പത്തനംതിട്ട: പുതിയ പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈയിലെത്തുമ്പോൾ കാർട്ടൂണിസ്റ്റ് ഷാജി മാത്യു വരച്ച ചിത്രങ്ങളും നിറയെ ഉണ്ട്. മണ്ടൂസ്, ടിന്റുമോൻ, പിണ്ടൂസ്, ശുപ്പൻ തുടങ്ങി നിരവധി കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മണ്ണാറക്കുളഞ്ഞി സ്വദേശി ഷാജി മാത്യുവാണ് ഇത്തവണ പാഠപുസ്തകങ്ങളിലെ ചിത്രങ്ങൾ വരച്ചത്.
ഒന്ന്, മൂന്ന്, അഞ്ച്, ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, ഗണിതം പുസ്തകങ്ങളിലാണ് ഷാജി മാത്യു വരച്ചത്. കുട്ടികളുടെ വരയിൽ ഷാജി മാത്യുവിന്റെ ദീർഘകാല പരിചയം പ്രയോജനപ്പെടുത്താൻ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി തീരുമാനിക്കുകയായിരുന്നു. ഷാജി മാത്യുവിന്റെ ചിത്രങ്ങൾ മുമ്പും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. പ്രശസ്ത എഴുത്തുകാരൻ കെ. ശ്രീകുമാറിന്റെ ‘മഞ്ഞപ്പാവാട’ എന്ന പാഠത്തിനു വേണ്ടി വരച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രങ്ങൾ വരക്കുക മാത്രമല്ല അനുയോജ്യമായ നിറങ്ങൾ നൽകി പുസ്തകവും മനോഹരമാക്കി. പുസ്തക രചയിതാക്കളുമായി നിരവധി തവണ ചർച്ച നടത്തിയാണ് ഓരോ ചിത്രവും തയാറാക്കിയിട്ടുള്ളത്. അക്കാദമിക് കോഓഡിനേറ്റർ രാജേഷ് എസ്. വള്ളിക്കോടും നിർദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.