പത്തനംതിട്ട: കഴിഞ്ഞ മൂന്നു വർഷമായി ജില്ല ആസ്ഥാനത്തെ വികസന മുരടിപ്പിലേക്ക് തള്ളിവിട്ട നഗരസഭ ഭരണസമിതി വികസനങ്ങൾ നടത്തിയെന്ന രീതിയിൽ ബുക്ക്ലറ്റ് അടിച്ച് വാർഡുകളിൽ വിതരണം ചെയ്യുന്നത് ജനവഞ്ചനയാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ആരോപിച്ചു. വിതരണത്തിന് കുടുംബശ്രീയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്.
എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന കാര്യങ്ങളായിരുന്ന സ്റ്റേഡിയം വികസനം, ബസ്സ്റ്റാൻഡ് യാർഡ് നിർമാണം, കുടിവെള്ളക്ഷാമം എന്നിവക്ക് നടപടിയില്ല. ഭവന നിർമാണ പദ്ധതി മാസങ്ങളായി അവതാളത്തിലാണ്. റോഡുകൾ തകർന്നു കിടക്കുന്നു. മാലിന്യ സംസ്കരണത്തിന് പുതിയ പദ്ധതി നടപ്പാക്കിയിട്ടില്ല.
മന്ത്രി വീണ ജോർജും ഭരണസമിതിയും തമ്മിലുള്ള ചേരിപ്പോര് അബാൻ മേൽപാലം പോലുള്ള പദ്ധതികൾ മന്ദഗതിയിലാക്കി. ജനറൽ ആശുപത്രിയുടെ പ്രവർത്തനങ്ങളും അവതാളത്തിലാണ്. എൽ.ഡി.എഫിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ സമര പരിപാടികൾ തുടങ്ങാനും യോഗം തീരുമാനിച്ചു. മുൻ ചെയർമാൻ അഡ്വ. എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അഡ്വ. റോഷൻ നായർ, എം.സി. ഷെരീഫ്, സിന്ധു അനിൽ, റോസ്ലിൻ സന്തോഷ്, സി.കെ. അർജുനൻ, ആനി സജി, അംബിക വേണു, മേഴ്സി വർഗീസ്, അഖിൽ അഴൂർ, ആൻസി തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.