കേരളത്തിൽ സി. അച്യുത മേനോൻ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ആവിഷ്കരിച്ച പാർപ്പിട പദ്ധതിയാണ് ലക്ഷംവീട്. കേരളത്തിലങ്ങോളമിങ്ങോളം വീടില്ലാത്ത നിർധനർക്കായി ഒരു ലക്ഷം വീടുകൾ നിർമിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 1972ൽ അന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗമായിരുന്ന എം.എൻ. ഗോവിന്ദൻ നായരാണ് പദ്ധതി കൊണ്ടുവന്നത്. പദ്ധതിയുടെ ഭാഗമായി നിരവധി വീടുകൾ കേരളത്തിൽ നിർമിക്കപ്പെട്ടിട്ടുണ്ട്. അവയാണ് ലക്ഷംവീട് കോളനികൾ. ഇപ്പോൾ ലക്ഷംവീട് കോളനികൾക്ക് 50 വയസ്സ് തികഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജില്ലയിലെ വിവിധ ലക്ഷംവീട് കോളനികളിലേക്ക് 'മാധ്യമം' ലേഖകർ നടത്തിയ യാത്ര...
തുടക്കം
1971ല്‍ ഡല്‍ഹിയില്‍ നടന്ന സംസ്ഥാനങ്ങളിലെ ഭവനനിര്‍മാണ മന്ത്രിമാരുടെ യോഗത്തിൽ വീടില്ലാത്ത കര്‍ഷകത്തൊഴിലാളികള്‍ക്ക് വീട് നിര്‍മിക്കുന്നതിന് രണ്ട് സെന്റ് ഭൂമി സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ഭവനനിര്‍മാണ മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍, ജനങ്ങള്‍ക്ക് പ്രയോജനപ്പെടണമെങ്കില്‍ നാല് സെന്റ് ഭൂമിയെങ്കിലും വേണമെന്ന എം.എന്‍. ഗോവിന്ദൻ നായരുടെ നിര്‍ദേശം അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നാല് സെന്റ് ഭൂമി വാങ്ങാനുള്ള പണം നല്‍കാമെന്ന് സമ്മതിച്ചു. അതിനെത്തുടര്‍ന്നാണ് ലക്ഷംവീട് പദ്ധതി വിഭാവനം ചെയ്യപ്പെട്ടത്. 1972 ഏപ്രിലില്‍ പദ്ധതിക്ക് അനുമതി ലഭിച്ചു. ഇച്ഛാശക്തിയോടെയും ജനകീയ പങ്കാളിത്തത്തോടെയും പൂര്‍ത്തിയാക്കിയ ലക്ഷംവീട് പദ്ധതി 1973 ജനുവരിയില്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഉദ്ഘാടനം ചെയ്തു.
250 ചതുരശ്രയടി വലുപ്പമുള്ള ഒരു വീടിന് 1250 മുതല്‍ 1500 രൂപവരെ ആയിരുന്നു ചെലവ്. രണ്ടു മുറിയും അടുക്കളയും കക്കൂസുമുള്ള വീടുകള്‍ സൗജന്യമായാണ് സര്‍ക്കാര്‍ നല്‍കിയത്. വീട് ലഭിക്കുന്ന ഓരോ കുടുംബത്തില്‍നിന്ന് 110 രൂപ സര്‍ക്കാര്‍ വാങ്ങിയിരുന്നു.
ബാക്കിപത്രം
50 വര്‍ഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍, ഒട്ടേറെ പേരുകളില്‍ പല ഭവനപദ്ധതികളും സംസ്ഥാനത്തുണ്ട്. ഭൂരഹിതര്‍ക്കുള്ള വീട് നിര്‍മാണത്തിനായി ധാരാളം ഏജന്‍സികളും വായ്പ സംവിധാനങ്ങളുമുണ്ട്. ലക്ഷംവീട് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി അടുത്തകാലത്തായി ഒട്ടേറെ ലക്ഷംവീടുകള്‍ കാലാനുസൃതമായി പുതുക്കിപ്പണിതു. പലതും വാടകവീടുകളായി മാറി. ലക്ഷംവീട് കിട്ടിയവരില്‍ ഇപ്പോഴും ദുരിതാവസ്ഥയില്‍ തുടരുന്നവർ ലൈഫ് പദ്ധതിയിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. ലക്ഷംവീട് സന്തതിപരമ്പരകള്‍ക്ക് കൈമാറുകയാണ് ആളുകള്‍ ചെയ്യുന്നത്. ഇതിനു തടസ്സമില്ല. എന്നാല്‍, വീട് ലഭിച്ച ഒരാള്‍ക്ക് അതാവശ്യമില്ലാതെവന്നാല് അത് തിരിച്ച് തദ്ദേശ ഭരണ വകുപ്പിന് കൈമാറണമെന്നാണ് നിയമം. എന്നാല്‍, ഇതിനു തയാറാകാതെ ആളുകള്‍ വില്‍ക്കുന്നുണ്ടെന്നത് സത്യമാണെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പറയുന്നു. ലക്ഷംവീടുകളുടെ പുനരുദ്ധാരണം ഇപ്പോഴും ഭവനനിര്‍മാണ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. ഇരട്ടവീടുകള്‍ ഒറ്റ വീടുകളാക്കുന്ന പ്രക്രിയയാണിത്. ഇ.എം.എസ് ഭവനപദ്ധതി പ്രഖ്യാപിച്ച സമയത്ത് ലക്ഷംവീട് പുനരുദ്ധാരണവും ഉണ്ടായിരുന്നു. അതിനു തുടര്‍ച്ചയായ നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.