പത്തനംതിട്ട: വന്യജീവി ആക്രമണത്തിൽ കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരത്തുക ജീവിതച്ചെലവിനെയും കൃഷി നടത്തിപ്പിലെ വർധിച്ചുവരുന്ന ചെലവിനെയും അടിസ്ഥാനപ്പെടുത്തി പുനർനിർണയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പരിഷ്കരിക്കുന്ന ഉത്തരവിന് മുൻകാല പ്രാബല്യം നൽകണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി വനം-വന്യജീവി വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി.
വടശ്ശേരിക്കര കുമ്പളത്താമൺ സ്വദേശി ജോർജ് വർഗീസ് സമർപ്പിച്ച പരാതിയിലാണ് നടപടി. വന്യജീവികൾ കാരണം 25 ലക്ഷത്തിന്റെ കൃഷിനാശം സംഭവിച്ച പരാതിക്കാരന് കമീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് അനുവദിച്ചത് 54,725 രൂപയാണ്.
ഇതിനെതിരെയാണ് പരാതിക്കാരൻ വീണ്ടും കമീഷനെ സമീപിച്ചത്. 2015ലെ സർക്കാർ ഉത്തരവ് അനുസരിച്ചാണ് നഷ്ടപരിഹാരം അനുവദിച്ചതെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്. ഉത്തരവ് പുതുക്കുമ്പോൾ മുൻകാല പ്രാബല്യം നൽകി പരാതിക്കാരന് നൽകിയ നഷ്ടപരിഹാരം പുനരവലോകനം ചെയ്യണമെന്നും കമീഷൻ ആവശ്യപ്പെട്ടു. 2015 ജനുവരി എട്ടിലെ സർക്കാർ ഉത്തരവ് നാലാഴ്ചക്കകം പുനർനിശ്ചയിക്കണമെന്നാണ് കമീഷൻ നിർദേശം.
2015 ജനുവരി എട്ടിലെ ജി.ഒ (എം.എസ് 02/2015/വനം) ഉത്തരവനുസരിച്ചാണ് ഇന്നും വന്യജീവി ആക്രമണംമൂലമുണ്ടാകുന്ന വിളനാശത്തിന് നഷ്ടപരിഹാരം നൽകുന്നതെന്ന് കമീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. ഈ ഉത്തരവ് 2014 സെപ്റ്റംബർ നാലിന് മനുഷ്യാവകാശ കമീഷൻ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പരിഷ്കരിക്കപ്പെട്ടതാണ്.
2004 ഏപ്രിൽ ആറിന് ജി.ഒ (എം.എസ്) 96/2004/അഗ്രി എന്ന കൃഷി വകുപ്പിന്റെ ഉത്തരവാണ് 2015ലെ സർക്കാർ ഉത്തരവിന് അടിസ്ഥാമായി മാറിയത്. കൃഷിച്ചെലവുകളും അനുബന്ധ ജീവിത ചെലവുകളും വർധിച്ച സാഹചര്യത്തിൽ 10 വർഷത്തിലധികം പഴക്കമുള്ള നഷ്ടപരിഹാര നിരക്കുതന്നെ ഇപ്പോഴും നൽകുന്നത് വിരോധാഭാസമാണെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.