പത്തനംതിട്ട: നവീകരണം പൂർത്തിയാക്കിയ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ എച്ച്.എം.സി പേ വാർഡ് റിപ്പബ്ലിക് ദിനത്തിൽ തുറന്നു നൽകും. കോവിഡ് വ്യാപനത്തോടെ കോവിഡ് വാർഡായി മാറിയ പേവാർഡ് പിന്നീട് കോവിഡ് ചികിത്സ കേന്ദ്രങ്ങളുടെ പട്ടികയിൽനിന്ന് മാറ്റിയപ്പോഴും പേ വാർഡിന്റെ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിഞ്ഞിരുന്നില്ല.
മുറികൾ ഉപയോഗിക്കാൻ കഴിയാത്തവിധം പൂർണമായി തകർന്നിരുന്നു. എന്നാൽ, കോവിഡാനന്തരം ഫണ്ടിന്റെ അപര്യാപ്തത മൂലം എച്ച്.എം.സിക്ക് നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് നഗരസഭ ചെയർമാന്റെ നിർദേശാനുസരണം പേ വാർഡ് നവീകരണ പ്രവർത്തനങ്ങൾ നടത്താൻ നഗരസഭ കൗൺസിൽ തീരുമാനമെടുത്തു.
നഗരസഭ ഫണ്ടിൽനിന്ന് പണം വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്. 33 ലക്ഷം രൂപയാണ് ഇതിനായി നഗരസഭ ചെലവഴിക്കുന്നത്. ആധുനിക സൗകര്യങ്ങളെല്ലാം നവീകരിച്ച പേ വാർഡിൽ ഒരുക്കിയിട്ടുണ്ട്. രണ്ടു നിലകളിലായി 24 മുറികളുണ്ട്. എട്ട് മുറികൾ ഡീലക്സ് മുറികളാണ്. ഇവിടെ എയർകണ്ടീഷൻ, വാട്ടർ ഹീറ്റർ സൗകര്യം ഉണ്ടാകും. കൂടാതെ എല്ലാ മുറികളിലും ടി.വി സൗകര്യവും ഒരുക്കി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയോജനകരമായ നിലയിൽ എല്ലാ മുറികളിലും ഇന്റർനെറ്റ് കണക്ഷൻ നൽകുന്നുണ്ട്.
പേ വാർഡ് ജിപ്സം സീലിങ്ങിലൂടെയും സ്റ്റെയർകേസും കോമൺ ഏരിയയും വുഡൻ പാനലിങ് നടത്തിയും മനോഹരമാക്കി. വാർഡുകളുടെ സമ്പൂർണ ശുചിത്വം ഉറപ്പാക്കാൻ പ്രത്യേകം ശുചീകരണ തൊഴിലാളികളെ നിയോഗിക്കും. പത്തനംതിട്ടയിലെ പ്രധാന ആരോഗ്യ കേന്ദ്രമായി ജനറൽ ആശുപത്രിയെ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പേ വാർഡ് നവീകരണമെന്ന് നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു. നവീകരിച്ച പേ വാർഡിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ മന്ത്രി വീണ ജോർജ് നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.