തൃശൂർ: കോർപറേഷനിലേക്ക് കേന്ദ്ര ഏജൻസികളുടെ അന്വേഷണമെത്തിയേക്കും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോർപറേഷന് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയിൽ 20 കോടിയുടെ ക്രമക്കേട് നടന്നുവെന്ന മുൻ സെക്രട്ടറിയുടെ വെളിപ്പെടുത്തലാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് പരാതിയായിരിക്കുന്നത്.
തൃശൂരിലെ പൊതുപ്രവർത്തകനാണ് സി.ബി.ഐക്ക് ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. കോർപറേഷൻ സെക്രട്ടറിയായിരുന്ന ആർ. രാഹേഷ് കുമാർ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് നൽകിയ കത്താണ് പരാതിക്കൊപ്പം തെളിവായി നൽകിയിരിക്കുന്നത്.
അമൃത് പദ്ധതിയുടെ ഭാഗമായി 800 എം.എം പൈപ്പ് സ്ഥാപിച്ച് പീച്ചിയിൽനിന്ന് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയിൽ 20 കോടിയുടെ ക്രമക്കേടുണ്ടായെന്നാണ് മുൻ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ മാര്‍ച്ചിലാണ് പദ്ധിക്കായി ഇ-ടെൻഡര്‍ ക്ഷണിച്ചത്.
ഒരു കമ്പനിയൊഴികെ മറ്റൊന്നും യോഗ്യമല്ലെന്ന് കണ്ട് ചീഫ് എൻജിനീയര്‍ തള്ളിയെങ്കിലും എല്ലാ കമ്പനികള്‍ക്കും യോഗ്യതയുണ്ടെന്നാണ് സൂപ്രണ്ടിങ് എൻജിനീയര്‍ രേഖാമൂലം എഴുതിയത്. പിന്നാലെ മേയറില്‍നിന്ന് അനുമതി തേടി ഫിനാഷ്യല്‍ ബിഡ് ഉറപ്പിക്കുകയായിരുന്നുവെന്നും ഇത് നിയമ ലംഘനമാണെന്നും രാഹേഷ് കുമാർ കത്തിൽ വ്യക്തമാക്കുന്നു.
അനുമതി നല്കിയ കാര്യം മേയര്‍ കൗണ്‍സിലിനെ അറിയിച്ചില്ല. ലോവസ്റ്റ് മാര്‍ക്കറ്റ് ടെൻഡര്‍ കണക്കാക്കാത്തതില്‍ മാത്രം അഞ്ചരക്കോടിയുടെ നഷ്ടമുണ്ടായതായും പറയുന്നു.
അംഗീകാരമില്ലാത്ത 20 കോടിയിലേറെ രൂപയുടെ ബില്ല് ഉണ്ടാക്കിയെടുത്തെന്നും സെക്രട്ടറി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിക്കായി എത്തിയെന്ന് ഫയലിൽ രേഖപ്പെടുത്തിയ പൈപ്പുകള്‍ വന്നിട്ടില്ല. കോർപറേഷന് എൻജിനീയര്‍, അമൃത് പദ്ധതി നടത്തിപ്പുകാർ എന്നിവര്‍ ചേര്‍ന്ന് കോർപറേഷന് സെക്രട്ടറിയുടെ ലോഗിനും പാസ്വേഡും ദുരുപയോഗം ചെയ്തെന്നും പരാതിയിലുണ്ട്.
ടെൻഡർ നടപടികളിൽ മേയർ ഇടപെട്ടുവെന്നും ക്രമരഹിതമായ ബില്ലുകൾ പാസാക്കാനാകില്ലെന്ന് നിലപാടെടുത്ത തന്നെ കൊല്ലുമെന്നും സ്ഥലം മാറ്റുമെന്നും ഭീഷണിപ്പെടുത്തിയതായും രാഹേഷ് കുമാർ കത്തിൽ ആരോപിക്കുന്നു. ഒക്ടോബർ 27നാണ് രാഹേഷ് കുമാർ തദ്ദേശഭരണ സെക്രട്ടറിക്ക് കത്തയച്ചത്. അതിന് തൊട്ടുമുമ്പായിരുന്നു ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്.
അതേസമയം, സെക്രട്ടറി അറിയാതെ ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ലെന്നും രാഹേഷ് കുമാര്‍ ചെയ്ത കുറ്റം മറക്കാന്‍ എഴുതി തയാറാക്കിയതാണ് ആരോപണങ്ങളെന്നുമായിരുന്നു മേയറുടെ പ്രതികരണം. വാട്ടര്‍ അതോറിറ്റിക്ക് ചെയ്യാന്‍ സാധിക്കാത്തത് മൂലമാണ് കോർപറേഷന് പദ്ധതി ഏറ്റെടുത്തത്.
സെക്രട്ടറിയുടെ ആരോപണത്തില്‍ ഏത് അന്വേഷണത്തിനും തയാറാണെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു. ആരോപണമുയർന്നതിന് പിന്നാലെ കോൺഗ്രസ്, ബി.ജെ.പി കക്ഷികൾ പ്രതിഷേധവുമായെത്തിയെങ്കിലും തുടർച്ചയില്ലാതെ നിലച്ചു. ഈ സാഹചര്യത്തിൽ കൂടിയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.