മണ്ണുത്തി: മാടക്കത്തറ പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കലക്ടറുടെ ഉത്തരവനുസരിച്ച് 310 പന്നികളെ കൊന്ന് സംസ്കരിച്ചു. കട്ടിളപുവ്വം വെളിയത്ത് ബാബുവിന്റെ ഫാമിലെ പന്നികളെയാണ് മൃഗഡോക്ടർന്മാർ ഉൾപ്പെടെയുള്ള സംഘം എത്തി ഷോക്കടിപ്പിച്ച് കൊന്നത്. കട്ടിലപുവ്വം മൃഗാശുപത്രിയിൽ എത്തിയ ആർ.ആർ.ടി സംഘം രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഫാമിലെത്തുകയും എട്ടരക്ക് കള്ളിങ് ആരംഭിക്കുകയും ചെയ്തു.
തുടർന്ന് ഇവയുടെ ശരീരത്തിലുള്ള പന്നിപ്പനി അണുക്കളെ പ്രത്യേക ലായനി തയാറാക്കി അത് ഉപയോഗിച്ച് അണുവിമുക്തമാക്കിയതിനുശേഷമാണ് വലിയ കുഴിയിൽ സംസ്കരിച്ചത്. 25 പേരടങ്ങുന്ന സംഘമാണ് ഒരു ടീമിലുള്ളത്. ജില്ല കോഓഡിനേറ്റർ ബിജി കോഓഡിനേറ്റർ ജിതേന്ദ്രകുമാർ, ഡോ. എ.വി. ഷിബു, ഡോ. പി.എം. മഞ്ജു, ഡോ. അമൽ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ, വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര പഞ്ചായത്ത് അംഗം ഇ.വി. പുഷ്പൻ എന്നിവരും മണ്ണുത്തി പൊലീസും സന്നിഹിതരായിരുന്നു.
ഒരു കിലോ മീറ്റർ ദൂരത്തിൽ മറ്റു പന്നിഫാമുകൾ ഇല്ല എന്നത് വലിയ ആശ്വാസമാണ്. എന്നാൽ, പത്തു കിലോമീറ്റർ വിസ്തൃതിയിലുള്ള പഞ്ചായത്തുകളിലെ നിരീക്ഷണം കർശനമാക്കും. കർശനമാക്കാനും പനി പടരാതിരിക്കാൻ വേണ്ട മുൻ കരുതലുകൾ എടുക്കാനും പഞ്ചായത്ത് മുൻസിപ്പാലിറ്റി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.