പന്തളം: വേനൽ കടക്കുന്നതോടെ അച്ചൻകോവിലാറ്റിൽ അപകടങ്ങൾ വർധിക്കുന്നത് നിത്യസംഭവമാണ്. അച്ഛൻകോവിൽ അപകട മേഖലകളിൽ അപായസൂചനകളില്ല. കടവിലിറങ്ങുന്നവര് അപകടത്തിൽനിന്ന് രക്ഷനേടാൻ അപായ സൂചന ബോർഡുകൾ സ്ഥാപിക്കേണ്ടതാണ്. നിരവധി യുവാക്കളാണ് വർഷങ്ങളായി അച്ഛൻകോവിലാറിൽ വേനൽക്കാലത്ത് മുങ്ങിമരിക്കുന്നത്. കഴിഞ്ഞ ദിവസം പന്തളം മഹാദേവക്ഷേത്ര സമീപത്തെ കടവിൽ കുളിക്കാൻ ഇറങ്ങിയ കെ.എസ്.ആർ.ടി.സിയുടെ ജീവനക്കാരൻ വിനോദ് കുമാർ അപകടത്തിൽപെട്ട് മുങ്ങിമരിച്ചു.
വേനൽച്ചൂടിൽ അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് താഴ്ന്ന് മിക്കയിടങ്ങളിലും നീരൊഴുക്ക് നാമമാത്രമാണ്. മേഖലയിൽ ആറ്റിലെ കയങ്ങൾക്കു സമീപങ്ങളിൽ മാത്രമാണ് സാമാന്യം ജലനിരപ്പ് കാണാൻ കഴിയുന്നത്. തുമ്പമൺ പഞ്ചായത്തിലെ മുട്ടം, മണ്ണാകടവ് എന്നിവിടങ്ങളിലെ കയങ്ങളിലാണ് അപകടസാധ്യത നിലനിൽക്കുന്നത്.
മേഖലയിലെ കയങ്ങളിൽ ഇതുവരെ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കൂടാതെ കടയ്ക്കാട്, തോന്നല്ലൂർ തുടങ്ങിയ കടവുകളിലും അപകടം നിത്യസംഭവമാണ്. അവധി ദിവസങ്ങളിലും മറ്റും കൂട്ടമായി എത്തുന്നവർ ആറ്റിലിറങ്ങി അലക്ഷ്യമായി നീങ്ങുമ്പോൾ അപകടത്തിൽപെടുന്നത് പതിവാണ്. ജലനിരപ്പ് കുറഞ്ഞെന്ന് തോന്നിക്കുമെങ്കിലും ആഴവും അടിത്തട്ടിലെ ചളിയും കൂടുതലാണ്.
അപകടം ഒളിഞ്ഞിരിക്കുന്ന കടവുകളിലും കയങ്ങൾക്കു സമീപവും സൂചന മുന്നറിയിപ്പ് ബോർഡുകളില്ല എന്നതാണ് വസ്തുത. ആളുകൾ ഏറ്റവും കൂടുതലെത്തുന്ന പന്തളം വലിയ കോയിക്കൽ ശ്രീധർമശാസ്താക്ഷേത്ര കടവിൽ മാത്രമാണ് ഇരുകരയിലും ഓരോ മുന്നറിയിപ്പ് ബോർഡുകളെങ്കിലും സ്ഥാപിച്ചിട്ടുള്ളത്. മറ്റെവിടെയും കയങ്ങൾക്ക് സമീപം ഒരു അപകട മുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ല. സുരക്ഷാ സംവിധാനം ഏർപ്പെടുത്താൻ അധികൃതർ നടപടി സ്വീകരിച്ചാൽ ഒട്ടേറെ ജീവൻ രക്ഷിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.