പത്തനംതിട്ട: തമിഴ്നാട് പൊലീസ് ഒന്നര വർഷമായി തിരയുന്ന നിരവധി മോഷണക്കേസിലെ പ്രതിയെ ചിറ്റാർ നീലിപിലാവിൽനിന്ന് ചിറ്റാർ പൊലീസ് പിടികൂടി. ഇയാളെ പിന്നീട് തമിഴ്നാട് പൊലീസിന് കൈമാറി. തമിഴ്നാട് തിരുനെൽവേലി മുന്നീർപള്ളം മേലകരുൺകുളം, 31/2 സുഭാഷ് ചന്ദ്രബോസ് സ്ട്രീറ്റിൽ മൈദീൻ പിച്ചയാണ് അറസ്റ്റിലായത്. ചിറ്റാർ എസ്.ഐ രവീന്ദ്രൻ നായർ, സി.പി.ഒമാരായ മിഥുൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവിടെ ഒളിവിൽ കഴിഞ്ഞുവന്ന മോഷ്ടാവിനെ സാഹസികമായി പിടികൂടിയത്. തുടർന്ന്, തമിഴ്നാട് തിരുനെൽവേലി കല്ലിടിക്കുറിച്ചി എസ്.ഐ അൽവറിനും സംഘത്തിനും ഇയാളെ കൈമാറി. വാഹന മോഷണം ശീലമാക്കിയ ഇയാൾ, കഴിഞ്ഞ 30ന് കല്ലിടിക്കുറിച്ചിയിൽനിന്ന് ബജാജ് പ്ലാറ്റിന ബൈക്ക് മോഷ്ടിച്ചു കടക്കുകയായിരുന്നു. തുടർന്ന് സീതത്തോട് എത്തിയ മോഷ്ടാവ് ടൈൽസ് പണിയും മേസ്തിരി പണിയുമൊക്കെയായി പലർക്കൊപ്പം കൂടി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ലൊക്കേഷൻ കാണിച്ചതിനെ തുടർന്ന് ചിറ്റാർ പൊലീസിനെ വിവരം ധരിപ്പിച്ചു. പ്രദേശം വളഞ്ഞ പൊലീസ് സംഘം, തമിഴ്നാട് പൊലീസ് അയച്ച ഇയാളുടെ ഫോട്ടോ കാട്ടി തദ്ദേശവാസികളിൽ ചിലരോട് അന്വേഷിക്കുകയും വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ഇയാളുടെ താമസസ്ഥലം കണ്ടെത്തി പിടികൂടുകയുമായിരുന്നു. തമിഴ്നാട് പൊലീസ് സംഘവും ഒപ്പമുണ്ടായി. മോഷ്ടിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.