മല്ലപ്പള്ളി: ചുങ്കപ്പാറയിലും പരിസരങ്ങളിലും റോഡും തോടും കൈയേറിയുള്ള നിർമാണ പ്രവർത്തനങ്ങൾ തകൃതിയിൽ നടക്കുമ്പോഴും തടയാൻ അധികൃതർ മടിക്കുന്നു. ചുങ്കപ്പാറ -ചാലാപ്പള്ളി റോഡിൽ തോടു കൈയേറിയുള്ള കെട്ടിട നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. പരാതിപ്പെട്ടാലും നടപടി ഉണ്ടാകാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.
റോഡിന്റെയും തോടുകളുടെയും വശങ്ങൾ കൈയേറിയുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതികൾ ഏറെയുണ്ട്. റോഡിന്റെ വശങ്ങളിൽ അനധികൃത കെട്ടിട നിർമാണവും അറ്റകുറ്റപ്പണികളും ദിനം പ്രതി വർധിക്കുമ്പോഴും പഞ്ചായത്ത് അധികൃതർ അനങ്ങാപ്പാറനയമാണ് സ്വികരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
വർഷങ്ങളായി ചുങ്കപ്പാറയിലും പരിസരത്തും കൈയേറ്റങ്ങളും നിർമാണ പ്രവർത്തനങ്ങളും നടക്കുന്നു. കൈയേറ്റക്കാർക്കെതിരെ നടപടി ഉണ്ടാകാത്തതിനാൽ മറ്റുള്ളവരും ഇതു തുടരുകയാണ്. അധികൃതരുടെ അനാസ്ഥയാണ് കൈയേറ്റങ്ങൾ വർധിക്കാൻ കാരണം. റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന പഴയ കെട്ടിടങ്ങളുടെ മുൻവശങ്ങൾ നിലനിർത്തിയാണ് അനധികൃത നിർമാണം നടത്തുന്നത്. തോടും റോഡും കൈയേറുന്നത് തടയണമെന്നും പുറമ്പോക്ക് ഭൂമി കൈയേറിയത് അളന്ന് തിരിക്കാൻ നടപടി ഉണ്ടാകണമെന്നുള്ള ആവശ്യവും ശക്തമാകുമ്പോൾ പഞ്ചായത്ത് -റവന്യൂ അധികൃതർ പേരിന് സ്ഥലത്തെത്തി മടങ്ങുകയാണ് പതിവ്.
അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ച് അനധികൃത നിർമാണ പ്രവർത്തനങ്ങൾ തടയാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.