പത്തനംതിട്ട: ഇടതു ക്യാമ്പിന് ആവേശം പകർന്ന് പത്തനംതിട്ടയിൽ ഡോ. ടി.എം. തോമസ് ഐസക് പ്രചാരണരംഗത്ത്. ചൊവ്വാഴ്ച പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് റോഡ് ഷോയുമായി കളത്തിലിറങ്ങി. മണ്ഡലത്തിലെങ്ങും ഐസക്കിനായി ചുവരെഴുത്തും ആരംഭിച്ചു.
ആന്റോ ആന്റണി ഹാട്രിക് വിജയം നേടിയ മണ്ഡലം ഏതുവിധവും തിരിച്ചുപിടിക്കാനുള്ള തീരുമാനത്തിലാണ് സി.പി.എം തോമസ് ഐസക്കിനെ പത്തനംതിട്ടയിൽ എത്തിച്ച് കളം കൊഴുപ്പിക്കുന്നത്. എതിർ ക്യാമ്പിൽ ഇപ്പോഴും നിലനിൽക്കുന്ന അനിശ്ചിതത്വം മുതലാക്കാനുള്ള ലക്ഷ്യത്തോടെയാണ് എല്ലാവരെയും ഞെട്ടിച്ച് പ്രഖ്യാപനത്തിന് പിന്നാലെതന്നെ ഐസക് റോഡ് ഷോയുമായി രംഗത്തെത്തിയത്.
അടൂർ മണ്ഡലത്തിലെ ഏനാത്തുനിന്ന് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം തുടങ്ങിയ വിളംബര റാലി ഏഴു മണ്ഡലങ്ങളിലൂടെയും കടന്ന് രാത്രി കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാണ് സമാപിച്ചത്. തോമസ് ഐസക് ആദ്യമായാണ് പത്തനംതിട്ടയിൽനിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നത്.
തോമസ് ഐസക്കാകും പത്തനംതിട്ടയിലെന്ന സൂചന നേരത്തേ തന്നെയുണ്ടായിരുന്നു. സി.പി.എം ജില്ല ഘടകത്തിന്റെ ചുമതലയുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ ഒരുവർഷത്തിലേറെയായി പത്തനംതിട്ടയിലെ വിവിധ മേഖലകളിൽ സജീവമായിരുന്നു.
തിരുവല്ലയിൽ കഴിഞ്ഞമാസം എ.കെ.ജി പഠനകേന്ദ്രത്തിന്റെ ചുമതലയിൽ നടത്തിയ മൈഗ്രേഷൻ കോൺക്ലേവ് ഫലത്തിൽ ഐസകിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കമായിരുന്നു. ഇതിനു തുടർച്ചയായി നിയമസഭ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ജോബ് സ്റ്റേഷനുകളും തുറന്നു.
മണ്ഡലത്തിൽ മുമ്പ് നടന്ന മൂന്ന് തെരഞ്ഞെടുപ്പിനേക്കാളും അനുകൂലമായ സാഹചര്യം എൽ.ഡി.എഫിനുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. മണ്ഡല പരിധിയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളും 2021ലെ തെരഞ്ഞെടുപ്പിൽ ഒപ്പം നിർത്താനായതാണ് എൽ.ഡി.എഫിന്റെ നേട്ടമായി വിലയിരുത്തുന്നത്. കേരള കോൺഗ്രസ് എം എൽ.ഡി.എഫിലെത്തിയതിന്റെ അനുകൂല സാഹചര്യവുമുണ്ട്. കേരള കോൺഗ്രസിനു മണ്ഡല പരിധിയിൽ മൂന്ന് എം.എൽ.എമാരുമുണ്ട്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അടൂരിലൊഴികെ എൽ.ഡി.എഫിനായിരുന്നു ലീഡ്. നിയമസഭ തെരഞ്ഞെടുപ്പ് എത്തിയപ്പോഴേക്കും ഏഴ് മണ്ഡലങ്ങളും എൽ.ഡി.എഫ് പക്ഷത്തേക്ക് എത്തി.
