ആമ്പല്ലൂര്‍: അളഗപ്പ മില്‍ അടഞ്ഞുതന്നെ. വരുമാനം നഷ്ടപ്പെട്ട് നൂറുകണക്കിന് തൊഴിലാളികള്‍. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 24നാണ് മില്‍ അടച്ചു പൂട്ടിയത്. പിന്നീട് തുറന്നില്ല. ഏക വരുമാനം നഷ്ടമായതോടെ അര്‍ധ പട്ടിണിയിലാണ് തൊഴിലാളികള്‍.
അളഗപ്പനഗര്‍ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും താമസക്കാരാണ് ഇവര്‍. രണ്ടര വര്‍ഷമായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപ്പെടുന്ന തൊഴിലാളികളുടെ ദുരവസ്ഥയോട് പുറം തിരിഞ്ഞുനില്‍ക്കുകയാണ് മാനേജ്മെന്റ്.
കേന്ദ്ര സര്‍ക്കാറിന് കീഴിലെ നാഷനല്‍ ടെക്സ്റ്റൈല്‍സ് കോര്‍പറേഷന്റെ അധീനതയിലുള്ള മില്ലില്‍ 487 തൊഴിലാളികളുണ്ട്. 262 പേര്‍ സ്ഥിരം തൊഴിലാളികളാണ്. ഇവരില്‍ 191 പേരും സ്ത്രീകളാണ്. 225 താല്‍ക്കാലിക തൊഴിലാളികളില്‍ 173 സ്ത്രീകളുണ്ട്.
പഞ്ഞി നൂല്‍ അക്കി മാറ്റുന്ന പ്രവര്‍ത്തനമാണ് മില്ലില്‍ നടക്കുന്നത്. എട്ടുമണിക്കൂര്‍ വീതം മൂന്ന് ഷിഫ്റ്റുകളിലായിരുന്നു ജോലി. വളരെ കുറഞ്ഞ വരുമാനത്തില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍ക്ക് മില്‍ അടച്ചതോടെ ഇരട്ടി പ്രഹരമായി. സ്ഥിരം തൊഴിലാളികള്‍ക്കുമാത്രമാണ് മില്‍ അടച്ചതിനുശേഷം അമ്പതുശതമാനത്തില്‍ താഴെ വേതനം നല്‍കുന്നത്.
പലപ്പോഴും അതും മുടങ്ങിയതായി തൊഴിലാളികള്‍ പറയുന്നു. മക്കളുടെ വിദ്യാഭ്യാസത്തിനും വീട് നിർമിക്കുന്നതിനുമായി മിക്ക തൊഴിലാളികളും ബാങ്കില്‍ നിന്ന് വായ്പയെടുത്തവരാണ്. കുടുംബ ചെലവുകളും വായ്പ തിരിച്ചടവും ഇവര്‍ക്കുമുന്നില്‍ ചോദ്യചിഹ്നമായി മാറുകയാണ്.
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കമ്പനി തുറക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ് എന്നീ ട്രേഡ് യൂനിയനുകളുടെ സംയുക്ത സമര സമിതി നേതൃത്വത്തില്‍ കമ്പനി പടിക്കല്‍ ഉപവാസ സമരം നടത്തിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കുകയും വ്യവസായ നടത്തിപ്പില്‍നിന്ന് പിന്മാറുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മില്‍ ഏറ്റെടുക്കണമെന്ന് തൊഴിലാളികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.