പത്തനംതിട്ട: കനത്ത ചൂടിൽ ആശ്വാസമായി വേനൽ മഴ തുടരുന്നു. ജില്ലയിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വൈകീട്ട് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമില്ല. വരും ദിവസങ്ങളിൽ വേനൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ. ജില്ലയിൽ താപനില 38 ഡിഗ്രി കവിഞ്ഞിട്ടുണ്ട്. ജില്ലയിൽ തിരുവല്ല ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലയിൽ 40 ഡിഗ്രി സെൽഷ്യസും കടന്നിട്ടുണ്ട്.
ഈ മാസം ആറ് വരെ കനത്തചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇത്രയും ചൂട് ഇതിന് മുമ്പ് അനുഭവപ്പെട്ടിട്ടില്ലന്നാണ് കാലാവസ്ഥവകുപ്പ് നിരീക്ഷകർ പറയുന്നത്.
സൂര്യനിൽനിന്നുള്ള അൾട്രാ വയലറ്റ് കിരണങ്ങളുടെ തോത് വർധിച്ചതാകാം ചൂട് കൂടാൻ കാരണമെന്നാണ് നിഗമനം. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് കൂടുന്നതും താപനില ഉയരുന്നതിന് കാരണമാകുന്നുണ്ട്. കനത്തവേനലിൽ ഭൂഗർഭജല നിരപ്പ് ഇടിഞ്ഞതോടെ ഭൂരിഭാഗം കിണറുകളും പൂർണമായും വറ്റിവരണ്ട് നാടെങ്ങും ജലക്ഷാമം നേരിടുകയാണ്.
പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത വിധം പൊള്ളുന്ന ചൂടാണ് മിക്ക ദിവസവും അനുഭവപ്പെടുന്നത്. നദികളും തോടുകളുമൊക്കെ നേരത്തെ തന്നെ വറ്റിവരണ്ടു. ജനുവരിയും ഫെബ്രുവരിയും ചൂട് കൂടുതൽ അനുഭവപ്പെടുന്ന പ്രവണത കഴിഞ്ഞ കുറച്ചു വര്ഷങ്ങളായുണ്ടായിരുന്നു.
ഇതിനിടക്ക് ആശ്വാസമായി വേനൽമഴ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ എല്ലാം തകിടം മറിഞ്ഞു. ആഗോളതലത്തില്‍ തന്നെ ചൂട് കൂടുന്നുവെന്നാണ് വിദ്ഗധർ പറയുന്നത്. എല്‍ നിനോ പ്രതിഭാസം മൂലം 2024ൽ ചൂട് കുത്തനെ കൂടുമെന്ന് വിദഗ്ധര്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.
കേരളത്തില്‍ വേനല്‍ മഴയില്‍ 68 ശതമാനം കുറവ് രേഖപ്പെടുത്തി. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയാണ് വേനല്‍ക്കാല സീസണ്. ഈ കാലയളവില്‍ പെയ്യുന്ന മഴയാണ് വേനല്‍ മഴയുടെ കണക്കില്‍ ഉള്‍പ്പെടുത്തുന്നത്. മാര്‍ച്ച് 1 മുതല്‍ ഇന്നു വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ മഴക്കുറവ് 68 ശതമാനമാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകളില്‍ പറയുന്നു.
ഈ കാലയളവില്‍ കേരളത്തില്‍ ലഭിക്കേണ്ടത് 36.2 എം.എം മഴയാണ്. എന്നാല്‍ സംസ്ഥാന ശരാശരി പ്രകാരം 11.7 എം.എം മഴയേ ലഭിച്ചിട്ടുള്ളൂ. വലിയതോതിലുള്ള മഴക്കുറവിന്റെ പട്ടികയിലാണ് 68 ശതമാനം മഴക്കുറവ് രേഖപ്പെടുത്തുക.
60 ശതമാനം മുതല്‍ 99 ശതമാനം വരെ മഴ കുറയുന്നതിനെയാണ് വളരെ കുറവ് മഴ എന്നു പറയുന്നത്. ഇടുക്കി (91%), കണ്ണൂര്‍ (99%), എറണാകുളം (66%), കാസര്‍കോട് (99%), പാലക്കാട് (95%), തൃശൂര്‍ (95%) മഴ കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കാസര്‍കോട് ജില്ലയുടെ വടക്കേ അറ്റത്തും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലും നേരിയ തോതില്‍ വേനല്‍മഴ ലഭിച്ചു. കോന്നിയില്‍ പെയ്ത രണ്ട് എം.എം മഴയാണ് ഏറ്റവും ശക്തമായ മഴയായി റിപ്പോര്‍ട്ട് ചെയ്തത്.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലും, മാഹിയിലും മഴക്കുറവാണ്. മാഹിയിലെ മഴക്കുറവ് 100 ശതമാനമാണ്. മാഹിയില്‍ 17.1 എം.എം മഴ പെയ്യേണ്ടതിനു പകരം ഒരു തുള്ളി പോലും മഴ ലഭിച്ചില്ല. ലക്ഷദ്വീപില്‍ ഈ കാലയളവില്‍ പെയ്യേണ്ട 16.8 എം.എം മഴക്ക് പകരം 7.9 എം.എം മഴയാണ് ലഭിച്ചത്. 53 ശതമാനമാണ് ലക്ഷദ്വീപിലെ മഴക്കുറവ്.
കേരളത്തിലെ മൂന്നു ജില്ലകളില്‍ ഒരു തുള്ളിപോലും വേനല്‍മഴ ലഭിച്ചില്ല. കോഴിക്കോട്, വയനാട്, മലപ്പറം ജില്ലകളിലാണ് 100 ശതമാനം മഴക്കുറവുള്ളത്. കോഴിക്കോട്ട് 19.6 എം.എം, മലപ്പുറത്ത് 22.5 എം.എം, വയനാട്ടില്‍ 22.5 എം.എം മഴയാണ് മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 1 വരെ ലഭിക്കേണ്ട ശരാശരി മഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.