കോന്നി: ഭൂമിയുടെ താരിഫ് വില പുതുക്കി നിശ്ചയിക്കാത്തത്തിനെ തുടർന്ന് എലിമുള്ളുംപ്ലാക്കൽ, ആവോലിക്കുഴി പ്രദേശങ്ങളിൽ സ്വകാര്യ ഭൂമിയുടെ ക്രയ വിക്രയം തടസപ്പെടുന്നു. സർക്കാർ രേഖകളിൽ ഈ പ്രദേശത്തെ ഒരു സെന്റ് വസ്തുവിന് വെറും ഒരു രൂപ മാത്രമാണ് താരിഫ് വിലയായി കാണിച്ചിരിക്കുന്നത്. അതിനാൽ സ്വകാര്യ ഭൂമി വാങ്ങി രജിസ്റ്റർ ചെയ്യാൻ വലിയ തടസ്സമാണ് നേരിടുന്നത്.
കഴിഞ്ഞ 71വർഷമായി തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട എലിമുള്ളുംപ്ലാക്കലിൽ നാനൂറിൽ കൂടുതൽ കുടുംബങ്ങൾ താമസിച്ച് വരുന്നുണ്ട്. പ്രദേശവാസികൾക്ക് കൃഷി ആവശ്യങ്ങൾക്കായി ഉണ്ടായിരുന്ന ഭൂമിയിൽ സ്വന്തമായി പട്ടയം ലഭിച്ച് പേരിൽ കൂട്ടി തണ്ടപ്പേരിട്ട് കരമടച്ച് അനുഭവിച്ച് വരികയായിരുന്നു. മുൻപ് ഈ ഭൂമി ക്രയ വിക്രയം ചെയ്യുന്നതിനോ പണയപ്പെടുത്തി വായ്പ എടുക്കുന്നതിനോ തടസമുണ്ടായിരുന്നില്ല.
എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭൂമി ക്രയ വിക്രയം നടത്തുന്നതിനും പണയം വെക്കുന്നതിനും തടസം നേരിട്ടിരിക്കുകയാണ്. എലിമുള്ളുംപ്ലാക്കൽ പ്രദേശത്തെ ഭൂമിക്ക് സർക്കാർ താരിഫ് വില പുതുക്കി നിശ്ചയിക്കാത്തതാണ് ഇതിന് കാരണം. ഈ വിഷയത്തിൽ സർക്കാർ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് 2018 ജൂണിൽ സി. പി. ഐ എലിമുള്ളുംപ്ലാക്കൽ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനങ്ങളിൽ നിന്നും ഒപ്പ് ശേഖരണം നടത്തി അന്ന് റവന്യു മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന് നിവേദനം സമർപ്പിച്ചിരുന്നു.
എന്നാൽ, വ്യക്തിപരമായ ഭൂമി കൈമാറ്റങ്ങൾക്ക് അധികൃതർ നീക്കുപോക്ക് ഉണ്ടാക്കി എന്നല്ലാതെ വിഷയവുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കാൻ കഴിഞ്ഞിട്ടില്ല. ഈ സർക്കാരിന്റെ കാലാവധി കഴിയുന്നതിന് മുൻപെങ്കിലും വിഷയത്തിൽ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.