പത്തനംതിട്ട: വികസന, നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും അവലോകനയോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ വിമുഖതയും വീഴ്ചയും വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലതല പട്ടികജാതി-വര്‍ഗ വികസനസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനായി വകയിരുത്തുന്ന ഫണ്ടുകള്‍ കാര്യക്ഷമമായി വിനിയോഗിക്കണമെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
അരുവാപ്പുലം പഞ്ചായത്തിലെ കാഞ്ഞിരപ്പാറ ഐശ്വര്യ സെറ്റില്‍മെന്റ് കോളനി കുടിവെള്ള പദ്ധതിക്ക് ഫണ്ട് അനുവദിക്കാൻ തീരുമാനമായി. തുമ്പമണ്‍ പഞ്ചായത്തിലെ എളംകുളംപാറ- മലപ്പുറം റോഡ് കോണ്‍ക്രീറ്റിങ്ങിന് പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ച് അംഗീകാരമായി. വടശ്ശേരിക്കര പഞ്ചായത്തിലെ കൈതയ്ക്കമണ്ണില് പട്ടികജാതി കോളനി റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഭരണാനുമതി നല്കി. അംബേദ്കര്‍ സ്വാശ്രയഗ്രാമം പദ്ധതിയില്‍പെടുന്ന പറയാനാലി, ചാന്തോലില്‍, എഴിക്കാട്, കൊങ്കരമാലില്, പന്നിവേലിച്ചിറ, അടുംബട, മൂര്‍ത്തിമുരുപ്പ് തുടങ്ങി നിരവധി പട്ടികജാതി കോളനികളുടെ നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ബാക്കിപ്രവൃത്തികള് ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിനും നിര്‍ദേശം നല്കി. പട്ടികവര്‍ഗവകുപ്പിന്റെ കീഴില്‍ എ.ബി.സി.ഡി കാമ്പയിന്റെ ഭാഗമായി 18 ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ആവണിപ്പാറ പട്ടികവര്‍ഗ കോളനിയിലെ പാലത്തിന് രണ്ടുകോടിയുടെ ഭരണാനുമതി നല്‍കുന്നതിന് സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നടപടിക്കായി യോഗം ശുപാര്‍ശ ചെയ്തു. കലക്ടര്‍ എ. ഷിബു, ജില്ല പ്ലാനിംഗ് ഓഫീസര്‍ എ.എസ്. മായ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.