പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (കാപ്പ) ജയിലിലടച്ചു. തിരുവല്ല കാവുംഭാഗം ആലുംതുരുത്തി വാമനപുരം കന്യാകോണിൽ തുണ്ടിയിൽ വീട്ടിൽ അലക്സ് എം.ജോർജിനെയാണ് (21) തിരുവല്ല പൊലീസ് പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിച്ചത്.
തിരുവല്ല, കോട്ടയം ജില്ലയിലെ വൈക്കം, ഗാന്ധിനഗർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി 10 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. അടിപിടി, വീടുകയറി ആക്രമണം, വാഹനങ്ങൾ നശിപ്പിക്കൽ, കൊലപാതകശ്രമം, മുളക് സ്പ്രേ ഉപയോഗിച്ചുള്ള ആക്രമണം, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ എട്ടെണ്ണത്തിലും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. നിരന്തരം നാട്ടിൽ സമാധാനലംഘന പ്രശ്നങ്ങൾ ഉണ്ടാക്കുകയും സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തുവന്ന ഇയാൾ തിരുവല്ല പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട കുറ്റവാളിയാണ്. ഇയാളെ ജില്ലയിൽനിന്ന് പുറത്താക്കാൻ ജില്ല പൊലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ഇയാളെ വിളിപ്പിച്ച് ശക്തമായ താക്കീത് നൽകിയിരുന്നു.
എന്നാൽ, തുടർന്നും ഇയാൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെത്തുടർന്നാണ് കാപ്പ വകുപ്പ് പ്രകാരം നടപടിയെടുത്തത്. തിരുവല്ല എസ്.എച്ച്.ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിനെത്തുടർന്നാണ് ജയിലിൽ അടക്കാൻ ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.