പത്തനംതിട്ട: പഴയ പത്തനംതിട്ടയല്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്. ഏഴ് നിയമസഭ മണ്ഡലങ്ങളും ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും എൽ.ഡി.എഫിനൊപ്പമാണ്. പിന്നെ ലോക്സഭ മണ്ഡലവും കൂടെപ്പോരാൻ പ്രയാസമുണ്ടാകില്ല. കിഫ്ബി മുഖേന 8000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പത്തനംതിട്ടയിൽ നടന്നിട്ടുണ്ട്. പാലവും റോഡുമെല്ലാം കിഫ്ബി മുഖേന നിർമിച്ചിട്ടുണ്ട്. പ്രവാസികളും കുടുംബശ്രീ പ്രവർത്തകരുമെല്ലാം പുതിയ വികസന കാഴ്ചപ്പാടോടെ എൽ.ഡി.എഫിനെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട: സി.പി.എം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ഇടതുമുന്നണി പ്രചാണത്തിന് തുടക്കംകുറിച്ചപ്പോൾ അനിശ്ചിതത്വം നീങ്ങാതെ യു.ഡി.എഫ്, ബി.ജെ.പി ക്യാമ്പുകൾ. സിറ്റിങ് എം.പി ആന്റോ ആന്റണി നാലാം ഊഴംതേടി യു.ഡി.എഫിനായി മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പിച്ചാതാണ്.
എന്നാൽ, ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മത്സരിക്കാനുള്ള സാഹചര്യം ഉണ്ടായതോടെ പത്തനംതിട്ടയുടെ കാര്യത്തിലും പുനരാലോചനക്കുള്ള സാധ്യതതകൾ ഉരുണ്ടുകൂടി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
ഭൂരിപക്ഷത്തിൽ വന്ന കുറവും ആന്റോ ആന്റണിക്കെതിരായ ശബ്ദങ്ങൾക്ക് ബലംപകരുന്നതാണ്. 2009ൽ ആദ്യമായി ലോക്സഭയിലെത്തിയ ആന്റോ ആന്റണിക്ക് 1,11,206 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്.
സി.പി.എം നേതാവായിരുന്ന കെ. അനന്തഗോപനായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. 51.21 ശതമാനം വോട്ട് അന്ന് ആന്റോക്ക് ലഭിച്ചു. എൽ.ഡി.എഫിന് 37.26 ശതമാനവും ബി.ജെ.പിക്ക് 7.06 ശതമാനം വോട്ടുമാണ് ലഭിച്ചത്.
2014ൽ ആന്റോയുടെ ഭൂരിപക്ഷം 56,191 വോട്ടായി കുറഞ്ഞു. കോൺഗ്രസ് വിട്ടെത്തിയ പീലിപ്പോസ് തോമസായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. കോൺഗ്രസിന് 41.19 ശതമാനം വോട്ടാണ് അന്നു ലഭിച്ചത്. എൽ.ഡി.എഫിന് 34.74 ശതമാനം വോട്ടും ബി.ജെ.പിക്ക് 15.95 ശതമാനം വോട്ടും ലഭിച്ചു.
ശബരിമല യുവതി പ്രവേശന വിഷയം ഏറ്റവും അധികം പ്രചാരണ വിഷയമാക്കിയ പത്തനംതിട്ട മണ്ഡലത്തിൽ 2019ലെ തെരഞ്ഞെടുപ്പിൽ ആന്റോ വിജയിച്ചത് 44,243 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. വീണ ജോർജായിരുന്നു സി.പി.എം സ്ഥാനാർഥി. കെ. സുരേന്ദ്രൻ ബി.ജെ.പി സ്ഥാനാർഥിയുമായെത്തി. യു.ഡി.എഫിന് 37.11 ശതമാനവും എൽ.ഡി.എഫിന് 32.80 ശതമാനവും വോട്ടു ലഭിച്ചപ്പോൾ ബി.ജെ.പി വോട്ട് ശതമാനവം 28.97 ശതമാനമായി ഉയർത്തി.
2009ൽ 56,294 വോട്ട് മാത്രം നേടിയ ബി.ജെ.പി 2019ൽ 2,97,396 വോട്ട് നേടി. എൽ.ഡിഎഫിന് 3,36,684 വോട്ടും. വോട്ടു വിഹിതം ഉയർന്നതുമൂലം ബി.ജെ.പി എ ക്ലാസ് പട്ടികയിൽ ഉൾപ്പെടുത്തിയ മണ്ഡലത്തിൽ അവരുടെ സ്ഥാനാർഥിയെ സംബന്ധിച്ചും അവ്യക്തത തുടരുകയാണ്.
പി.സി. ജോർജ് സ്ഥാനാർഥിയാകുമെന്നാണ് കരുതിയതെങ്കിലും ബി.ഡി.ജെ.എസിന്റെ ചില നിലപാടുകൾ ബി.ജെ.പി നേതൃത്വത്തെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഷോൺ ജോർജിന്റെയും കുമ്മനം രാജശേഖരന്റെയുമൊക്കെ പേരുകളും പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.