'കേളത്ത്​' കളമൊഴിഞ്ഞു; ഇലഞ്ഞിച്ചോട്ടിൽ ഇനി 'സുന്ദര'കാലം

നാലര പതിറ്റാണ്ട്​ മേളസാന്നിധ്യമായിരുന്ന കേളത്ത് അരവിന്ദാക്ഷ മാരാർ ഇനി തൃശൂർ പൂരത്തിനില്ല തൃശൂർ: മൂന്നര പതിറ്റാണ്ട് ഇലഞ്ഞിച്ചോട്ടിലും ഒരു പതിറ്റാണ്ട് തിരുവമ്പാടിക്കുമടക്കം നാലര പതിറ്റാണ്ട് തൃശൂർ പൂരത്തിൽ കൊട്ടിത്തിമർത്ത കേളത്ത് അരവിന്ദ മാരാർ എന്ന അതുല്യ പ്രതിഭ തൃശൂർ പൂരത്തിൽനിന്ന് വിരമിച്ചു. പെരുവനം നടവഴിയിൽനിന്ന് ആറാട്ടുപുഴ പൂരം, ഇരിങ്ങാലക്കുട ഉത്സവം, തൃപ്പൂണിത്തുറ ഉത്സവം, കുട്ടനെല്ലൂർ പൂരം തുടങ്ങി കേരളത്തിലെ മേളലോകത്ത് വിരാചിച്ചിരുന്നയാളാണ്​ കേളത്ത്. പൂരത്തിൽ യാത്രയയപ്പ് നൽകാനുള്ള ദേവസ്വങ്ങളുടെ സ്നേഹാഭ്യർഥന നിരസിച്ച അദ്ദേഹം പൂരം കഴിഞ്ഞ് പൂരനടയിൽ എത്താമെന്നാണ്​ വാഗ്ദാനം നൽകിയിരിക്കുന്നത്​. പരിയാരത്ത് കുഞ്ഞൻ മാരാരാണ്​ പതിനേഴുകാരനായ കേളത്തിനെ വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ കൊണ്ട് നിർത്തിയത്​. ഒന്നേകാൽ പതിറ്റാണ്ട് അവിടെ പരിയാരത്ത് കുഞ്ഞൻ മാരാർ, പല്ലശ്ശന പത്മനാഭ മാരാർ, പരിയാരത്ത് കുഞ്ചു മാരാർ തുടങ്ങിയ മേളകുലപതികൾക്കൊപ്പം കൊട്ടി. പിന്നെ ഒന്നേമുക്കാൽ പതിറ്റാണ്ട് തൃശൂർ പൂരത്തിൽനിന്ന് വിട്ടുനിന്നു. പിന്നീട് തിരികെയെത്തിയത് തിരുവമ്പാടിയുടെ മേളത്തിലേക്ക്. തൃപ്പേകുളം അച്യുതമാരാരുടെ ഒപ്പം ഒരു പതിറ്റാണ്ടോളം അവിടെ കൊട്ടി. അവിടെനിന്ന് വീണ്ടും ഇലഞ്ഞിച്ചോട്ടിലേക്ക് പെരുവനം കുട്ടന്മാരാർക്കൊപ്പം. രണ്ടേകാൽ പതിറ്റാണ്ട് അവിടെ നിലയുറപ്പിച്ചു. തൃശൂർ പൂരത്തിലെ പടിയേറ്റവും പടിയിറക്കവും ഇലഞ്ഞിച്ചുവട്ടിൽനിന്ന് തന്നെയാണ്. കേളത്ത് പടിയിറങ്ങുന്ന ഇലഞ്ഞിച്ചോട്ടിലേക്ക് അനന്തരവൻ കേളത്ത് സുന്ദരനാണ് വരുന്നത്. കേളത്ത് വിരമിക്കുമ്പോൾ 23 വർഷത്തിന് ശേഷം ഇലഞ്ഞിച്ചുവട്ടിലെ മേളക്കാരിലും സ്ഥാനക്കയറ്റമുണ്ട്. tcr_chr1 kelath aravindhakshan marar -------------------------------- അയ്യന്തോളിന്‍റെ കൊടിയേറ്റ മേളത്തിൽ പ്രമാണിയായി പെരുവനത്തിന്‍റെ പിന്മുറക്കാരൻ തൃശൂർ: തൃശൂർ പൂരത്തിലെ ഘടക പൂരങ്ങളിൽ പ്രധാനമായ അയ്യന്തോൾ ശ്രീ കാർത്യായനി ക്ഷേത്രത്തിൽ ഒരു വ്യാഴവട്ടം മേളത്തിലും പഞ്ചവാദ്യത്തിലും പ്രമാണം വഹിച്ച എരവത്ത് കുട്ടികൃഷ്ണമാരാരുടെ പേരക്കുട്ടി പെരുവനം മാരാത്ത് വിനു പരമേശ്വരൻ മാരാർ അയ്യന്തോളിന്‍റെ കൊടിയേറ്റ മേളത്തിൽ പ്രമാണം വഹിച്ചു. ചെറുപ്രായത്തിൽ തന്നെ മുത്തച്ഛന്‍റെ കൂടെ അയ്യന്തോൾ ശ്രീ കാർത്യായനി ക്ഷേത്രത്തിലെ അടിയന്തരങ്ങൾക്ക് കൂടെയുണ്ടായിരുന്ന വിനുവിന് കൊടിയേറ്റ പ്രമാണം നിയോഗമായി. ചെണ്ടയും ഇടയ്​ക്കയും ഒരുപോലെ അതിലെ ചിട്ടവട്ടങ്ങൾ കൈവിടാതെ പ്രയോഗിക്കുന്നതിൽ വിദഗ്​ധനാണ് പെരുവനം വിനു മാരാർ. നിരവധി ക്ഷേത്രങ്ങളിൽ മേളവും പഞ്ചവാദ്യത്തിൽ ഇടയ്​ക്കയും കൊട്ടിത്തീർത്തിട്ടുണ്ട്. പാറമേക്കാവിന്‍റെ രാത്രി പഞ്ചവാദ്യത്തിൽ ഇടയ്​ക്ക കൊട്ടുന്നത് വിനു മാരാർ ആണ്. മുമ്പ് തിരുവമ്പാടി വിഭാഗത്തിന്‍റെ മഠത്തിൽവരവ് പഞ്ചവാദ്യത്തിലും ഇടയ്​ക്ക കൊട്ടിയിട്ടുണ്ട്. മേള കലയുടെ ഗ്രാമം എന്ന് അറിയപ്പെടുന്ന പെരുവനത്തെ യുവ കലാകാരനും പെരുവനം നാരായണ മാരാർ, പെരുവനം അപ്പു മാരാർ പരമ്പരയിലെ കണ്ണിയും കൂടിയാണ് വിനു മാരാർ. tcr-chr1 vinu parameswara marar- അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിലെ പൂരം കൊടിയേറ്റിനോടനുബന്ധിച്ച മേളത്തിന് പെരുവനം വിനു പരമേശ്വരൻ മാരാർ പ്രമാണം വഹിക്കുന്നു -------------------------------------------------- മുഹൂർത്തത്തിലും നക്ഷത്രത്തിലും മാറ്റം; കൊടിയേറ്റം നേരത്തേയായി തൃശൂർ: ഇടവേളയിട്ടെത്തിയ പൂരത്തിനും പ്രത്യേകത. മുൻകാലങ്ങളിൽനിന്ന്​ വ്യത്യസ്തമായായിരുന്നു ഇത്തവണത്തെ കൊടിയേറ്റ ചടങ്ങുകൾ. സമയത്തിലും ക്ഷേത്രത്തിലുമുൾപ്പെടെ മാറ്റമുണ്ടായി. പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. സാധാരണ തിരുവമ്പാടി ക്ഷേത്രത്തിലെ കൊടിയേറ്റ് കഴിഞ്ഞ ശേഷമാണ് പാറമേക്കാവിൽ കൊടിയേറുക. അതും 15 മിനിറ്റിന്‍റെ വ്യത്യാസമാണ് ലഭിക്കാറുള്ളത്. ഇത്തവണ മുഹൂർത്തത്തിലും നക്ഷത്രത്തിലും വന്ന ചെറിയ മാറ്റങ്ങളാണ് കൊടിയേറ്റ് ക്രമങ്ങൾക്കും മാറ്റത്തിനിടയാക്കിയത്. നേരത്തേ 11 മുതൽ 12.30 വരെയൊക്കെയാണ് സമയം ലഭിക്കാറ്​. ഇത്തവണ പാറമേക്കാവിൽ ഒമ്പതേ മുക്കാലിനും തിരുവമ്പാടിയിൽ പത്തേ മുക്കാലിനും കൊടിയേറ്റ് നടന്നു. ഉച്ചയോടെ നടക്കാറുള്ള പുറപ്പാട് 11ഓടെ തന്നെ നടന്നു. പാറമേക്കാവിൽ പുതിയ സ്വർണക്കൊടിമരം സ്ഥാപിച്ച ശേഷമുള്ള തൃശൂർ പൂരമാണ് നടക്കുന്നത്. സ്വർണക്കൊടിമരമുണ്ടെങ്കിലും തൃശൂർ പൂരത്തിന് പാരമ്പര്യ ചടങ്ങുകളാണെന്നതിനാൽ ആശാരി ഭൂമി പൂജയും കൊടി നാട്ടലും നിർവഹിച്ച് തട്ടകക്കാർ കൊടിമരമുയർത്തുന്നതുമാണ് ചടങ്ങ്. കവുങ്ങിൽ തയാറാക്കിയ കൊടിമരത്തിലാണ് കൊടിയേറ്റ് നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.