റാന്നി: പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച ശുചിമുറി കെട്ടിടം കാടുമൂടി. പെരുന്തേനരുവിയിൽ വരുന്ന വിനോദ സഞ്ചാരികൾക്കായി പണിത 12 ടോയ്ലറ്റും വിശ്രമമുറിയും അടങ്ങിയ കെട്ടിടമാണ് അഞ്ചുവർഷത്തോളമായി കാടുമൂടിയ നിലയിൽ കിടക്കുന്നത്. 2017 -18 കാലയളവിൽ കെട്ടിട നിർമാണം കഴിഞ്ഞ് പ്ലംബിങ് പണികൾ കഴിഞ്ഞെങ്കിലും ഇതുവരെ വെള്ളമെത്തിയിട്ടില്ല.
ഇലക്ട്രിക്കൽ പണികളും ബാക്കിയാണ്. ലക്ഷങ്ങൾ മുടക്കി പണിത കെട്ടിട പരിസരം വൃത്തിയാക്കി ബാക്കി പണികളും തീർത്ത് ജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്നാണ് ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ ആവശ്യം. കഴിഞ്ഞ തവണ കാട് മൂടിയപ്പോൾ വാർഡ് അംഗം ഇടപെട്ട് കാട് തെളിച്ച് വൃത്തിയാക്കിയെങ്കിലും തുടർനടപടികളുണ്ടായില്ല.
ഈ മേഖലയിൽ ശുചിമുറി സംവിധാനം ഇല്ലാത്തത് സ്ത്രീകളെയാണ് പലപ്പോഴും വലക്കുന്നത്. അരുവിയുടെ മറുകരയിൽ എത്തിയാലേ ടൂറിസം വകുപ്പ് സജ്ജീകരിച്ച സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയൂ. ഇതിനായി ഒരു കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കേണ്ടതുമുണ്ട്. എന്നാൽ, അരുവിയും ഡാമും കാണാൻ എത്തുന്ന സഞ്ചാരികളിൽ ഏറെയും വനത്തിന്റെ ഭംഗികൂടി ആസ്വദിക്കാൻ തെരഞ്ഞെടുക്കുന്നതാവട്ടെ മറുകരയായ കുടമുരുട്ടി വനപാതയും. ഇപ്പോൾ പെരുന്തേനരുവിയിൽ വരുന്ന സഞ്ചാരികളായ സ്ത്രീകൾ കെ.എസ്.ഇ.ബി വക ടോയ്ലറ്റുകളാണ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.