ചാലക്കുടി: നാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. ചെമ്പുച്ചിറ നന്ദിപുലം എൻ.യു. ബൈജുവിനെയാണ് (46) ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. 2020 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി ആദ്യം സംഭവം ആരോടും പറഞ്ഞില്ല. പിന്നീട് ശാരീരിക ബുദ്ധിമുട്ടുകൾ പറഞ്ഞതിനെ തുടർന്ന് കുട്ടിയെ ചോദ്യംചെയ്തപ്പോഴാണ് ലൈംഗികാതിക്രമം വെളിവായത്. അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ല നിയമ സഹായ അതോറിറ്റിക്ക് കോടതി നിർദേശം നൽകി.
വെള്ളികുളങ്ങര മുൻ സർക്കിൾ ഇൻസ്പെക്ടർ കെ.പി. മിഥുനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ബാബുരാജ് ഹാജറായി. പ്രോസിക്യൂഷൻ നടപടികൾ എസ്.സി.പി.ഒ എ.എച്ച്. സുനിത ഏകോപിപ്പിച്ചു.
കുന്നംകുളം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 11 വർഷം തടവും 40,000 രൂപ പിഴയും. മണത്തല പള്ളിത്താഴം മേനോത്ത് വീട്ടിൽ ഷാനവാസിനെയാണ് (ചാണ്ടു -35) കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്. ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജി എസ്. ലതയാണ് ശിക്ഷ വിധിച്ചത്. 2021 ആഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം. വിവാഹിതനും കുട്ടികളുടെ പിതാവുമാണ് പ്രതി.
ചാവക്കാട് സബ് ഇൻസ്പെക്ടറായിരുന്ന എ.എം. യാസിറാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടറായിരുന്ന എസ്. സിനോജ് ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ.എസ്. ബിനോയി ഹാജരായി.
തിരുവില്വാമല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവ്. കുണ്ടുകാട് കോളനി കൂവവീട്ടിൽ സിദ്ദീക്കിനെയാണ് (49) വടക്കാഞ്ചേരി സെഷൻസ് കോടതി ജഡ്ജി ശിക്ഷിച്ചത്.
2022ൽ എസ്.ഐ ആയിരുന്ന ഫക്രുദ്ദീൻ രജിസ്റ്റർ ചെയ്ത കേസിൽ എ.സി.പി ടി.എസ്. സിനോജാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സീനത്ത് ഹാജരായി. സി.പി.ഒമാരായ അനൂപ്, അഷറഫ് എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. അന്വേഷണ സംഘത്തിൽ എസ്.ഐ ആനന്ദൻ, എസ്.സി.പി.ഒമാരായ പ്രവീൺ, രഘു, നളിനി എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.