പത്തനംതിട്ട: ഉരുൾപൊട്ടൽ ഭീതിയിൽ കഴിയുന്ന ഗ്രാമങ്ങൾ പ്രതിരോധത്തിനായി ഒത്തുചേർന്നു. പത്തനംതിട്ട നഗരസഭയുടെയും ഇലന്തൂർ പഞ്ചായത്തിന്റെയും അതിർത്തി പ്രദേശങ്ങളിലെ അഞ്ച് മലകളിലായുള്ള ആയിരക്കണക്കിന് ആളുകളാണ് ആശങ്കയിൽ കഴിയുന്നത്. 2018ലെ പ്രളയശേഷം 2021ലും 2023ലും ഇവിടെ രണ്ടിടത്ത് ഉരുൾ പൊട്ടിയിരുന്നു. 45 കുടുംബങ്ങളെ പ്രതികൂലമായി ബാധിച്ചു. അന്ന് മഴവെള്ളപ്പാച്ചിലിനെ തുടർന്ന് തകർന്ന റോഡുകളും തോടുകളും ഇന്നും പുനർനിർമിച്ചിട്ടില്ല. 2021ൽ തുടർച്ചയായ മഴയിൽ ഇളമലചരുവിൽ ഉരുൾപൊട്ടി നാലേക്കർ ഭൂമി ഒലിച്ചു പോയിരുന്നു. 28 വീടുകൾക്ക് കേടുപാട് സംഭവിച്ചു. 17 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
2023ൽ ഉപ്പുകണ്ടം ഭാഗത്ത് വീണ്ടും ഉരുൾപൊട്ടി. അരക്കിലോമീറ്റർ ഒലിച്ചുപോയി. ആറ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അന്ന് രൂപപ്പെട്ട അഗാധ ഗർത്തം ഇന്നും നികത്തിയിട്ടില്ല. വയനാട് ദുരന്തപശ്ചാത്തലത്തിൽ ഇലന്തൂർ പഞ്ചായത്ത് വിഷയത്തിൽ ഇടപെടുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും ശാസ്ത്രീയ മുന്നൊരുക്കങ്ങൾ നടത്തുന്നതിനുമായി ദുരന്തനിവാരണ പൊതുസഭ വിളിച്ചുചേർക്കുകയായിരുന്നു.
നൂറുകണക്കിന് പേർ പങ്കെടുത്ത പൊതുസഭ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സജി തെക്കുംകര വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, അംഗം ആതിര ജയൻ, പത്തനംതിട്ട നഗരസഭ കൗൺസിലർ പി.കെ. അനീഷ്, വില്ലേജ് ഓഫിസർ അജയകുമാർ, എം.പിയുടെ പ്രതിനിധി ജെറി സാം മാത്യു, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി. സത്യൻ എന്നിവർ സംസാരിച്ചു. അതേസമയം പൊതുസഭയിൽ വില്ലേജ് ഓഫിസർ ഒഴികെ വിവിധ വകുപ്പ് മേധാവികൾ എത്താതിരുന്നത് എം.പിയുടെ പ്രതിനിധി ചോദ്യം ചെയ്തു. അടുത്ത ഗ്രാമസഭയിൽ ഇവരെ വിളിച്ചുവരുത്തുമെന്നും വിശദീകരണം തേടുമെന്നും പഞ്ചായത്ത് ഭരണസമിതി പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ ജില്ല ഭരണകൂടത്തേയും ഭരണനേതൃത്വങ്ങളെയും അറിയിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.