പന്തളം: സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് ഇനി രാത്രിയടക്കം വീട്ടുമുറ്റത്ത് മൃഗഡോക്ടറുടെ സേവനം ലഭിക്കും. ഇതിനായി ബ്ലോക്ക് അടിസ്ഥാനത്തില്‍ അനുവദിച്ച വാഹനങ്ങള്‍ ഒരാഴ്ചക്കകം എത്തുമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പന്തളത്ത് ജില്ല ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഡോക്ടര്‍മാരെ തെരഞ്ഞെടുക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ ജില്ല ഓഫിസര്‍മാരെ ചുമതലപ്പെടുത്തി.
കര്‍ഷകര്‍ക്ക് 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ സേവനം ലഭിക്കും. അതോടൊപ്പം ഓരോ ജില്ലക്കും ഒരെണ്ണം എന്ന കണക്കില്‍ അത്യാധുനിക മൃഗ ആംബുലന്‍സ് അനുവദിക്കാൻ 13 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. പശുക്കളെ ഉയര്‍ത്താനുള്ള സംവിധാനം, എക്സ്റേ, സ്കാനിങ്, അടിയന്തരഘട്ടങ്ങളില്‍ ഓപറേഷന് ചെയ്യാനുള്ള സംവിധാനം, മരുന്നുകള്‍, ബീജം എന്നിവ പെട്ടെന്ന് എത്തിക്കാനുള്ള സംവിധാനം തുടങ്ങിയവ വാഹനത്തിലുണ്ട്. എല്ലാ വര്‍ഷവും 10 ക്ഷീരഗ്രാമ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. ഈ വര്‍ഷം അത് 20 ആക്കിയിട്ടുണ്ട്.
ഓരോ പഞ്ചായത്തിനും വേണ്ടി 50 ലക്ഷം രൂപ ചെലവാകുന്ന ഈ പദ്ധതിയില്‍ ക്ഷീര വികസന വകുപ്പും പഞ്ചായത്തും ചേര്‍ന്ന് തുക പങ്കുവെച്ച് എല്ലാ പഞ്ചായത്തിലും നടപ്പാക്കി പാല് ഉല്പാദനത്തില് സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതി തയാറാക്കി കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് പാൽ വില വർധിപ്പിച്ചത് കര്‍ഷകര്‍ക്ക് പരമാവധി വിഹിതം ലഭിക്കുന്ന രീതിയിലാണ്. കാലിത്തീറ്റയുടെ വില വർധന അനുസരിച്ച് പരമാവധി സബ്സിഡി അനുവദിക്കുന്നുണ്ട്. ക്ഷീര കര്‍ഷകര്‍ക്കായി കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതിദരിദ്ര വിഭാഗത്തിലുള്ളവര്‍ക്ക് പശുവിനെ വളര്‍ത്തി ഉപജീവന മാര്‍ഗം കണ്ടെത്തൻ ചെലവാകുന്ന തുകയുടെ 90 ശതമാനവും സബ്സിഡിയായി അനുവദിക്കുന്ന പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല് അളന്ന ജി. വിനോദ് കുമാര്‍, ലിറ്റി ബിനോയി, വി.ടി. ബിനോയി എന്നീ ക്ഷീരകര്‍ഷകരെ മന്ത്രി സമ്മേളനത്തില്‍ ആദരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. അടൂരില്‍ കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച ക്ഷീരഗ്രാമം പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പ്രഫ. കെ. കൃഷ്ണപിള്ള, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്, തിരുവനന്തപുരം മേഖല യൂനിയന്‍ മെംബര്‍ മുണ്ടപ്പള്ളി തോമസ്, പന്തളം നഗരസഭ കൗണ്‍സിലര്‍ ലസിത, ക്ഷീര വികസന വകുപ്പ് ജോയന്റ് ഡയറക്ടര്‍ സില്‍വി മാത്യു, ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വ, അസിസ്റ്റന്റ് ഡയറക്ടര്‍ പി. അനിത, അടൂര്‍ ക്ഷീരവികസന ഓഫിസര്‍ കെ. പ്രദീപ്കുമാര്‍, ക്ഷീര സംഘങ്ങളുടെ പ്രസിഡന്റുമാരായ സി.വി. ഗോപാലകൃഷ്ണന് നായര്‍, ജേക്കബ് എബ്രഹാം, തോമസ് പി. എബ്രഹാം, അഡ്വ. ബാലകൃഷ്ണക്കുറുപ്പ്, ജിജു ഉമ്മന്‍, സെക്രട്ടറിമാരായ സി.ആര്. ദിന്‍രാജ്, കെ. സുരേഷ്, എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന സെമിനാറില്‍ ഡോ. മാത്യു തങ്കച്ചന്, എസ്.എസ്. ആനന്ദ് കുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.