തൃശൂർ: ജനവാസ മേഖലയിൽ രാപ്പകൽ ഭേദമില്ലാതെ അഴിഞ്ഞാടുന്ന സാമൂഹിക വിരുദ്ധർ പ്രദേശവാസികൾക്ക് ദുരിതം തീർക്കുന്നു. നിരവധി തവണ കോർപറേഷനും പൊലീസിനും പരാതി നൽകിയിട്ടും ഇതുവരെയും നടപടിയില്ലാതെ പൊറുതിമുട്ടിയ നിലയിലാണ് നാട്ടുകാർ.
കൂർക്കഞ്ചേരിയിൽ ക്ഷേത്രത്തിന് സമീപം വനിത ഹോസ്റ്റലെന്ന നിലയിൽ കെട്ടിടം വാടകക്കെടുത്ത് പ്രവർത്തിപ്പിച്ചാണ് സാമൂഹിക വിരുദ്ധരുടെ പ്രവർത്തനം. രാപ്പകൽ ഭേദമില്ലാതെ വാഹനങ്ങളിൽ സ്ത്രീകളടക്കമുള്ളവരെ എത്തിച്ചും ബഹളമുണ്ടാക്കിയും സമീപവാസികളെ ഭീഷണിപ്പെടുത്തിയും അശ്ലീലത പ്രദർശിപ്പിച്ചും അസഭ്യം പറഞ്ഞും കുട്ടികളടക്കമുള്ള സമീപവാസികളെ ദുരിതത്തിലാക്കുകയാണെന്നാണ് പരാതി.
ഹോസ്റ്റലായി പ്രവർത്തിപ്പിക്കാൻ മതിയായ ലൈസൻസ് കോർപറേഷനിൽനിന്ന് ലഭിച്ചിട്ടില്ല. ഹോസ്റ്റൽ പ്രവർത്തനത്തിന് സൗകര്യങ്ങളുമില്ല. എന്നാൽ, പെൺകുട്ടികളെ ഇവിടെ താമസിപ്പിക്കുന്നുണ്ട്. സമീപത്തുള്ളവർക്ക് അകത്തുള്ള കാര്യങ്ങളിൽ ശ്രദ്ധ കിട്ടാതിരിക്കാൻ ചുറ്റുമതിൽ കൂടുതൽ ഉയർത്തിക്കെട്ടി.
രാത്രികാലങ്ങളിലടക്കം വാഹനങ്ങളുടെ വരവ് പോക്കിൽ സഹികെട്ട് നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തതോടെ ഭീഷണിയുമായത്രെ. ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്ന പരാതി പരിഹരിക്കാനും കെട്ടിടം വാടകക്കെടുത്തിട്ടുള്ളത് എന്തിനാണെന്ന കാര്യം ഉടൻ അറിയിക്കാനും ആവശ്യപ്പെട്ട് കോർപറേഷൻ നോട്ടീസ് നൽകിയെങ്കിലും ഇതുവരെയും മറുപടി നൽകിയിട്ടില്ല. ഡിവിഷൻ കൗൺസിലറും പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം. പൊലീസിന് നൽകിയ പരാതിയിൽ പ്രദേശം വന്ന് നോക്കിയതൊഴിച്ചാൽ നടപടിയൊന്നുമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.