പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജില്ലയിലെ കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തിൻ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുവാൻ തിരുവല്ലയിൽ ചേർന്ന ഡി.സി.സി നേതൃയോഗത്തിൽ പങ്കെടുക്കാതിരുന്ന പതിനഞ്ച് ഡി.സി.സി ഭാരവാഹികൾ പതിനെട്ട് മണ്ഡലം പ്രസിഡന്റുമാർ എന്നിവർക്ക് കെ.പി.സി.സി നിർദ്ദേശമനുസരിച്ച് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി.
തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുവാൻ ചേർന്ന വളരെ പ്രാധാന്യമുള്ള യോഗത്തിൽ മതിയായ കാരണം മുൻകൂട്ടി അറിയിക്കാതെ വിട്ടു നിന്ന സാഹചര്യം കത്ത് ലഭിച്ച് ഏഴുദിവസത്തിനകം ബോധിപ്പിക്കണമെന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ ആവശ്യപ്പെട്ടത്. മതിയായ കാരണം ബോദ്ധ്യപ്പെട്ടില്ലെങ്കിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ 17നാണ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി തിരുവല്ലയിൽ നേതൃയോഗം ചേർന്നത്. യോഗം തുടങ്ങിയ സമയത്ത് 85 ഡി.സി.സി ഭാരാഹികളിൽ 20 പേരും 75 മണ്ഡലം പ്രസിഡന്റുമാരിൽ 35 പേരും മാത്രമാണ് എത്തിയത്.
കസേരകൾ ഒഴിഞ്ഞു കിടക്കുന്നത് കണ്ട് ഇങ്ങനെയെങ്കിൽ മാസങ്ങൾ മാത്രം ബാക്കിയുള്ള തെരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടുമെന്ന് സതീശൻ ചോദിച്ചു. രണ്ട് മാസം മുമ്പ് പുനസംഘടിപ്പിച്ച മണ്ഡലം കമ്മിറ്റികളുടെ പ്രസിഡന്റുമാർക്ക് പോലും സുപ്രധാന യോഗത്തിനെത്താൻ കഴിയുന്നില്ലെങ്കിൽ ഈ പാർട്ടിയുടെ പോക്ക് എങ്ങോട്ടാണെണന്ന് ചിന്തിക്കണം.
ഉത്തരവാദിത്തം നിറവേറ്റാൻ ബുദ്ധിമുട്ടുള്ളവർ രാജിവെച്ചൊഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സതീശന് അന്ന് മറ്റ് പല യോഗങ്ങുമുണ്ടായിരുന്നു. അതിനാൽ നിശ്ചയിച്ച രണ്ട് മണിക്ക് തന്നെ യോഗം തുടങ്ങി. ഇതാണ് കൂടുതലും പ്രശ്നമായത്. പിന്നീട് പലരും ഓടികിതച്ചെത്തി. എങ്കിലും നല്ലൊരു വിഭാഗം നേതാക്കൾ എത്താതിരുന്നതാണ് സതീശനെ ചൊടിപ്പിച്ചത്.
ഹാജരാകാതിരുന്നവരിൽ നിന്ന് വിശദീകരണം തേടാൻ നിർദേശിച്ചാണ് പ്രതിപക്ഷ േനതാവ് മടങ്ങിയത്.
പ്രതിപക്ഷ നേതാവ് മടങ്ങിയതിന് ശേഷം ഫണ്ട് പിരിവ് സംബന്ധിച്ച നിർദേശത്തെ ചൊല്ലിയും യോഗത്തിൽ വലിയ പ്രതിഷേധമുയർന്നു.
കരുണാകൻ സ്മാരകത്തിനും പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും നയിക്കുന്ന യാത്രക്കും കൂടാതെ ഇലക്ഷൻ ഫണ്ടും പിരിക്കാനുള്ള നിർദേശമാണ് പ്രതിഷേധം ക്ഷണിച്ചു വരുത്തിയത്. ആേന്റാ ആൻണി തന്നെ നാലാമതും പത്തനംതിട്ടയിൽ മൽസരിക്കാനൊരുങ്ങുന്നതിനെ ചൊല്ലി പാർട്ടിയിൽ ഒരു വിഭാഗത്തിന് മുറുമുറുപ്പുണ്ട്.
കെ.പി.സി.സി രാഷ്ടീയ കാര്യസമിതി പുനസംഘടനയെ ചൊല്ലിയും തർക്കമുണ്ട്. നേതൃയോഗത്തിൽ ആളുകുറഞ്ഞതിന് പിന്നിൽ ഇവയും കാരണമായിട്ടുണ്ടെന്നാണ് നേതൃത്വം സംശയിക്കുന്നത്. കാരണം കാണിക്കൽ നോട്ടീസ് നൽകിയത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.