനുകൂല്യം എയ്ഡഡ് മേഖലയില്‍ ഇല്ല. ഉച്ചഭക്ഷണം, യൂണിഫോം, പുസ്തകം ഇവയൊന്നും ലഭിക്കില്ല. അധ്യാപകര്‍ സ്വന്തം നിലയിലോ മാനേജ്മെന്റുകളുടെ സഹായത്താലോ ആണ് ഇവ ക്രമീകരിക്കുന്നത്. പ്രീ പ്രൈമറി അധ്യാപകര്‍ക്കുള്ള വേതനവും എയ്ഡഡ് സ്കൂളുകള്‍ക്കില്ല.
പുസ്തകവും യൂനിഫോമും സ്കൂള്‍ തുറക്കുന്നതിനു മുൻപേ എത്തിക്കമെന്നതായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് രണ്ടാഴ്ച മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കി. ആദ്യദിനം സ്കൂളില്‍ എത്തുമ്പോള്‍ കുട്ടികളുടെ കൈകളില്‍തന്നെ പുതിയ പുസ്തകം ഉണ്ടാകും. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളില്‍ പുതിയ പാഠപുസ്തകമാണ്. താഴ്ന്ന ക്ലാസുകളില്‍ അക്ഷര പഠനത്തിന് പ്രാധാന്യം തിരികെ നല്‍കിയാണ് പുസ്തകങ്ങളുടെ പരിഷ്കരണം. പുസ്തകത്തിന്റെ ഓര്‍ഡര്‍ നേരത്തെ സ്വീകരിച്ചിരുന്നതിനാല്‍ അവധിക്കാലത്തുതന്നെ വിതരണം നടത്തിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. എന്നാല്‍ കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് പുസ്തകം പലയിടത്തും ഇനിയും വേണ്ടിവരും. പ്രൈമറി ക്ലാസുകളിലെ ആക്ടിവിറ്റി വിഭാഗത്തിലെ പുസ്തകങ്ങള്‍ ഇനി വരാനുമുണ്ട്.പ്രീ പ്രൈമറി മുതല്‍ എട്ടാംക്ലാസ് വരെ കുട്ടികള്‍ക്ക് പാഠപുസ്തകം സൗജന്യമാണ്. യൂണിഫോം തുണിയും രണ്ടാഴ്ച മുൻപുതന്നെ സ്കൂളുകളില്‍ നിന്ന് കുട്ടികള്‍ക്ക് നല്‍കിത്തുടങ്ങിയിരുന്നു.
പൊതുവിദ്യാലയങ്ങളുടെ സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലും കര്‍ശന നടപടികളാണ് ഇക്കുറി സ്വീകരിച്ചത്. പ്രവര്‍ത്തനക്ഷമമായ കെട്ടിടങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന എന്‍ജിനിയര്‍മാര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയവര്‍ക്കു മാത്രമേ ഇന്നു മുതല്‍ ക്ലാസുകള്‍ തുടങ്ങാനാകൂവെന്നാണ് അറിയിപ്പ്. സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി വിദ്യാഭ്യാസ വകുപ്പിലേക്കു ലഭ്യമാക്കുകയും വേണം. ആരോഗ്യവും പ്രധാനംകുട്ടികളുടെ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തിയുള്ള നിര്‍ദേശങ്ങളും ആദ്യദിനം മുതല്ക്കേ നടപ്പാക്കും. കിണറുകളിലെ വെള്ളം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന നിര്‍ദേശമുണ്ട്. സ്കൂളും പരിസരവും വൃത്തിയായിരിക്കണമെന്നും അടുക്കള, ശൗചാലയം എന്നിവിടങ്ങളില്‍ ശുചിത്വം ഉറപ്പാക്കാനും നിര്‍ദേശിച്ചു. ഭക്ഷണം പാചകം ചെയ്യുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ജീവനക്കാര്‍ സ്കൂള്‍ പരിശോധനയ്ക്ക് എത്തുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളുകള്‍ പരിശോധിച്ച് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
പത്തനംതിട്ട: പത്തനംതിട്ട ജില്ലതല പ്രവേശനോത്സവം പെരിങ്ങനാട് റ്റി.എം.ജി ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.തിങ്കളാഴ്ച രാവിലെ 9.30ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ എസ്.എസ്.എൽ.സി -പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർഥികളെയും വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെയും ആദരിക്കും. രക്ഷകർതൃ വിദ്യഭ്യാസം എന്ന വിഷയത്തിൽ ഡോ. മഞ്ജുഷ ശ്രീജിത്ത് ക്ലാസ് നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.