പത്തനംതിട്ട: 'ബെല്‍ ഓഫ് ഫെയ്ത്ത്' സംവിധാനം അനുഗ്രഹമായപ്പോൾ പൊലീസിനോട് ഹൃദയം നിറയെ സ്നേഹവും കടപ്പാടുമാണ് ഇപ്പോൾ 71 വയസ്സുകാരി ഗ്രേസി ജോര്‍ജിന്. നാല് പെൺമക്കളുടെ അമ്മയായ ഗ്രേസി ജോർജിെൻറ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു.
മക്കളുടെ വിവാഹശേഷം പന്തളം തോന്നല്ലൂരിലെ വീട്ടില്‍ ഒറ്റക്കാണ് താമസം. സംസ്ഥാന പൊലീസ്, ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ബെല്‍ ഓഫ് ഫെയ്ത്ത് എന്ന സംവിധാനം നടപ്പാക്കിയപ്പോള്‍, ഗ്രേസിയുടെ വീട്ടിലും ഇത് സൗജന്യമായി സ്ഥാപിച്ചു. കഴിഞ്ഞ ദിവസം രാത്രി 11ന് കുളിമുറിയില്‍ തെന്നിവീണ് ഇവരുടെ തലക്ക് ഗുരുതരമായ പരിക്കേറ്റു. പരസഹായത്തിനാരുമില്ലാത്ത സാഹചര്യത്തില്‍, മനഃസാന്നിധ്യം കൈവിടാതെ വയോധിക പൊലീസിെൻറ ബെല്‍ ഓഫ് ഫെയ്ത്ത് സംവിധാനം പ്രയോജനപ്പെടുത്തുകയായിരുന്നു.
വീട്ടില്‍ കരുതിയിരുന്ന റിമോട്ട് അമര്‍ത്തിയപ്പോള്‍ വീടിെൻറ പുറത്ത് ഘടിപ്പിച്ചിട്ടുള്ള അലാറം മുഴങ്ങുകയും ആ സമയം അതുവഴി കടന്നുപോയ പന്തളം പൊലീസ് നൈറ്റ് പട്രോള്‍ സംഘം ശബ്ദം തിരിച്ചറിഞ്ഞ് സഹായത്തിന് എത്തുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന എസ്.ഐ സന്തോഷ്കുമാര്‍, സി.പി.ഒ അനൂപ് എന്നിവര്‍ വീട്ടിലെത്തിയതിനെ തുടര്‍ന്ന് ഗ്രേസിയെ പന്തളം സി.എം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ചികിത്സക്ക് ശേഷം ഗ്രേസി ഇപ്പോള്‍ മാവേലിക്കരയിലെ മകളുടെ വീട്ടില്‍ സുഖം പ്രാപിച്ചുവരുന്നു.
ജനമൈത്രി പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനമൊട്ടുക്ക് പുതിയ ബെല്‍ സംവിധാനം പൊലീസ് ഏര്‍പ്പെടുത്തിയത്. ഒറ്റക്ക് വീടുകളില്‍ കഴിയുന്ന വയോജനങ്ങള്‍ക്ക് ഒരു കൈയകലത്തില്‍ സഹായം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയില്‍ ആകെ 380 വീടുകളില്‍ ബെല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബെല്‍ അമര്‍ത്തുമ്പോള്‍ പുറത്തുെവച്ചിട്ടുള്ള അലാറം മുഴങ്ങും. അടുത്തുള്ളയാള്‍ക്ക് സഹായം ആവശ്യമെന്ന ഓര്‍മപ്പെടുത്തലാണ് ഈ ശബ്ദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.